'പൊളിക്കല്‍ ഭീതി 'പടരുന്നു; നിക്ഷേപക, നിര്‍മ്മാണ മേഖലകളില്‍ ആശങ്ക

Update: 2019-09-26 12:48 GMT

സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മരടിലെ നാല് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കിയതിനു പിന്നാലെ തീര മേഖലയിലെ 1800-ഓളം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ട ഗുരുതര സാഹചര്യവുമുണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ ഏറ്റുപറയുമ്പോള്‍ കെട്ടിട ഉടമകളും നിര്‍മ്മാണ മേഖലയും പരിഭ്രാന്തിയില്‍. കേരളം പണിപ്പെട്ടു വീണ്ടെടുത്ത നിക്ഷേപ സൗഹൃദ സംസ്ഥാന ബഹുമതിയും ഇതോടൊപ്പം തരിപ്പണമാകുമെന്ന ആശങ്ക സാമ്പത്തിക മേഖല പങ്കു വയ്ക്കുന്നു.

കുറേക്കാലമായി തളര്‍ച്ചയെ നേരിട്ടുവരുന്ന റിയല്‍ എസ്‌റ്റേറ്റ്, നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി ഗുരുതരമാകുകയാണിതോടെ. ഈ മേഖലയിലെ തൊഴില്‍ നഷ്ടവും കൂടും. വിദേശമലയാളികള്‍ക്ക് ഇനി നാട്ടില്‍ നിക്ഷേപം നടത്തുന്ന കാര്യത്തിലുള്ള വിമുഖത ഏറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ ഫ്‌ളാറ്റുകളുടെയും വില്ലകളുടെയും ബുക്കിംഗ് കുറഞ്ഞുവന്ന പ്രവണത ഇനിയും തീവ്രമാകുമെന്ന് ബില്‍ഡര്‍മാര്‍ പറയുന്നു. തുടങ്ങാന്‍ തയ്യാറെടുക്കുന്ന പദ്ധതികള്‍ അനിശ്ചിതത്വത്തിലാകുമെന്നതാണവസ്ഥ. 

അനധികൃത നിര്‍മാണത്തെക്കുറിച്ച് സുപ്രീം കോടതി റിപ്പോര്‍ട്ടു തേടിയ സാഹചര്യത്തില്‍ പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ തദ്ദേശ സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയത് അതീവ ഗൗരവത്തോടെയാണ് ബില്‍ഡര്‍മാര്‍ കാണുന്നത്. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി പുതുതായി രൂപവത്കരിച്ച ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ പിന്തുണയോടെ അടുത്ത മാസം നാലിന് ദുബായില്‍ നിക്ഷേപകസംഗമം സംഘടിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കവേയാണ് ഈ സംഭവ വികാസങ്ങളുടെ അരങ്ങേറ്റം.

നിക്ഷേപകരെ വല്ലാതെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുണ്ടായിരിക്കുന്നതെന്ന് കെട്ടിട നിര്‍മ്മാതാക്കളുടെയും ഡെവലപ്പര്‍മാരുടെയും സംഘടനയായ ക്രെഡായ് കൊച്ചി ചാപ്റ്റര്‍ വിലയിരുത്തി. മരട് വിഷയത്തിലെ സുപ്രീം കോടതിയുത്തരവ് എല്ലാ അനധികൃത ഫ്‌ളാറ്റുകള്‍ക്കും ബാധകമാണെന്ന മന്ത്രി സഭായോഗത്തിന്റെ നിലപാട് വിദൂര പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. പലയിടത്തും അനധികൃത നിര്‍മാണങ്ങള്‍ അംഗീകരിച്ചുകൊടുത്തിട്ടുണ്ട്. അത്തരം കെട്ടിടങ്ങളെല്ലാം പൊളിക്കേണ്ടിവരുമെന്നു പറയുന്നതിന്റെ പ്രത്യാഘാതം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ടോ? ബില്‍ഡര്‍മാര്‍ ചോദിക്കുന്നു.

കൊച്ചിയില്‍ മാത്രം 492 പ്രോജക്ടുകളിലായി 47858 അപ്പാര്‍ട്ട്‌മെന്റുകളുള്ളതായാണ് കഴിഞ്ഞ വര്‍ഷത്തെ കണക്ക്. ഇതില്‍ പലതും നിയമലംഘന പ്രശ്‌നമുള്ളതാണെന്ന അഭ്യൂഹം ഉയര്‍ന്നു തുടങ്ങിക്കഴിഞ്ഞു.തീര മേഖലയിലെ പല കെട്ടിടങ്ങളും പൊളിക്കേണ്ടിവരുമെന്നു സര്‍ക്കാര്‍ പറയുമ്പോള്‍, ഇതിനകം പ്രഖ്യാപിച്ച് നിര്‍മ്മാണം പല ഘട്ടങ്ങളായവയുടെ കാര്യത്തില്‍ കൂടുതല്‍ ഗുരുതരമായേക്കാം പ്രശ്‌നങ്ങളെന്ന് അബാദ് ബല്‍ഡേഴ്‌സ് എം.ഡി നജീബ് സക്കറിയ ചൂണ്ടിക്കാട്ടി.

