ഏതൊക്കെ കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം, ഏതൊക്കെ അടച്ചിടണം? സര്‍ക്കാരിന്റെ പുതിയ ഇളവുകള്‍ ഇങ്ങനെ

Update: 2020-04-25 06:56 GMT

കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) വെള്ളിയാഴ്ച രാത്രി പുറപ്പെടുവിച്ച ഏറ്റവും പുതിയ ഉത്തരവ് പ്രകാരം അവശ്യവസ്തുക്കള്‍ അല്ലാത്തവ വില്‍ക്കുന്ന കടകള്‍ക്കും സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച (ഏപ്രില്‍ 25) മുതല്‍ തുറക്കാന്‍ അനുമതി ലഭിച്ചു. മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പല്‍ പ്രദേശങ്ങളുടെയും പരിധിക്കുള്ളിലും പുറത്തുമുള്ള ജനവാസ മേഖലകളില്‍ സ്ഥിതി ചെയ്യുന്ന കടകളാണ് ഇത്തരത്തില്‍ തുറക്കാവുന്നത്. എന്നാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പരിധിയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ ശനിയാഴ്ച മുതല്‍ തുറക്കാന്‍ പാടില്ല. മുനിസിപ്പാലിറ്റി മേഖലകളില്‍ സ്ഥിതിചെയ്യുന്ന സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍, കൊറോണ വൈറസ് ഹോട്ട്സ്‌പോട്ടുകള്‍ എന്നിവിടങ്ങളില്‍ ഈ ഇളവ് ലഭിക്കില്ല. സാമൂഹിക അകലം പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കാനും അടച്ചിടാനും നിര്‍ദേശം നല്‍കിയവയുടെ വിവരങ്ങള്‍ ചുവടെ.

തുറക്കുന്നവ

  • മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പുറത്തുള്ള റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലെയും മാര്‍ക്കറ്റ് കോംപ്ലക്‌സുകളിലെയും കടകള്‍ ഉള്‍പ്പെടെ അതത് സംസ്ഥാന / കേന്ദ്രഭരണ പ്രദേശത്തെ കട, സ്ഥാപന നിയമത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കടകളും തുറക്കാം.
  • മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പരിധിക്കുള്ളില്‍, ഒറ്റപ്പെട്ട കടകള്‍, റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലെ കടകള്‍ എന്നിവ തുറക്കാം.
  • പ്രാദേശിക സലൂണുകളും പാര്‍ലറുകളും ശനിയാഴ്ച മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
  • ഗ്രാമീണ, അര്‍ദ്ധ ഗ്രാമീണ മേഖലകളില്‍, എല്ലാ വിപണികളും തുറക്കാം.
  • നഗരപ്രദേശങ്ങളില്‍, അവശ്യമല്ലാത്ത ചരക്കുകളും സേവനങ്ങളും റെസിഡന്‍ഷ്യല്‍ ഏരിയകളിലോ അല്ലെങ്കില്‍ ഒരു ഒറ്റപ്പെട്ട കടയിലോ പ്രവര്‍ത്തിക്കാം.
  • ഗ്രാമപ്രദേശങ്ങളില്‍, എല്ലാത്തരം കടകളിലും അവശ്യേതര സേവനങ്ങള്‍ വില്‍ക്കാന്‍ കഴിയും.
    മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പരിധിയിലുള്ളവ ഒഴികെയുള്ള മാര്‍ക്കറ്റ് കോംപ്ലക്‌സുകള്‍ തുറക്കാന്‍ അനുവാദമുണ്ട്.
  • എല്ലാ ചെറിയ കടകളും തുറക്കാന്‍ അനുവദിക്കും.

അടച്ചിടേണ്ടവ

  • മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പരിധിക്ക് പുറത്തുള്ള മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകളിലെ ഷോപ്പുകള്‍ തുറക്കരുത്.
  • മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പരിധിയിലുള്ള മാര്‍ക്കറ്റ് കോംപ്ലക്‌സുകള്‍, മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകളിലെ ഷോപ്പുകള്‍ തുറക്കാന്‍ പാടില്ല.
  • സിനിമാ തിയേറ്ററുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, ജിംനേഷ്യം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലി ഹാളുകള്‍ എന്നിവ തുറക്കരുത്.
  • വലിയ ഷോപ്പുകള്‍ / ബ്രാന്‍ഡുകള്‍ / മാര്‍ക്കറ്റ് സ്ഥലങ്ങള്‍ എന്നിവ അടഞ്ഞു കിടക്കണം.

നിര്‍ദേശങ്ങള്‍

  • ശനിയാഴ്ച മുതല്‍ തുറക്കാന്‍ അനുവദിച്ചിരിക്കുന്ന മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെയും പരിധിക്കുള്ളിലും പുറത്തും ഉള്ള എല്ലാ കടകളിലും 50 ശതമാനം തൊഴിലാളികള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
  • എല്ലാ തൊഴിലാളികളും മാസ്‌ക് ധരിച്ചിരിക്കണം.
  • എല്ലാ തൊഴിലാളികളും സാമൂഹിക അകലം പാലിക്കണം.
  • ഹോട്ട്സ്പോട്ടുകള്‍ക്കും രോഗബാധയുള്ള പ്രദേശങ്ങള്‍ക്കും ഇളവുകള്‍ ബാധകമല്ല.
  • മദ്യം ഒരു പ്രത്യേക വകുപ്പിന് കീഴിലാണെന്നും അതത് സംസ്ഥാന / കേന്ദ്രഭരണ പ്രദേശത്തെ കട, സ്ഥാപന നിയമത്തിന് കീഴിലല്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, ലോക്ക്‌ഡൌണ്‍ കാലയളവില്‍ മദ്യത്തിന് ഇളവില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News