ഓഹരികള്‍ വാങ്ങിക്കൂട്ടി റിലയന്‍സ് ഗ്രൂപ്പ്; ലക്ഷ്യമിടുന്നത് ഇന്ത്യന്‍ റീട്ടെയ്ല്‍ വിഭാഗത്തിന്റെ ഒന്നാം സ്ഥാനമോ?

Update: 2020-07-28 11:54 GMT

ഇന്ത്യയുടെ റീട്ടെയില്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരാകാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ആസ്തി 24,000 മുതല്‍ 27,000 കോടി രൂപയ്ക്ക് വാങ്ങാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ റോണി സ്‌ക്രൂവാലയുടെ സിവാമി ബ്രാന്‍ഡ് ഓഹരികളും സ്വന്തമാക്കാന്‍ ഈ റീട്ടെയ്ല്‍ ഭീമന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനായി പ്രീമിയം ബ്രാന്‍ഡുകളായ ജിമ്മി ചൂ, ടിഫാനി, ഡീസല്‍, മദര്‍ കെയര്‍(ഇന്ത്യ) എന്നിവ 160 മില്യണ്‍ ഡോളര്‍( 1200 കോടി) മൂല്യത്തിന് വില്‍ക്കാന്‍ പദ്ധതിയുള്ളതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കരാര്‍ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ സമയമെടുക്കുമെന്നുമാണ് വിവരം.

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബാധ്യതകളുള്‍പ്പെടെയാണ് റിലയന്‍സ് സ്വന്തമാക്കുന്നത്. ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, ഫ്യൂച്ചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷനുകള്‍, ഫ്യൂച്ചര്‍ സപ്ലൈ ചെയിന്‍, ഫ്യൂച്ചര്‍ മാര്‍ക്കറ്റ് നെറ്റ്വര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടെ അഞ്ച് ലിസ്റ്റുചെയ്ത എന്റിറ്റികള്‍ ആസ്തികള്‍ വില്‍ക്കുന്നതിന് മുമ്പ് ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ (എഫ്ഇഎല്‍) ലയിപ്പിക്കുമെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ ജൂലൈ 31 വരെ ആര്‍ഐഎല്‍ പുറത്തുവിടില്ലെന്നാണ് അറിയുന്നത്. ഇന്‍ഷുറന്‍സ്, ടെക്‌സ്‌റ്റൈല്‍ നിര്‍മ്മാണം, വിതരണ ശൃംഖല, ലോജിസ്റ്റിക്‌സ് എന്നിവയുള്‍പ്പെടെയുള്ള സബ്‌സിഡിയറികളിലും സംയുക്ത സംരംഭങ്ങളിലും ഗ്രൂപ്പ് നിക്ഷേപം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ റീട്ടെയ്ല്‍ പ്രീമിയം ലോഞ്ചറി വിഭാഗത്തിലെ പ്രമുഖ ബ്രാന്‍ഡായ സിവാമിയിലും മുഖ്യ ഓഹരികള്‍ കൈക്കലാക്കുന്നത്.

ഇടപാടിന്റെ ഭാഗമായി, ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത സ്ഥാപനങ്ങളായ ബിഗ് ബസാര്‍, ഫുഡ്ഹാള്‍, നീലഗിരിസ്, എഫ്ബിബി, സെന്‍ട്രല്‍, ഹെറിറ്റേജ് ഫുഡ്‌സ്, ബ്രാന്‍ഡ് ഫാക്ടറി എന്നിവയില്‍ നിന്നുള്ള ഫാഷന്‍, പലചരക്ക് റീട്ടെയില്‍ ഫോര്‍മാറ്റുകള്‍, വസ്ത്ര ബ്രാന്‍ഡുകളായ ലീ കൂപ്പര്‍, തുടങ്ങിയവയെല്ലാം ആര്‍ഐഎല്‍ ഏറ്റെടുക്കും. 1,700ഓളം സ്റ്റോറുകള്‍ ആര്‍ഐഎല്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫാഷന്‍, പാദരക്ഷകള്‍, പ്രീമിയം ഫാഷന്‍, പലചരക്ക്, ആഭരണങ്ങള്‍, ഇലക്ട്രോണിക്സ്, കണക്റ്റിവിറ്റി മുതലായവ വിഭജിച്ച് 11,784 സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് റിലയന്‍സ് റീട്ടെയില്‍ പദ്ധതിയിടുന്നത്. 2020 സാമ്പത്തിക വര്‍ഷം റിലയന്‍സ് റീട്ടെയില്‍ 1.63 ട്രില്യണ്‍ ഡോളര്‍ വിറ്റുവരവ് നേടി. ഫ്യൂച്ചര്‍ റീട്ടെയില്‍ ഇന്ത്യയില്‍ 7-ഇലവന്‍ സ്റ്റോറുകള്‍ വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി 7-ഇലവന്‍ ഇങ്കുമായി ഒരു മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഇതുവരെ സ്റ്റോറുകളൊന്നും തുറന്നിട്ടില്ല, എന്നാല്‍ ഈ ബിസിനസ്സും റിലയന്‍സിലേക്ക് പോകുമെന്നാണ് മേഖലയിലെ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്.

Read More : ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഓയല്‍ കമ്പനിയായി റിലയന്‍സ്

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News