ചാഞ്ചാട്ടത്തിനു ശേഷം കയറി വിപണി; ജിയോ ഫിൻ വീഴ്ച തുടരുന്നു

അഞ്ചു ശതമാനത്തോളം നേട്ടം ഉണ്ടാക്കി സൊമാറ്റോ ഓഹരി

Update: 2023-08-22 06:08 GMT

ചെറിയ നേട്ടത്തോടെ വ്യാപാരമാരംഭിച്ച വിപണി പിന്നീടു കയറിയിറങ്ങി. 65,363 വരെ കയറിയിട്ടു സെൻസെക്സും 19,443 വരെ കയറിയിട്ട് നിഫ്റ്റിയും നേട്ടങ്ങൾ മുഴുവൻ നഷ്ടമാക്കി. പിന്നീടു ചാഞ്ചാട്ടമായി. എന്നാൽ വിശാല വിപണി കയറ്റത്തിലാണ്. 2068 ഓഹരികൾ ഉയർന്നപ്പോൾ 733 ഓഹരികൾ താഴുന്നതാണു നില.

ഐടി ഓഹരികൾ താഴോട്ടു നീങ്ങിയ ഇന്ന് പവർ, ഇൻഷ്വറൻസ് ഓഹരികൾ നേട്ടമുണ്ടാക്കി.

ജിയോ ഫൈനാൻഷ്യൽ ഓഹരികൾ ഇന്നും അഞ്ചു ശതമാനം ഇടിഞ്ഞ് ലോവർ സർക്യൂട്ടിലായി. അടുത്ത ദിവസങ്ങളിലും വില താഴുമെന്നാണു നിഗമനം.

എസ്ജെഎസ് എന്റർപ്രൈസസിന്റെ 33.1 ശതമാനം ഓഹരി (ഒരു കോടി ഓഹരി) കെെമാറ്റം ചെയ്യപ്പെട്ടു. ഒന്നിന് 605 രൂപ വിലയ്ക്കാണ് പ്രാെമാേട്ടർ ഗ്രൂപ്പ് ഓഹരി വിറ്റത്. മൊത്തം 600 കോടി രൂപയുടേതാണ് ഇടപാട്. ഓഹരി ഒന്നര ശതമാനത്തിലധികം താണു. പ്രശസ്ത നിക്ഷേപകൻ ആശിഷ് കച്ചോലിയ കഴിഞ്ഞയാഴ്ച ഈ കമ്പനിയിലെ നിക്ഷേപം വിറ്റിരുന്നു.

അമേരിക്കയിലെ അര ഡസൻ ഇടത്തരം ബാങ്കുകളുടെ റേറ്റിംഗ് സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് താഴ്ത്തി. ഇന്ത്യൻ വിപണിയിൽ അതു പ്രതികരണമുണ്ടാക്കിയില്ല. സൊമാറ്റോ ഓഹരി ഇന്ന് അഞ്ചു ശതമാനത്തോളം നേട്ടം ഉണ്ടാക്കി.

സൊമാറ്റോയിലെ ചില പ്രാരംഭ നിക്ഷേപകർ വിറ്റു മാറും എന്നു ശ്രുതിയുണ്ട്.

അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നും നല്ല നേട്ടത്തിലാണ്. ഉൽപാദനശേഷി വർധിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച അദാനി പവർ ഓഹരി ആറു ശതമാനം കയറി.

രൂപ, ഡോളർ, സ്വർണം 

രൂപ ഇന്നും നേട്ടത്തിൽ തുടങ്ങി. ഡോളർ മൂന്നു പൈസ കുറഞ്ഞ് 83.08 രൂപയിൽ വ്യാപാരം ആരംഭിച്ചു. പിന്നീട് 83.06 രൂപയായി. ലോകവിപണിയിൽ സ്വർണം 1894 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 80 രൂപ കൂടി 43,360 രൂപയായി.

Tags:    

Similar News