കെ റെറ: രജിസ്റ്റര്‍ ചെയ്യാത്ത പദ്ധതികളെ കുറിച്ച് പരസ്യം ചെയ്യാനോ വില്‍ക്കാനോ പാടില്ല

Update: 2020-03-09 07:40 GMT

2020 ജനുവരി ഒന്നിനു മുമ്പ് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത, നിര്‍മാണ ത്തിലിരിക്കുന്ന പദ്ധതികള്‍ മാര്‍ച്ച് 31നകം കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കെ റെറ ചെയര്‍മാന്‍ പി എച്ച് കുര്യന്‍. ഇതില്‍ വീഴ്ച വരുത്തിയാല്‍ ആ പ്രോജക്റ്റിന്റെ മൊത്തം കോസ്റ്റിന്റെ 10 ശതമാനം വരെ പിഴയായി ഈടാക്കും. കുറ്റം തുടര്‍ന്നാല്‍ പിഴയ്‌ക്കൊപ്പം തടവ് ശിക്ഷ വിധിക്കാനും വകുപ്പുണ്ട്.

രജിസ്‌ട്രേഷന് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും ചട്ടങ്ങള്‍ ലംഘിക്കുന്നതും ശിക്ഷാര്‍ഹമാണ്. ഇത്തരം അവസരങ്ങളില്‍ പദ്ധതിയുടെ മൊത്തം കോസ്റ്റിന്റെ അഞ്ചുശതമാനം വരെ പിഴയായി ഈടാക്കാം. ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത 400ഓളം പദ്ധതികള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാനുണ്ടെന്നാണ് കെ റെറയുടെ കണക്കുകൂട്ടല്‍.

ജനുവരി ഒന്നുമുതലാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. കെ റെറയില്‍ രജിസ്റ്റര്‍ ചെയ്യാത്ത പദ്ധതികളെ കുറിച്ച് പരസ്യം ചെയ്യാനോ വില്‍ക്കാനോ പാടില്ല. നിയമലംഘിച്ചാല്‍ പിഴ ഈടാക്കും. റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പലവിധ പ്രശ്‌നങ്ങള്‍ മൂലം പുതിയ പദ്ധതികള്‍ എണ്ണം വളരെ കുറവാണ്. നിര്‍മാണത്തിലിരിക്കുന്ന പദ്ധതികളുടെ മൊത്തം ഫ്‌ളോര്‍ ഏരിയയില്‍ ഒരു ചതുരശ്ര മീറ്ററിന് 25 രൂപയാണ് രജിസ്‌ട്രേഷന്‍ നിരക്ക്. പുതിയ പദ്ധതികള്‍ക്ക് 50 രൂപയും. അതായത് ഒരു ചതുരശ്രയടിക്ക് ഫീസായി വരുന്നത് വെറും അഞ്ചു രൂപ.

500 ചതുരശ്രമീറ്ററില്‍ കൂടുതല്‍ ഭൂമിയിലുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികളും എട്ടിലധികംഅപ്പാര്‍ട്ട്‌മെന്റുകളുള്ള കെട്ടിടങ്ങളും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റൊരു വ്യക്തിക്ക് പാട്ടത്തിന് നല്‍കാനുള്ള പ്ലോട്ടുകള്‍, ഫ്‌ളാറ്റുകള്‍, കടകള്‍, ഓഫീസ് സ്ഥലം, ഗോഡൗണുകള്‍ തുടങ്ങിയവയുടെ നിര്‍മാണം എന്നിവ ഇതില്‍പെടും.

സ്വന്തം സ്ഥലം മൂന്നോ നാലോ പേര്‍ക്ക് മുറിച്ച് വില്‍ക്കുന്നതിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല. എന്നാല്‍ ഭൂമി പല പ്ലോട്ടുകളാക്കി വഴിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്‍കി വില്‍പ്പന നടത്തുന്നതിന് രജിസ്‌ട്രേഷന്‍ വേണം. വില്ല നിര്‍മിച്ച് വില്‍ക്കുന്നതിനും അനുമതിയും രജിസ്‌ട്രേഷനും ആവശ്യമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News