എ.ജി.ആറില്‍ തിരിച്ചടി കിട്ടിയ വോഡഫോണ്‍ ഐഡിയയ്ക്ക് ആശ്വാസവുമായി കേന്ദ്രം, പണികൊടുത്ത് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്

ഓഹരി വില രണ്ട് ശതമാനത്തിലധികം താഴ്ന്നു

Update:2024-09-24 14:28 IST

കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള അഡ്ജസ്റ്റ്ഡ് ഗ്രോസ് റെവന്യൂ (എ.ജി.ആര്‍) കുടിശികയില്‍ ഇളവ് തേടി ടെലികോം കമ്പനികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയത് വോഡഫോണ്‍ ഐഡിയയെ വലിയ ക്ഷീണത്തിലേക്കാണ് തള്ളിയിട്ടത്. തുടര്‍ന്ന് കമ്പനിയുടെ ഓഹരി വില 10 രൂപയിലേക്ക് താഴുകയും ചെയ്തു. ഇപ്പോള്‍ ഇതാ വോഡഫോണ്‍ ഐഡിയയ്ക്ക് ആശ്വാസം നല്‍കുന്ന മറ്റൊരു നീക്കത്തിനൊരുങ്ങി കേന്ദ്രം.

2022ന് മുമ്പുള്ള സ്‌പെക്ട്രം ലേലത്തിന് നല്‍കേണ്ടിയിരുന്ന 25,000 കോടി രൂപയുടെ ഫിനാന്‍ഷ്യല്‍ ബാങ്ക് ഗാരന്റിയില്‍ നിന്ന് വോഡഫോണിനെ ഒഴിവാക്കിയേക്കുമെന്ന്
ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എ.ജി.ആര്‍, സ്‌പെക്ട്രം കുടിശ്ശിക എന്നിവയുടെ മൊറട്ടോറിയം കാലാവധി 2025 സെപ്റ്റംബറിലാണ് അവസാനിക്കുന്നത്. ഇതിന് ഒരു വര്‍ഷം മുമ്പ് ബാങ്ക് ഗ്യാരന്റി നല്‍കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് അനുകൂല നടപടിക്ക് കേന്ദ്രമൊരുങ്ങുന്നത്. കമ്പനിയുടെ പുനരുജ്ജീവനം സര്‍ക്കാരിന്റെ കൂടി ആവശ്യമാണ്. കാരണം വോഡഫോണ്‍ ഐഡിയയില്‍ 23.15 ശതമാനം ഓഹരി സര്‍ക്കാരിനുണ്ട്. മികച്ച അവസരം ലഭിച്ചാല്‍ ഇത് വിറ്റൊഴിയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
2022ലെയും 2024ലെയും സ്പെക്ട്രം ലേല നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ബാങ്ക് ഗ്യാരന്റി നല്‍കുന്നതില്‍ നിന്ന് വോഡഫോണ്‍ ഐഡിയ ഇളവ് തേടിയത്. 2025 സെപ്റ്റംബറില്‍ എ.ജി.ആര്‍, സ്‌പെക്ട്രം കുടിശികകളുടെ മൊറട്ടോറിയം അവസാനിച്ചാല്‍, 2026 മാര്‍ച്ച് അവസാനത്തോടെ വോഡഫോണ്‍ ഐഡിയ 29,100 കോടി രൂപയും 2027 സാമ്പത്തിക വര്‍ഷം മുതല്‍ 2031 സാമ്പത്തിക വര്‍ഷം വരെ പ്രതിവര്‍ഷം 43,000 കോടി രൂപയും നല്‍കേണ്ടതുണ്ട്.

ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ കടുംകൈ

4 ജി ശൃംഖല വിപുലീകരിക്കുന്നതിനും 5 ജി തുടങ്ങുന്നതിനും ടെലികോം ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുമായി നോക്കിയ, എറിക്സണ്‍, സാംസംഗ് എന്നീ കമ്പനികളുമായി 30,000 കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ചത് ഇന്നലെ ഓഹരിയെ 10 ശതമാനം മുന്നേറ്റത്തിലാക്കിയിരുന്നു.
എന്നാല്‍ പ്രമുഖ ബ്രോക്കറേജുകളിലൊന്നായ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ഓഹരിയുടെ ലക്ഷ്യവില 15 രൂപയില്‍ നിന്ന് 11 രൂപയായി കുറച്ചത് ഓഹരികള്‍ക്ക് ഇന്ന് വലിയ തിരിതിരിച്ചടിയായി. ഓഹരി വില രണ്ട് ശതമാനത്തിലധികം താഴ്ന്ന് 10.60 രൂപയായി. കമ്പനിയുടെ സാമ്പത്തിക കണക്കുകളില്‍ ആശങ്ക പ്രകടിപ്പിച്ചാണ് ഐ.സി.ഐ.സി.ഐ ടാര്‍ഗറ്റ് കുറച്ചത്.

പ്രതീക്ഷയോടെ വോഡഫോണ്‍

അതേസമയം, എ.ജി.ആര്‍ കുടിശ്ശിക വിഷയത്തില്‍ സാധ്യമായ പരിഹാരങ്ങളെക്കുറിച്ച് സര്‍ക്കാരുമായി ഒരു പുതിയ ചര്‍ച്ച ആരംഭിച്ചതായി വോഡഫോണ്‍ ഐഡിയ തിങ്കളാഴ്ച നിക്ഷേപകരുമായി നടത്തിയ കോളില്‍ അറിയിച്ചിരുന്നു. കൂടാതെ, 25,000 കോടി രൂപയുടെ ഡെറ്റ് ഫണ്ടിംഗ് ഏഴോ എട്ടോ ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷയും പ്രകടപ്പിച്ചു.
Tags:    

Similar News