റബര്‍ ബോര്‍ഡിന്റെ ഇ-വ്യാപാര പ്ലാറ്റ്‌ഫോമിന് വരുമാനത്തില്‍ ഇരട്ടിയിലേറെ വളര്‍ച്ച

2022 ജൂണിലായിരുന്നു എംറൂബേയുടെ തുടക്കം

Update:2024-04-06 14:00 IST

Image : Rubber Board website and Canva

സ്വാഭാവിക റബറിന്റെ (Natural Rubber/NR) ഉത്പാദനവും സംഭരണവും വിതരണവും പ്രോത്സാഹിപ്പിക്കാന്‍ റബര്‍ ബോര്‍ഡ് ആവിഷ്‌കരിച്ച ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്‌ഫോമായ (Electronic trading platform) എംറൂബെ (mRube) വഴി ഇതിനകം നടന്നത് 332.81 കോടി രൂപയുടെ വ്യാപാരങ്ങള്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം 1,369 കരാറുകളിലായി 24,487 ടണ്ണിന്റെ വ്യാപാരമാണ് നടന്നത്.
2022 ജൂണ്‍ എട്ടിനായിരുന്നു എംറൂബെയുടെ തുടക്കം. റബര്‍ ബോര്‍ഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായിരിക്കേ ഡോ.കെ.എന്‍. രാഘവനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യവര്‍ഷം 108 കോടി രൂപയുടെ വ്യാപാരമായിരുന്നു നടന്നത്. ഇതിനേക്കാള്‍ 200 ശതമാനം അധിക വ്യാപാരമാണ് രണ്ടാംവര്‍ഷം നടന്നത്.
എംറൂബെയുടെ സവിശേഷത
റബറിന്റെ വില്‍ക്കലും വാങ്ങലും സുതാര്യവും സുഗമവുമാക്കുകയാണ് എംറൂബെയുടെ ലക്ഷ്യം. ലോകത്തെവിടെ നിന്നും എംറൂബെ വഴി ഇടപാട് നടത്താം. ഇന്ത്യന്‍ റബറിനെ ആഗോളതലത്തിലേക്ക് ഉയര്‍ത്താനും എംറൂബെ വഴി കഴിയുമെന്ന് റബര്‍ ബോര്‍ഡ് പ്രതീക്ഷിക്കുന്നു.
കുറഞ്ഞത് ഒരു ടണ്‍ റബറാണ് എംറൂബെ വഴി ഓരോ കരാറിലും വില്‍ക്കാനാവുക. വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഇടപാട് ഓഫറുകള്‍ എംറൂബെയില്‍ സമര്‍പ്പിക്കാം. വില, നിലവാരം, വിപണനം, പേയ്‌മെന്റ് രീതി തുടങ്ങിയവ സംബന്ധിച്ച് ഇരുകൂട്ടര്‍ക്കും ചര്‍ച്ച ചെയ്തും തീരുമാനത്തിലെത്താം.
ഇതുവരെയുള്ള കണക്കുപ്രകാരം 1,900ലേറെ പേര്‍ എംറൂബെയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 18 റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റികള്‍ (RPS), 840ലധികം ഡീലര്‍മാര്‍, 50ലധികം പ്രോസസിംഗ് കമ്പനികള്‍, ആയിരത്തിലധികം നിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
വില 185 രൂപ
ആര്‍.എസ്.എസ്-4 ഇനം റബറിന് സംസ്ഥാനത്ത് വില കിലോയ്ക്ക് 185 രൂപയാണ്. ഈ വര്‍ഷാദ്യം 160 രൂപയായിരുന്ന വിലയാണ് ഇപ്പോള്‍ 185 രൂപയില്‍ എത്തിനില്‍ക്കുന്നത്.
നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വില വൈകാതെ 200 രൂപയിലെത്തുമെന്നാണ് പ്രതീക്ഷകള്‍. ഇതിനുമുമ്പ് 2011-12ലായിരുന്നു കേരളത്തില്‍ വില 200 രൂപ രേഖപ്പെടുത്തിയത്.
ഉപകാരമില്ലാതെ സബ്‌സിഡി പദ്ധതി
സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി ലഭ്യമാക്കുന്ന റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്‌കീം പ്രകാരമുള്ള താങ്ങുവില 180 രൂപയായി വര്‍ദ്ധിപ്പിച്ചത് ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നു. പക്ഷേ, കര്‍ഷര്‍ക്ക് ഒരു ഉപകാരവുമില്ലെന്നതാണ് പ്രത്യേകത.
കാരണം, വിപണിവില താങ്ങുവിലയേക്കാള്‍ കുറഞ്ഞുനില്‍ക്കുമ്പോഴാണ് കര്‍ഷകന് പദ്ധതിപ്രകാരം സബ്‌സിഡി ലഭിക്കുക. ഇപ്പോള്‍ വില താങ്ങുവിലയേക്കാള്‍ 5 രൂപ കൂടുതലാണ്. അതേസമയം, താങ്ങുവില 200-250 രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.
Tags:    

Similar News