ആഗോള ബ്രാന്‍ഡുകളില്‍ റിലയന്‍സ് രണ്ടാമത്; മുന്നില്‍ ആപ്പിള്‍ മാത്രം

Update: 2020-08-06 05:41 GMT

ആപ്പിളിന് തൊട്ടു പിന്നിലായി ലോകത്തെ രണ്ടാമത്തെ വലിയ ബ്രാന്‍ഡായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തിരഞ്ഞെടുക്കപ്പെട്ടു. ആഗോള ബ്രാന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ കമ്പനിയായ ഫ്യൂച്ചര്‍ ബ്രാന്‍ഡിന്റെ ഈ വര്‍ഷത്തെ പട്ടികയിലാണ്് റിലയന്‍സ് അഭിമാന സ്ഥാനം നേടിയത്. സാംസംഗാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

ഇന്ത്യക്കാര്‍ക്ക് എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ലഭിക്കുന്ന 'വണ്‍ സ്റ്റോപ്പ് ഷോപ്പ്' ആയി റിലയന്‍സിനെ ഉയര്‍ത്താനുള്ള ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ നടപടികളാണ് കമ്പനിയുടെ ഈ നേട്ടത്തിന് പിന്നിലെന്ന് ഫ്യൂച്ചര്‍ ബ്രാന്‍ഡ് അഭിപ്രായപ്പെട്ടു.ഫ്യൂച്ചര്‍ ബ്രാന്‍ഡിന്റെ പട്ടികയിലേക്ക് ആദ്യമായാണ്  റിലയന്‍സ് എത്തിയത്. ഇന്ത്യയിലെ ഏറ്റവും ലാഭമേറിയ കമ്പനി, നൂതനമായ സംരംഭങ്ങള്‍, വിശാലമായ ഉപഭോക്തൃ സേവനം എന്നിവയും റിലയന്‍സിന്റെ കരുത്താണെന്ന് ഫ്യൂച്ചര്‍ ബ്രാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായ സൗദി ആരാംകോ ബ്രാന്‍ഡ് മുന്‍ഗണനാ പട്ടികയില്‍ 91-ാം സ്ഥാനത്താണ്. എന്‍വിഡിയ, മൗതായി, നൈക്കി, മൈക്രോസോഫ്റ്റ്, എ.എസ്.എം.എല്‍., പേപാല്‍, നെറ്റ്ഫ്‌ളിക്സ് എന്നിവയാണ് യഥാക്രമം നാലു മുതല്‍ പത്തുവരെ സ്ഥാനങ്ങളിലുള്ളത്.

ഈ വര്‍ഷം 15 പുതിയ ബ്രാന്‍ഡുകളാണ് പട്ടികയിലെത്തിയത്.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെ അതില്‍ ഏഴും ആദ്യ 20 സ്ഥാനങ്ങളില്‍ ഇടം നേടി. ഉപഭോക്തൃ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതല്ല ഫ്യൂച്ചര്‍ ബ്രാന്‍ഡ് സൂചിക. മറ്റ് റാങ്കിംഗുകളില്‍ നിന്ന് വ്യത്യസ്തമായി, പ്രമുഖ കമ്പനികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ പുരോഗതിയുടെ സാധ്യത എങ്ങനെയെന്നും വിലയിരുത്തുന്നു ഫ്യൂച്ചര്‍ ബ്രാന്‍ഡ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News