മാരുതിയുടെ ഇവിക്ക് വില അല്‍പ്പം കൂടിയേക്കാം, സംഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് ആര്‍ സി ഭാര്‍ഗവ

കംപ്രെസ് ചെയ്ത ബയോമീഥെയ്ന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ മാരുതി പുറത്തിറക്കും

Update: 2022-08-31 11:30 GMT

Pic Courtesy : Maruti / Website

മാരുതി സുസുക്കിയില്‍ (Maruti Suzuki) സംഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ (RC Bhargava). കമ്പനിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃസ്ഥാപനമായ സുസുക്കി കോര്‍പറേഷനിലേക്കുള്ള മാരുതി സുസുക്കിയുടെ സംഭാവന ഉയരുന്ന സാഹചര്യത്തിലാണ് മാറ്റങ്ങളെ പറ്റിയുള്ള സൂചന ചെയര്‍മാന്‍ നല്‍കിയത്.

കംപ്രെസ് ചെയ്ത ബയോമീഥെയ്ന്‍ (Compressed Biomethane) ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കുന്നതിനുള്ള പദ്ധതി മാരുതി ആസൂത്രണം ചെയ്യുമെന്നും ആര്‍സി ഭാര്‍ഗവ അറിയിച്ചു. കമ്പനിയുടെ നാല്‍പ്പതാമത് വാര്‍ഷിക ആഘോഷത്തിനിടെ, കംപ്രെസ്ഡ് ബയോമീഥെയ്ന്‍ ഗ്യാസ് ഇന്ധനമായി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച, ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി ദേശീയ ക്ഷീരവികസന ബോര്‍ഡുമായി മാരുതി ധാരണാ പത്രം ഒപ്പുവെച്ചിരുന്നു.

2024-25 കാലയളവില്‍ മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനം (EV) പുറത്തിറങ്ങും. വിപണിയിലെ ഉയര്‍ന്ന സെഗ്മെന്റിലായിരിക്കും ഇവി അവതരിപ്പിക്കുകയെന്നും ആര്‍സി ഭാര്‍ഗവ വ്യക്തമാക്കി. കുറഞ്ഞ വിലയില്‍ വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളാണ് ഇവി വിഭാഗത്തില്‍ നിന്ന് മാരുതിയെ അകറ്റി നിര്‍ത്തുന്നതെന്ന വിലയിരുത്തലുകള്‍ മേഖലയിലുള്ളവര്‍ നടത്തിയിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സുസുക്കി ഗ്രൂപ്പ് നിര്‍മിച്ച 28 ലക്ഷം വാഹനങ്ങളാണ് നിര്‍മിച്ചത്. അതില്‍ 16 ലക്ഷത്തോളം വാഹനങ്ങളും (60 ശതമാനം) നിര്‍മിച്ചത് ഇന്ത്യയിലാണ്. സുസുക്കി ഗ്രൂപ്പില്‍ മാരുതി സുസുക്കിക്കുള്ള ഉയരുന്ന പ്രാധാന്യത്തിന്റെ സൂചനായാണ് പുതുതായി ആരംഭിക്കുന്ന റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററെന്നും ആര്‍സി ഭാര്‍ഗവ ചൂണ്ടിക്കാട്ടി. നടപ്പ് സാമ്പത്തിക വര്‍ഷം 2 ദശലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാനാണ് മാരുതിയുടെ പദ്ധതി. ഏതാനും വര്‍ഷത്തിനുള്ളില്‍ അത് 3 ദശലക്ഷമായി ഉയര്‍ത്തുകയാണ് ലക്ഷ്യം.

Tags:    

Similar News