സ്വന്തമാക്കിയത് എംഎം പ്രൈവറ്റ് ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികള്‍, റിലയന്‍സിന്റെ പുതിയ നീക്കമിങ്ങനെ

എംഎം പ്രൈവറ്റ് ലിമിറ്റഡ് 2005 ല്‍ സ്ഥാപിതമായതിന് ശേഷമുള്ള ആദ്യത്തെ ബാഹ്യ നിക്ഷേപമാണിത്

Update:2021-10-16 12:15 IST

മനീഷ് മല്‍ഹോത്രയുടെ ഉടമസ്ഥതയിലുള്ള എംഎം പ്രൈവറ്റ് ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികള്‍ സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 16 വര്‍ഷത്തോളമായി ഇന്ത്യയിലും വിദേശത്തുമായി പ്രവര്‍ത്തിക്കുന്ന കോച്ചര്‍-ഹൗസിന്റെ വളര്‍ച്ചാ പദ്ധതികള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എംഎം പ്രൈവറ്റ് ലിമിറ്റഡില്‍ പങ്കാളിത്തം നേടിയത്. പുതിയ നിക്ഷേപത്തിലൂടെ ഡിസൈനറുടെ ബ്രാന്‍ഡ്, അംഗീകാരങ്ങള്‍, ലൈസന്‍സിംഗ്, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് എന്നിവയുടെ അവകാശങ്ങള്‍ റിലയന്‍സിന് കൂടി സ്വന്തമാകും.

എംഎം പ്രൈവറ്റ് ലിമിറ്റഡ് 2005 ല്‍ സ്ഥാപിതമായതിന് ശേഷമുള്ള ആദ്യത്തെ പുറത്തുനിന്നുള്ള നിക്ഷേപമാണിത്. അതേസമയം, എത്ര രൂപയ്ക്കാണ് ഓഹരികള്‍ റിലയന്‍സ് സ്വന്തമാക്കിയെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 'ആഗോളതലത്തില്‍ ഇന്ത്യന്‍ കോച്ചറുമായി കൈകോര്‍ക്കുന്ന ഘട്ടത്തിലാണ്. മനീഷുമായുള്ള ഈ യാത്രയില്‍ പങ്കാളിയാകുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്,' റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം മൂന്ന് പതിറ്റാണ്ടായി കോസ്റ്റ്യൂം സ്‌റ്റൈലിസ്റ്റായി പ്രവര്‍ത്തിക്കുന്ന മല്‍ഹോത്രയ്ക്ക് കീഴില്‍ 700 ആര്‍ടിസ്റ്റുകളും പ്രൊഫഷണലുകളുമാണ് ജോലി ചെയ്യുന്നത്. ഫാഷന്‍, സിനിമ എന്നീ രംഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡിന് കീഴില്‍ രണ്ട് ഷോപ്പ്-ഇന്‍-ഷോപ്പ്, ഒരു വെര്‍ച്വല്‍ സ്റ്റോര്‍ എന്നിവയുള്‍പ്പെടെ മുംബൈ, ന്യൂഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ നാല് ഫ്‌ളാഗ്ഷിപ്പ് സ്റ്റോറുകളാണുള്ളത്. വിവിധ ചാനലുകളിലായി 12 ദശലക്ഷത്തിലധികം സോഷ്യല്‍ ഫോളോവേഴ്സുമുണ്ട്. ഇതിനെ ആഗോളതലത്തില്‍ മുന്നിലെത്തിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.



Tags:    

Similar News