ഫുഡ് റീറ്റെയ്‌ലര്‍മാര്‍ പ്രത്യേകം അക്കൗണ്ട്‌സും ഇന്‍വെന്ററിയും സൂക്ഷിക്കണം

Update: 2018-06-26 07:50 GMT

വിദേശ നിക്ഷേപം സ്വീകരിക്കുന്ന ഭക്ഷ്യ റീറ്റെയ്ല്‍ കമ്പനികള്‍ അക്കൗണ്ട്‌സും ഇന്‍വെന്ററിയും അവരുടെ മറ്റ് ബിസിനസുകളില്‍ നിന്ന് വേര്‍തിരിച്ച് സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്റെ (DIPP) പുതിയ നിര്‍ദേശമനുസരിച്ച് ഒരു കമ്പനിയുടെ ഭക്ഷ്യ റീറ്റെയ്ല്‍ ബിസിനസ് അവരുടെ മറ്റ് വെര്‍ട്ടിക്കലുകളില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തണം. അതിനായി അക്കൗണ്ട്‌സ്, റെക്കോര്‍ഡ്‌സ് (സെയില്‍സ് റെക്കോര്‍ഡ്‌സ് ഉള്‍പ്പെടെ), ബാങ്ക് അക്കൗണ്ട്‌സ്, ഇന്‍വോയ്‌സിംഗ് എന്നിവ വേര്‍തിരിച്ച് സൂക്ഷിക്കണം.

അതേസമയം, ഫുഡ് റീറ്റെയ്ല്‍ കമ്പനികള്‍ക്ക് വില്പനയ്ക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കാന്‍ അവരുടെതന്നെ മറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള വെയര്‍ഹൗസ് ഉപയോഗിക്കാം. മറ്റ് ചരക്കുകളില്‍ നിന്നും അവ വേര്‍തിരിച്ച് സൂക്ഷിക്കണമെന്ന് മാത്രം. വെയര്‍ഹൗസ്, ലോജിസ്റ്റിക്‌സ്, ചരക്ക് ഗതാഗത സൗകര്യങ്ങള്‍ എന്നിവയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള ആമസോണ്‍ പോലുള്ള കമ്പനികള്‍ക്ക് ഈ നയം ഉപകരിക്കും.

നിലവില്‍ ഫുഡ് പ്രോസസ്സിംഗ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം (എഫ്ഡിഐ) സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. നിയമമനുസരിച്ച് ഒരു വിദേശ കമ്പനിയ്ക്ക് ഇന്ത്യയില്‍ ഒരു പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ കമ്പനി തുടങ്ങാന്‍ അനുവാദമുണ്ട്.

Similar News