മരടിലെ പൊളിക്കല്‍ നീതിയാണോ, തെറ്റുണ്ടെങ്കില്‍ പിഴയടപ്പിച്ചാല്‍ പോരേ, ഉദ്യോഗസ്ഥരെയും നിര്‍മാതാക്കളെയും ശിക്ഷിക്കാത്തതെന്ത് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണുയരുന്നത്.കൊച്ചി ചെലവന്നൂര്‍ കായലിന്റെ തീരത്തുള്ള ഡി.എല്‍.എഫ് ഫ്ളാറ്റ് സമുച്ചയത്തിന്റെ ചട്ടലംഘനക്കേസ് പിഴയടപ്പിച്ച് തീര്‍പ്പാക്കിയത് മരടിന്റെ കാര്യത്തില്‍ എന്തുകൊണ്ട് സ്വീകാര്യമായില്ലെന്ന് നജീബ് സക്കറിയ ചോദിക്കുന്നു. ഈ സംഭവ പരമ്പരയ്ക്കു പിന്നിലെ ഗൂഢാലോചനയില്‍ വന്‍തോക്കുകള്‍ പങ്കാളികളായിട്ടുണ്ടെന്ന് അദ്ദേഹം കരുതുന്നു.എന്തിനും ഏതിനും ആഘാതപഠനം നടത്തുന്ന വ്യവസ്ഥിതി വന്നിട്ടും മരടിലെ ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ അതുണ്ടാകുന്നില്ല. ഇവ നിലനിന്നാലുണ്ടാകാവുന്ന പരിസ്ഥിതി വിപത്താണോ അതോ അവ ധൂളിയാകുന്നതിലൂടെ വരാനിടയുള്ള കഷ്ട നഷ്ടങ്ങളാണോ ഏറെ ഹാനികരമെന്ന ചോദ്യത്തിനും മറുപടിയില്ല.  നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെയാണെങ്കിലും  ഇത്ര വലിയ കെട്ടിടങ്ങള്‍ തകര്‍ക്കുമ്പോള്‍ 5 കിലോ മീറ്റര്‍ ചുറ്റളവിനുള്ളില്‍ ജീവജാലങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടാകാമെന്ന മുന്നറിയിപ്പും അവഗണിക്കപ്പെടുന്നു.  

തീരപരിപാലന നിയമം ലംഘിച്ച് മരടിലെ ഫ്‌ളാറ്റ് നിര്‍മിച്ചവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കുമെന്നും ഇവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും പ്രഖ്യാപിച്ച സര്‍ക്കാര്‍ എന്തുകൊണ്ടാണ് അതിനു പിന്നിലെ കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതെന്ന് എസി സിറ്റി സ്ഥാപകനും പ്രമുഖ ബില്‍ഡറുമായ എ.സി.ജോസഫ് ചോദിക്കുന്നു.'ഇക്കോ ടെററിസ'ത്തിന്റെ ഭാഗമായി നിര്‍മ്മാണ മേഖലയ്‌ക്കെതിരായ ' സാഡിസ്റ്റ ്' ചിന്താഗതി ഊതിപ്പെരുപ്പിക്കുന്നതിനുവേണ്ടി സാമൂഹിക മാധ്യമങ്ങളുടെ കൂട്ടുപിടിച്ചു നടക്കുന്ന യത്‌നം സംശയമുണര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബില്‍ഡറെ വിശ്വാസത്തിലെടുത്ത് കെട്ടിടം വാങ്ങുന്നവരെ അതില്‍ നിന്നു വിലക്കുന്ന ദുഃസ്ഥിതിയിലേക്കു വന്നിരിക്കുന്നു കാര്യങ്ങള്‍. 

നിര്‍മാണാനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി തുടരാനുള്ള തീരുമാനത്തില്‍ ആത്മാര്‍ത്ഥതയില്ല.അതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് ഉദ്യോഗസ്ഥരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കി നല്‍കണം. സര്‍ക്കാര്‍ പ്രത്യേക നഷ്ടപരിഹാരം നല്‍കില്ലെന്ന നിലപാട് ന്യായമല്ല-ജോസഫ് പറഞ്ഞു.

