പരസ്യ വരുമാനം: പ്രാദേശികഭാഷാ കണ്ടെന്റ് സ്റ്റാർട്ടപ്പുകൾക്ക് നേട്ടം 

Update: 2018-12-14 09:50 GMT

പ്രാദേശികഭാഷയിലുള്ള കണ്ടെന്റ് സ്റ്റാർട്ടപ്പുകൾക്ക് പരസ്യങ്ങളിൽ നിന്ന് മികച്ച വരുമാനമെന്ന് റിപ്പോർട്ട്. ഡെയ്‌ലി ഹണ്ട്, ഷെയർ ചാറ്റ്, ന്യൂസ് ഡോഗ് തുടങ്ങിയ പ്ലാറ്റ് ഫോമുകൾളിൽ പരസ്യം ചെയ്യാൻ ബ്രാൻഡുകൾക്ക് താല്പര്യമേറുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഇംഗ്ലീഷ് ഉപയോഗിക്കാത്ത പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിലുള്ള ആളുകളിലേക്ക് എത്തിപ്പെടാനാണ് ബ്രാൻഡുകൾ ഈ പ്രാദേശിക ഭാഷാ കണ്ടെന്റ് പ്ലാറ്റ് ഫോമുകളിൽ പരസ്യം ചെയ്യുന്നതെന്ന് റെഡ് സീയർ കൺസൾട്ടിങ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ ഭാഷയിലുള്ള ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം വർഷത്തിൽ 13 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തുന്നത്. അതേസമയം ഇംഗ്ലീഷ് ഉപയോക്താക്കളുടെ എണ്ണം വെറും  ഒരു ശതമാനം മാത്രമാണ് വളർന്നത്.

നിലവിൽ ഇന്ത്യയിലെ ബ്രാൻഡുകൾ ഡിജിറ്റൽ മാധ്യമങ്ങളിൽ പരസ്യത്തിനായി ചെലവിടുന്നത് 2.9 ബില്യൺ ഡോളർ ആണ്. മൊത്തം പരസ്യത്തിനായി ചെലവിടുന്ന തുകയുടെ 19 ശതമാനം വരുമിത്.  ആകെയുള്ള പരസ്യ ചെലവിന്റെ 2.5 മടങ്ങാണ് ഡിജിറ്റൽ മാധ്യമ പരസ്യത്തിത്തിന്റെ ഇന്ത്യയിലെ വളർച്ച.

മൂന്നാം പാദത്തിൽ ഡെയ്‌ലി ഹണ്ടിന് ഉപയോക്താക്കളുടെ എണ്ണത്തിൽ 80 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ആകെ 120 മില്യൺ ഉപയോക്താക്കളാണ് ഈ പ്ലാറ്റ് ഫോമിനുള്ളത്.

ഷെയർ ചാറ്റ്, അലിബാബയുടെ യു.സി ന്യൂസ്, ന്യൂസ്‌ഡോഗ് എന്നിവയ്ക്ക് 30 ശതമാനം വളർച്ചയാണ് ഈ കാലയളവിൽ ഉണ്ടായത്. ഫേസ്ബുക്, ഗൂഗിൾ എന്നിവയുടെ ഉപയോക്താക്കളുടെ എണ്ണവും 30 ശതമാനമാണ് വർധിച്ചത്. പക്ഷെ പരസ്യ വരുമാനത്തിന്റെ ഭൂരിഭാഗവും ഇവരുടെ പോക്കറ്റിലേക്കാണ് പോകുന്നത്.

Similar News