ജിയോക്ക് ഓഗസ്റ്റില്‍ 84.45 ലക്ഷം പുതിയ വരിക്കാര്‍; കൊഴിഞ്ഞു പോക്കില്‍ പകച്ച് എതിരാളികള്‍

Update: 2019-10-18 11:42 GMT

വരിക്കാരുടെ എണ്ണത്തില്‍ ഒന്നാമതാകാനുള്ള പ്രയാണത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മുന്നേറുന്നു. ഓഗസ്റ്റില്‍ 84.45 ലക്ഷം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ജിയോക്ക് പുതുതായുണ്ടായി. മൊത്തം എണ്ണം ഇതോടെ 34.82 കോടി കവിഞ്ഞു. മറ്റ് ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവര്‍ക്കാകട്ടെ വരിക്കാരുടെ എണ്ണത്തില്‍ കുറവുമുണ്ടായി.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയയ്ക്ക് ഈ മാസം 49.56 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു. ഇതോടെ വരിക്കാരുടെ എണ്ണം 37.50 കോടിയായി കുറഞ്ഞു. ഭാരതി എയര്‍ടെല്‍ വരിക്കാരുടെ എണ്ണം 32.79 കോടിയായും താഴ്ന്നു.

എല്ലാ കന്നികളുടെയും കീഴിലായുള്ള മൊത്തം വരിക്കാരുടെ എണ്ണം ഓഗസ്റ്റില്‍ 26.83 ലക്ഷം ഉയര്‍ന്ന് 117.10 കോടിയായതായി ട്രായ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019 ഓഗസ്റ്റ് 31 ലെ കണക്കനുസരിച്ച് ഈ മേഖലയില്‍ സ്വകാര്യ കമ്പനികളുടെ വിപണി വിഹിതം 89.78 ശതമാനമാണ്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവ ചേര്‍ന്ന് 10.22 ശതമാനം മാത്രവും.

നമ്പര്‍ മാറ്റാതെ ഒരു ടെലികോം ഓപ്പറേറ്ററില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള സൗകര്യമായ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്ക് (എംഎന്‍പി) ഓഗസ്റ്റ് മാസത്തില്‍ മൊത്തം 48.6 ലക്ഷം അഭ്യര്‍ത്ഥനകള്‍ ലഭിച്ചു. ഇതോടെ, എംഎന്‍പി അഭ്യര്‍ത്ഥനകള്‍ ജൂലൈ അവസാനം 44.74 കോടിയില്‍ നിന്ന് ഓഗസ്റ്റ് അവസാനത്തോടെ 45.23 കോടിയായി ഉയര്‍ന്നു.

Similar News