ഓയോ ഇനി വീട് വാടകക്ക് നൽകും

Update: 2018-10-22 07:39 GMT

ഇന്ത്യൻ സ്റ്റാർട്ടപ്പായ ഓയോ റൂംസ് പ്രവർത്തനങ്ങൾ പുതിയ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. ദീർഘകാലത്തേക്ക് വീടുകൾ വാടകക്ക് നൽകുക എന്ന ലക്ഷ്യത്തോടെ 'ഓയോ ലിവിങ്' എന്ന പേരിൽ ഒരു പുതിയ സെഗ്‌മെന്റ് തുടങ്ങുകയാണ് കമ്പനി.

ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഹോട്ടൽ ചെയിനാണ് 24 കാരനായ റിതേഷ് അഗർവാൾ സ്ഥാപിച്ച ഈ യൂണികോൺ കമ്പനി. ബജറ്റ് ഹോട്ടലുകളെ ഒരു കുടക്കീഴിലെത്തിച്ച് ഓൺലൈൻ വഴി ഹോട്ടൽ ബുക്കിംഗ് സാധ്യമാക്കിയാണ് ഓയോ വിജയം കണ്ടത്.

നാട്ടിൽ നിന്ന് മറ്റ് നഗരങ്ങളിലേക്ക് ജോലിക്കായി കുടിയേറിപ്പാർക്കുന്ന പ്രൊഫഷണലുകളെയാണ് ഓയോ ലിവിങ്ങിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇവർക്ക് പലപ്പോഴും വാടക വീട് ലഭിക്കാൻ വളരെ ബുദ്ധിമുട്ടേണ്ടി വരാറുണ്ട്. മാത്രമല്ല, വളരെ വലിയ തുക അഡ്വാൻസ് ആയും നൽകേണ്ടി വരും. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരുമ്പോഴും ആശയക്കുഴപ്പങ്ങൾ ഉണ്ടാകാറുണ്ട്.

ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമെന്ന നിലക്കാണ് ഒയോ ലിവിങ് അവതരിപ്പിക്കുന്നത്. കുറച്ച് പേർക്ക് ഒരുമിച്ച് താമസിക്കുന്നതിനുള്ള സൗകര്യവും ഓയോ ലിവിങ് ലഭ്യമാക്കും.

പ്രോപ്പർട്ടികൾ വാടകക്ക് നല്കാൻ വീട്ടുടമകളുമായും ബിൽഡർമാരുമായും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഈയിടെ ജാപ്പനീസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സോഫ്റ്റ്ബാങ്ക് ഉൾപ്പെടെയുള്ള കമ്പനിയുടെ നിക്ഷേപകർ ഓയോ റൂംസിനുള്ള ഫണ്ടിംഗ് ഉയർത്തിയിരുന്നു. ഇതിൽ നല്ലൊരു ഭാഗം ഫണ്ട് പുതിയ പ്രോജക്ടിനായി ചെലവഴിക്കും.

നോയിഡ, ഗുരുഗ്രാം , ബെംഗളൂരു, പൂണെ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടം നടപ്പാക്കുക.

നെസ്റ്റ് എവേ, സിഫി ഹോംസ്, നോ ബ്രോക്കർ, സ്റ്റാൻസാ ലിവിങ്, സോളോ എന്നിവ ഈ രംഗത്ത് പ്രവർത്തിക്കുന്ന മറ്റ് ചില സംരംഭങ്ങളാണ്.

നിരന്തരം യാത്ര ചെയ്യുന്ന പ്രൊഫഷണലുകൾക്കും കോർപറേറ്റുകൾക്കുമായി അവതരിപ്പിച്ച ‘ഓയോ ടൗൺ ഹൗസ്’ ബ്രാൻഡ് കമ്പനിയുടെ വളർച്ചയിൽ ഒരു പ്രധാന വഴിത്തിരിവായി കണക്കാക്കുന്നു.

Similar News