റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ₹19,​641 കോടി ലാഭം; ജിയോയും റീറ്റെയ്‌ലും തിളങ്ങി,​ ഒ2സി വിഭാഗത്തിന് ക്ഷീണം

റിലയൻസിന്റെ വരുമാനം രണ്ടരലക്ഷം കോടി രൂപയ്ക്കടുത്ത്

Update:2024-01-19 23:18 IST

ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം (Net profit ) 2023-34 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ 10.9 ശതമാനം വര്‍ധനയോടെ 19,641 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 17,706 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 3.2 ശതമാനം വളര്‍ച്ചയോടെ 2,48,160 കോടി രൂപയായി. നികുതി,പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (EBITDA) 16.7 ശതമാനം വര്‍ധിച്ച് 44,678 കോടി രൂപയിലുമെത്തിയിട്ടുണ്ട്. 

ഡിസംബര്‍ പാദത്തിലെ മൂലധന ചെലവ് 30,102 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം കടം 1,19,372 കോടി രൂപയാണ്. പ്രധാനമായും റീറ്റെയ്ല്‍, ഓയില്‍, ഗ്യാസ് വിഭാഗങ്ങളാണ് വളര്‍ച്ചയെ നയിച്ചത്. അതേസമയം,​ ഓയില്‍-ടു-കെമിക്കല്‍സ് (O2C) വിഭാഗത്തിന്റെ വരുമാനം കുറഞ്ഞു.

റിലയന്‍സ് റീറ്റെയ്ല്‍

പലചരക്ക്, ഫാഷന്‍ ആന്‍ഡ് ലൈഫ്സ്‌റ്റൈല്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബിസിനസുകളുടെ നേതൃത്വത്തില്‍ റിലയന്‍സ് റീറ്റെയ്ലിന്റെ വരുമാനം ഡിസംബര്‍ പാദത്തില്‍ 22.8 ശതമാനം ഉയര്‍ന്ന് 83,063 കോടി രൂപയായി. നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (EBITDA) 31.1 ശതമാനം വര്‍ധിച്ച് 6,258 കോടി രൂപയാണ്. ഡിസംബര്‍ പാദത്തിലെ റിലയന്‍സ് റീറ്റെയ്ലിന്റെ ലാഭം 31.9 ശതമാനം വര്‍ധിച്ച് 3,165 കോടി രൂപയായി.

252 പുതിയ സ്റ്റോര്‍ തുറന്നുകൊണ്ട് കമ്പനിയുടെ സ്റ്റോര്‍ ശൃംഖല വിപുലീകരിച്ചു. മൊത്തം സ്റ്റോറുകളുടെ എണ്ണം 18,774 എണ്ണമായി ഉയര്‍ത്തി. ഡിജിറ്റല്‍ കൊമേഴ്സ്, ന്യൂ കൊമേഴ്സ് ബിസിനസുകള്‍ വളര്‍ച്ച തുടരുകയും വരുമാനത്തിന്റെ 19 ശതമാനം സംഭാവന ചെയ്യുകയും ചെയ്തു.

ആകര്‍ഷകമായ ഷോപ്പിംഗ് അനുഭവത്തോടെ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മികച്ച മൂല്യത്തില്‍ എത്തിക്കുന്നതിനുള്ള പ്രതിബദ്ധതയില്‍ കമ്പനി ഉറച്ചുനില്‍ക്കുന്നതായി റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞു.

ജിയോ പ്ലാറ്റ്ഫോംസ്

ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന്റെ ലാഭം 2023-24 ഡിസംബര്‍ പാദത്തില്‍ 12 ശതമാനം തുടര്‍ച്ചയായി വര്‍ധിച്ച് 5,545 കോടി രൂപയായി. പ്രവര്‍ത്തന വരുമാനം 11.4 വര്‍ധിച്ച് 32,​​510 കോടി രൂപയാണ്.

ഡിസംബര്‍ പാദത്തില്‍ റിലയൻസ് ജിയോ 1.12 കോടി വരിക്കാരെ പുതിയതായി ചേര്‍ത്തു. 5ജിയുടെ വരവ് പുതിയ വരിക്കാരുടെ വരവിനെ വേഗത്തിലാക്കിയതായി കമ്പനി അറിയിച്ചു.

 ശരാശരി ഉപയോക്തൃ വരുമാനം (ARPU) വാര്‍ഷികാടിസ്ഥാനത്തില്‍ 2 ശതമാനം 181.7 രൂപയായി. ഇത് മുന്‍ പാദത്തിലെതിന് സമാനമാണ്. ജിയോഭാരത് ഫോണിന്റെയും ജിയോ എയര്‍ഫൈബര്‍ സേവനങ്ങളുടെയും ശക്തമായ മുന്നേറ്റം ജിയോയുടെ വരിക്കാരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിപ്പിക്കാന്‍ കാരണമായെന്നും ഇത് ഡിജിറ്റല്‍ സേവന ബിസിനസിന്റെ മികച്ച വളര്‍ച്ചയിലേക്ക് നയിച്ചെന്നും മുകേഷ് അംബാനി പറഞ്ഞു.

റിലയന്‍സ് ഓയില്‍ & ഗ്യാസ് , ഓയില്‍ ടു കെമിക്കല്‍

റിലയന്‍സിന്റെ ഓയില്‍ & ഗ്യാസ് വിഭാഗത്തിന്റെ ഡിസംബര്‍ പാദ വരുമാനം 50.2 ശതമാനം ഉയര്‍ന്ന് 6,719 കോടി രൂപയായി. കമ്പനിയുടെ നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (EBITDA) 49.6 ശതമാനം വര്‍ധിച്ച് 5,804 കോടി രൂപയായി ഉയര്‍ന്നു. റിലയന്‍സിന്റെ ഓയില്‍ ടു കെമിക്കല്‍ (O2C) വിഭഗത്തിന്റെ ഡിസംബര്‍ പാദ വരുമാനം 2.4 ശതമാനം കുറഞ്ഞ് 1.41 ലക്ഷം കോടി രൂപയിലെത്തി. നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (EBITDA) 14,064 കോടി രൂപയായി.

Tags:    

Similar News