ആയുര്‍വേദ സ്റ്റോര്‍ തുറക്കാനൊരുങ്ങി ആമസോണ്‍

Update: 2019-11-01 08:25 GMT

ആഗോളതലത്തില്‍ ആയുര്‍വേദ മരുന്നുകള്‍ക്കുള്ള വന്‍ വിപണന സാധ്യത മുതലാക്കാന്‍ ആമസോണ്‍ തയ്യാറെടുക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ആയുര്‍വേദ നിര്‍മ്മാതാക്കള്‍ക്കായി പ്രത്യേക സ്റ്റോര്‍ തുറക്കാനാണ് പദ്ധതിയെന്ന് കൊച്ചിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ആഗോള ആയുര്‍വേദ മീറ്റില്‍ പങ്കെടുക്കവേ ആമസോണ്‍ ഇന്ത്യയുടെ ഉപഭോക്തൃ വിഭാഗം വില്‍പ്പന വിഭാഗം മേധാവി രചിത് ജെയിന്‍ പറഞ്ഞു.

ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാക്കള്‍ക്ക് വലിയ അവസരമാണ് പ്രത്യേക ആമസോണ്‍ സ്റ്റോര്‍ വഴി ലഭ്യമാകുന്നതെന്ന് രചിത് ജെയിന്‍ അറിയിച്ചു.
വില്‍പ്പന ഉദ്ദേശിക്കുന്ന രാജ്യങ്ങളിലെ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ  സ്റ്റോര്‍ തുറക്കാനാകൂ. ആമസോണില്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന നിര്‍മ്മാതാക്കള്‍ സൈറ്റില്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രം ലിസ്റ്റുചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട് - അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് 50,000 ത്തിലധികം ആഗോള വില്‍പ്പനക്കാരാണ് ആമസോണില്‍ ഉള്ളത്.185 രാജ്യങ്ങളില്‍ ആമസോണ്‍.കോമിന് സാന്നിധ്യമുണ്ട്. ഹെര്‍ബല്‍ മരുന്നുകളുടെയും സൗന്ദര്യ സംരക്ഷക ഉല്‍പ്പന്നങ്ങളുടെയും അതിവിപുലമായ നിര ആമസോണിനുണ്ടെന്നും വന്‍ തോതിലുള്ള വിപണനമാണ് ഈ രംഗത്തുള്ളതെന്നും രചിത് ജെയിന്‍ ചൂണ്ടിക്കാട്ടി.

Similar News