ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഓയല്‍ കമ്പനിയായി റിലയന്‍സ്

Update: 2020-07-27 11:52 GMT

അമേരിക്ക ആസ്ഥാനമായുള്ള വന്‍കിട ബഹുരാഷ്ട്ര ഓയ്്ല്‍ കമ്പനിയായ എക്‌സോണ്‍മോബിലിനെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഓയ്ല്‍ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. വിപണിയിലെ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ കരുത്താക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് 18900 കോടി ഡോളറിന്റെ വിപണി മൂല്യവുമായാണ് രണ്ടാം സ്ഥാനത്തെത്തിയത്. 18470 കോടി ഡോളറാണ് എക്‌സോണ്‍മോബിലിന്റെ മൂല്യം. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരംകോ 1.75 ലക്ഷം കോടി ഡോളറുമായി ബഹുദൂരം മുന്നിലാണ്.

ഈ വര്‍ഷം ഇതുവരെയായി റിലയന്‍സിന്റെ ഓഹരി വിലയില്‍ 46 ശതമാനം വര്‍ധനയാണുണ്ടായത്. അതേസമയം ഇന്ധന ഉപഭോഗം കുറഞ്ഞ സാഹചര്യത്തില്‍ എക്‌സോണ്‍മോബിലിന്റെ ഓഹരി വിലയില്‍ 39 ശതമാനം ഇടിവുമുണ്ടായി.
മാത്രമല്ല, ചരിത്രം കുറിച്ചു കൊണ്ട്, നാലുമാസത്തിനുള്ളില്‍ ഓഹരിയുമടകളുടെ സമ്പത്ത് 11590 കോടി ഡോളര്‍ വര്‍ധിപ്പിക്കാനും റിലയന്‍സിലെ നിക്ഷേപത്തിന് കഴിഞ്ഞു. ഇത്രയും കാലയളവു കൊണ്ട് ഇത്തരത്തിലുള്ള മൂല്യവര്‍ധന വരുന്നത് ലോകചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.

അടുത്തിടെ ആഗോളതലത്തിലെ വന്‍കിട കമ്പനികളായ ഒറക്ക്ള്‍, യൂണിലിവര്‍, ബാങ്ക് ഓഫ് ചൈന, ബിഎച്ച്പി ഗ്രൂപ്പ്, റോയല്‍ ഡച്ച് ഷെല്‍, സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് തുടങ്ങിയവയെല്ലാം റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിപണി മൂല്യത്തില്‍ പിന്നിലാക്കിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News