കുതിപ്പിനൊരുങ്ങി സാംസങ്: മൂന്നുവര്‍ഷത്തിനുള്ളില്‍ 40,000 പേരെ നിയമിക്കും

205 ബില്യണ്‍ ഡോളറിന്റെ ബിസിനസ് വിപുലീകരണവും കമ്പനി ലക്ഷ്യമിടുന്നുണ്ട്

Update: 2021-08-25 07:49 GMT

ദക്ഷിണ കൊറിയന്‍ ബഹുരാഷ്ട്ര നിര്‍മ്മാണ കമ്പനിയായ സാംസങ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങുന്നു. 205 ബില്യണ്‍ ഡോളറിന്റെ (240 ട്രില്ല്യണ്‍) ബിസിനസ് വിപുലീകരണത്തിനാണ് സാംസങ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 40,000 പേരെ കമ്പനിയില്‍ നിയമിക്കും. അടുത്ത തലമുറ സാങ്കേതികവിദ്യകളില്‍ കമ്പനിയുടെ പങ്കാളിത്തം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സാംസങ് ബിസിനസ് വിപുലീകരണത്തിനൊരുങ്ങുന്നത്.

സാംസങ് ഇലക്ട്രോണിക്‌സ്, സാംസങ് ബയോളജിക്‌സ്, മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയിലും ടെലികമ്മ്യൂണിക്കേഷന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിനുമാണ് തുക ചെലവഴിക്കുക. തുകയുടെ വലിയൊരു ശതമാനവും ദക്ഷിണ കൊറിയയില്‍ തന്നെയായിരിക്കും നിക്ഷേപിക്കുക. 180 ട്രില്ല്യണിന്റെ നിക്ഷേപം രാജ്യത്തിന് തന്നെ മാറ്റിവച്ചതായി കമ്പനി വ്യക്തമാക്കി. ഇപ്പോള്‍ ആസൂത്രണം ചെയ്തിട്ടുള്ള 30,000 പുതിയ നിയമനങ്ങള്‍ക്ക് പുറമെ, ഈ കാലയളവില്‍ 10,000 പേരെ കൂടി നിയമിക്കാന്‍ ലക്ഷ്യമിടുന്നതായും ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, സാംസങ്ങിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ചൊവ്വാഴ്ച്ച സംസങ്ങിന്റെ ഓഹരിയും 3.1 ശതമാനത്തോളം ഉയര്‍ന്നു. സാംസങ്ങിന്റെ തലവന്‍ ജയ് വൈ ലീ ജയിലില്‍ നിന്ന് ഇറങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. അഴിമതിക്കേസിലായിരുന്നു ഇദ്ദേഹം ജയില്‍ ശിക്ഷ നേരിടേണ്ടിവന്നത്.


Tags:    

Similar News