മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍സ്ട്രീസ് 25,500 കോടി രൂപ കടമെടുക്കുന്നു, ആവശ്യം ഇതാണ്
നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 3.36 ലക്ഷം കോടി രൂപ കടമുണ്ട്
ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 300 കോടി കോടി ഡോളര്‍ (ഏകദേശം 25,500 കോടി രൂപ) കടമെടുക്കുന്നു. അടുത്ത വര്‍ഷം കാലാവധി അവസാനിക്കാനിരിക്കുന്ന വായ്പകള്‍ തിരിച്ചടയ്ക്കാനായാണ് കടമെടുക്കുന്നതെന്ന് ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി വിവിധ ബാങ്കുകളുമായി റിലയന്‍സ് ചര്‍ച്ച നടത്തി വരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ആറോളം ബാങ്കുകളുമായാണ് വായ്പയ്ക്കായി ചര്‍ച്ച നടത്തുന്നത്. കൂടുതല്‍ വായ്പാദാതാക്കളെ ഉള്‍പ്പെടുത്തി 2025 ന്റെ ആദ്യ പകുതിയില്‍ തന്നെ വായ്പയ്ക്കായി ധാരണയിലെത്താനാണ് പദ്ധതി. വായ്പാ നിബന്ധനകളെ കുറിച്ച് ഇത് വരെ തീരുമാനിച്ചിട്ടില്ല.
55 ഓളം ബാങ്കുകളില്‍ നിന്ന് വായ്പ
2024 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തം കടം 3.36 ലക്ഷം കോടി രൂപയാണ്. ഇതില്‍ പലിശയുള്‍പ്പെടെ 290 കോടി ഡോളറിന്റെ (ഏകദേശം 24,600 കോടി രൂപ) കടം 2025ല്‍ തിരിച്ചടയ്‌ക്കേണ്ടതാണ്. വായ്പ അംഗീകരിച്ചാല്‍, 2023 ന് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് അന്താരാഷ്ട്ര വായ്പാദാതാക്കളില്‍ നിന്നെടുക്കുന്ന ആദ്യ വായ്പയാകും ഇത്. അന്ന് 800 കോടി ഡോളറാണ് വായ്പയെടുത്തത്.
ബ്ലൂംബെര്‍ഗ് ഡാറ്റ അനുസരിച്ച്, മാതൃ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസും അനുബന്ധ സ്ഥാപനമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡും ചേര്‍ന്ന് 55 ഓളം ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ട്. റിലയന്‍സ് പോലുള്ള വശ്വസ്തനീയമായ കമ്പനികളുമായി വായ്പകള്‍ക്ക് കൈകോര്‍ക്കാന്‍ ബാങ്കുകളും വലിയ താത്പര്യം കാണിക്കുന്നുണ്ട്.
രാജ്യത്തേക്കാള്‍ ഉയര്‍ന്ന റേറ്റിംഗ്
ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ ഗണ്യമായ പണം പിന്‍വലിക്കല്‍ നടത്തിയതു മൂലം ഇന്ത്യന്‍ രൂപ വലിയ ഇടിവിലായിരിക്കുന്ന സമയത്താണ് റിലയന്‍സ് വായ്പയ്ക്ക് ശ്രമിക്കുന്നതെന്നതാണ് ശ്രദ്ധേയം. നിലവില്‍ റിലയന്‍സിന് രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിംഗിനേക്കാള്‍ മികച്ച ക്രെഡിറ്റ് റേറ്റിംഗ് ഉണ്ട്. ഇത് അത്ര സാധാരണമല്ല. കഴിഞ്ഞയാഴ്ച റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് റിലയന്‍സിന്റെ റേറ്റിംഗ് ബിഎഎ2വില്‍ നിലനിറുത്തിയിരുന്നു. കമ്പനിയുടെ സാമ്പത്തിക ആരോഗ്യം മെച്ചമാണെന്നും പുതിയ പദ്ധതികളില്‍ ചെലവഴിക്കല്‍ നടത്തിയാലും സ്ഥിരതയോടെ തുടരാന്‍ കമ്പനിക്കാകുമെന്നും സൂചിപ്പിക്കുന്നതാണ് ഈ റേറ്റിംഗ്.