അനാവശ്യമായ പൊളിച്ചുനീക്കലിലാണ് നിര്‍ഭാഗ്യവശാല്‍ കേരളം ആഹ്ലാദിക്കുന്നതെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.സി. സിറിയക് അഭിപ്രായപ്പെട്ടു. കാണുന്നതെല്ലാം ഇടിക്കുക, തകര്‍ക്കുക, ഇടിച്ചുപൊളിക്കുക! പൊളിക്കല്‍ മാത്രമേ നമുക്കറിയൂ, നിര്‍മ്മാണമില്ല! ആദ്യം മരടിലെ ഫ്‌ളാറ്റുകള്‍. ന്യായമായ കാരണങ്ങളില്ലാതെ പാലാരിവട്ടം പാലവും  പൊളിക്കുകയാണ്,സ്ട്രക്ചറല്‍ എഞ്ചിനീയര്‍മാരുടെ വിദഗ്ധാഭിപ്രായം മാനിക്കാതെ- അദ്ദേഹം ചൂണ്ടിക്കാട്ടി.

മരട് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ക്രെഡായ് കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് രവി ജേക്കബ് ആവശ്യപ്പെട്ടു.'കോടതിയില്‍ ഒരു യഥാര്‍ത്ഥ ചിത്രം അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പുതിയ കോസ്റ്റല്‍ സോണ്‍ മാനേജുമെന്റ് പ്ലാന്‍ അനുസരിച്ച് മരട് മുനിസിപ്പാലിറ്റി ഇപ്പോള്‍ സി.ആര്‍.ഇസഡ് -2 പരിധിയിലേ വരൂ, സി.ആര്‍.ഇസഡ് -3  വിഭാഗത്തില്‍പ്പെടുന്നില്ല. ഈ നിര്‍മാണങ്ങള്‍ നിയമപരമായ പരിശോധനയ്ക്ക് വിധേയമാണ്. നിര്‍ഭാഗ്യവശാല്‍, പണ്ടുണ്ടായ  ഒരു കുറ്റത്തിന് നിര്‍മ്മാതാക്കളും ഫ്‌ളാറ്റ് ഉടമകളും ശിക്ഷിക്കപ്പെടുന്നു.'നിലവിലെ സാഹചര്യം കേരളത്തിലെ നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്നൂറ്റിയന്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്ന, ശരാശരി 50 മീറ്ററോളം ഉയരമുള്ള നാല് കെട്ടിടസമുച്ചയങ്ങളും ഒരുമാസത്തിനകം പൊളിച്ചുനീക്കാനാകുമെന്ന നീതിപീഠത്തിന്റെ ചിന്ത പ്രായോഗികമല്ലെന്ന് വിദഗ്ധര്‍ കരുതുന്നു. താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിയമാനുസൃതം അനുവദിക്കേണ്ട സമയപരിധി, ഇത്രയും വലിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ആവശ്യമായ സമയം, അതിന്റെ പരിസ്ഥിതി ആഘാതം ഇത്തരം അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് സര്‍ക്കാരും കോടതിയെ ബോധ്യപ്പെടുത്തിയില്ല.

2018 ഫെബ്രുവരിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശപ്രകാരം മരടിലെ നിര്‍മാണചട്ടലംഘനങ്ങളെക്കുറിച്ച് വിശദമായ പരിശോധന നടന്നുവരുന്നുണ്ട്. 2011ലെ വിജ്ഞാപനം അടിസ്ഥാനമാക്കി  2013 മുതലുള്ള തീരദേശപരിപാലന ചട്ടലംഘനങ്ങളും  പരിശോധിക്കുന്നുണ്ട്. കേരള തീരദേശപരിപാലന അതോറിറ്റി നിശ്ചയിച്ച  സമിതിയാണ് പരിശോധന നടത്തുന്നത്. ഇതുവരെ  എണ്ണൂറോളം ഫയലുകള്‍ പരിശോധനയ്ക്ക് ലഭിച്ചു.  നിരവധി ചട്ടലംഘനങ്ങള്‍ കണ്ടെത്തിയെന്നാണ് സൂചന. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറെയും.ഒക്ടോബര്‍ അവസാനത്തോടെ പരിശോധന പൂര്‍ത്തിയാകുമത്രേ. സംസ്ഥാനത്താകെ സ്വകാര്യ കമ്പനികളുടേതായി ഫ്‌ളാറ്റുകള്‍, ഹോട്ടലുകള്‍, വ്യാപാര സമുച്ചയങ്ങള്‍ എന്നിവയില്‍  ആകെ  66  തീരദേശപരിപാലന ചട്ടലംഘനങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേന്ദ്ര പരിസ്ഥിതിവകുപ്പിന് കേരള തീരദേശ പരിപാലന അതോറിറ്റി ഈ വര്‍ഷം ജൂണില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ കണക്കുകളുണ്ട്.

Similar News