'ഡിസ്‌കൗണ്ട്' എണ്ണ തുണച്ചു; ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ ഇറക്കുമതി പങ്കാളിയായി റഷ്യ

പങ്കാളിത്തം കുറഞ്ഞെങ്കിലും ചൈനയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്

Update:2023-04-14 16:55 IST


2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഇറക്കുമതി പങ്കാളിത്തത്തില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് റഷ്യ. 16 രാജ്യങ്ങളെ പിന്തള്ളിയാണ് റഷ്യ ഈ സ്ഥാനത്തേക്ക് എത്തിയത്. പ്രധാനമായും ക്രൂഡ്, പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയാണ് ഇതിനു സഹായകമായത്. ഇന്ത്യയുടെ ഇറക്കുമതി വിപണിയില്‍ റഷ്യയുടെ പങ്ക് 1.6 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ന്നിരിക്കുന്നു.
ചൈനയുടെ ആധിപത്യം കുറയുന്നു
അതേസമയം ചെനയുടെ ഇന്ത്യയുമായുള്ള ഇറക്കുമതി പങ്കാളിത്തം 15.43 ശതമാനത്തില്‍ നിന്ന് 13.79 ശതമാനമായി ചുരുങ്ങിയെങ്കിലും ഒന്നാം സ്ഥാനം നിര്‍ത്തി. ചൈനയില്‍ നിന്നുള്ള ഇറക്കുമതി 4.16 ശതമാനം വളര്‍ന്ന് 98.51 ബില്യണ്‍ ഡോളറാ(8.04 ലക്ഷം കോടി രൂപ)യെന്ന് വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകള്‍.  ഇന്ത്യ ഇറക്കുമതിക്ക് കൂടുതല്‍ രാജ്യങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയത് ചൈനയുടെ ആധിപത്യം കുറയ്ക്കുന്നുണ്ട്.
റഷ്യന്‍ മുന്നേറ്റം
റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 2022 സാമ്പത്തിക വര്‍ഷത്തെ 9.87 ബില്യണ്‍ (80,632 കോടി രൂപ) നിന്നും 46.33 ബില്യണ്‍ ഡോളറായി(3.78 ലക്ഷം കോടി രൂപ), അഞ്ച് മടങ്ങിനടുത്താണ്‌ വളര്‍ച്ച.
മുന്‍ വര്‍ഷങ്ങളില്‍ സൂര്യകാന്തി എണ്ണയും കല്‍ക്കരിയുമാണ് റഷ്യയില്‍ നിന്നും ഇന്ത്യ കൂടുതലായി വാങ്ങിയിരുന്നത്. എന്നാല്‍ 2023 ല്‍ ഇത് പെട്രോളിയവും വളവും ആയി മാറി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 5.2 ശതമാനമായിരുന്നു റഷ്യയില്‍ നിന്നുള്ള വളം ഇറക്കുമതിയെങ്കില്‍ 2022-23 ല്‍ ഇത് 17.2 ശതമാനമായി.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഒരു ശതമാനത്തില്‍ താഴെയായിരുന്നു റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയ്ല്‍ ഇറക്കുമതി. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആകെ ഇന്ധന ഇറക്കുമതിയുടെ 34 ശതമാനം റഷ്യയില്‍ നിന്നാണ്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കൂടിയതോടെ സൗദിയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതിയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.
ബന്ധം തുടരും
യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റഷ്യന്‍ ഇന്ധനം വാങ്ങാനുള്ള തീരുമാനവുമായി ഇന്ത്യ മുന്നോട്ടു പോവുകയായിരുന്നു. ഡിസ്‌കൗണ്ട്‌നിരക്കിലാണ് റഷ്യന്‍ ഇന്ധനം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെ യുക്രൈന്‍ വിദേശമന്ത്രി ദിമിത്രോ കുലേബ വിമര്‍ശിച്ചിരുന്നു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരാനും മത്സരാത്മകമായ വിലയില്‍ എണ്ണ ലഭ്യമാക്കാനുമാണ് ഇന്ത്യയുടെ തീരുമാനം. ഡിസ്‌കൗണ്ട് വിലയില്‍ എണ്ണ ലഭിക്കുമെന്നതിനാല്‍ 2024 സാമ്പത്തിക വര്‍ഷത്തിലും റഷ്യയുമായുള്ള ബന്ധം തുടരുമെന്നാണ് അനലിസ്റ്റുകളും വിലയിരുത്തുന്നത്.
യു.എ.ഇയും അമേരിക്കയും പിന്നാലെ
2022-23 ല്‍ യു.എ.ഇ ആയിരുന്നു ഇന്ത്യയുടെ രണ്ടാമത്തെ ഇറക്കുമതി പങ്കാളി. 18.75 ശതമാനം വളര്‍ച്ചയോടെ 53.24 ബില്യണ്‍ ഡോളറാ(4.35 ലക്ഷം കോടി രൂപ)യിരുന്നു യു.എ.ഇയില്‍ നിന്നുള്ള ഇറക്കുമതി. അമേരിക്കയാണ് മൂന്നാം സ്ഥാനത്ത് 50.24 ബില്യണ്‍ ഡോളറിന്റെ(4.10 ലക്ഷം കോടി രൂപ) ഇറക്കുമതിയാണ് ഇക്കാലയളവില്‍ അമേരിക്ക ഇന്ത്യയിലേക്ക് നടത്തിയത്. 15.98 ശതമാനത്തിന്റെ വര്‍ധന.
പെട്രോളിയം, ക്രൂഡ് ഉത്പന്നങ്ങള്‍, കല്‍ക്കരി, കോക്ക്, യന്ത്രങ്ങള്‍, ഇരുമ്പ് എന്നിവയാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രധാന ഉത്പന്നങ്ങള്‍. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 447.46 ബില്യണ്‍ ഡോളറിന്റെ(36.65 ലക്ഷം കോടി രൂപ) ഇറക്കുമതിയാണ് മൊത്തം നടന്നത്. മൊത്തം ഇറക്കുമതിയില്‍ 6.03 ശതമാനം വര്‍ധന രേഖപ്പെടുത്തി





Tags:    

Similar News