നാച്ചുറല്‍സിനെ ഏറ്റെടുക്കുന്നതില്‍ നിന്ന് റിലയന്‍സ് പിന്മാറി; നീക്കം പരസ്പര ധാരണയില്‍

2025ഓടെ 3,000 സലൂണുകളാണ് നാച്ചുറല്‍സ് സലൂണ്‍ & സ്പാ ലക്ഷ്യമിടുന്നത്

Update:2023-11-29 14:33 IST

Image courtesy: naturals/reliance/canva

ഇന്ത്യയിലെ ഏറ്റവും വലിയ സലൂണ്‍ ശൃംഖലകളിലൊന്നായ നാച്ചുറല്‍സ് സലൂണ്‍ ആന്‍ഡ് സ്പായെ ഏറ്റെടുക്കാനുള്ള നടപടികളില്‍ നിന്ന് റിലയന്‍സ് റീട്ടെയില്‍ പിന്മാറി. പരസ്പര ധാരണയോടെയാണ് പിന്മാറ്റമെന്നാണ് സൂചന. നാച്ചുറല്‍സ് സലൂണ്‍ ആന്‍ഡ് പായുടെ 49% ഓഹരികള്‍ സ്വന്തമാക്കാന്‍ നാച്ചുറല്‍സിന്റെ ഉടമസ്ഥതയിലുള്ള ഗ്രൂം ഇന്ത്യ സലൂണ്‍സ് & സ്പായുമായി റിലയന്‍സ് റീറ്റെയില്‍ മുമ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഏറ്റെടുക്കല്‍ ഇടപാടില്‍ നിന്ന് പിന്മാറാന്‍ ഇരു കമ്പനികളും പരസ്പര ധാരണയിലെത്തിയെന്ന് നാച്ചുറല്‍സ് സലൂണ്‍ ആന്‍ഡ് സ്പാ ചീഫ് എക്‌സിക്യൂട്ടീവ് സി.കെ കുമരവേല്‍ അറിയിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നാച്ചുറല്‍സ് നിലവില്‍ ബിസിനസ് വ്യാപിപ്പിക്കാനുള്ള പദ്ധതികളൊരുക്കുകയാണെന്നും ആഗോളതലത്തിലേക്കുള്ള വിപുലീകരണം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലുടനീളം 700 ഓളം ഔട്ട്ലെറ്റുകളുള്ള നാച്ചുറല്‍സ് സലൂണ്‍ & സ്പാ ഇന്ത്യയിലെ മികച്ച അഞ്ച് ദേശീയ സലൂണ്‍ ശൃംഖലകളില്‍ ഒന്നാണ്. 2025ഓടെ 3,000 സലൂണുകളാണ് നാച്ചുറല്‍സ് സലൂണ്‍ & സ്പാ ലക്ഷ്യമിടുന്നത്. റിലയന്‍സ് റീട്ടെയിലിന് സലൂണ്‍ മേഖലയില്‍ വലിയ താത്പര്യമുണ്ട്. നിലവില്‍ ഇഷ അംബാനി നയിക്കുന്ന 'ടിറ' എന്ന ബ്യൂട്ടി ബ്രാന്‍ഡ് റിലയന്‍സിനുണ്ട്.

Tags:    

Similar News