ചിപ്പിന് വിലയില്ല; സാംസംഗിന്റെ ലാഭത്തില്‍ 95% ഇടിവ്
ചിപ്പിന്റെ വിലക്കുറവും ഡിമാന്‍ഡ് ഇല്ലായ്മയും സാംസംഗിന് തിരിച്ചടിയായി
ലോകത്തെ ഏറ്റവും വലിയ മെമ്മറി ചിപ്പ് നിര്‍മ്മാതാക്കളും പ്രമുഖ ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുമായ സാംസംഗിന്റെ ലാഭം 2022 കലണ്ടര്‍ വര്‍ഷത്തെ ആദ്യപാദമായ ജനുവരി-മാര്‍ച്ചില്‍ 95 ശതമാനം ഇടിഞ്ഞു. ചിപ്പുകളുടെ ഡിമാന്‍ഡില്ലായ്മയും വിലയിടിവുമാണ് തിരിച്ചടിയായത്.
മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 14.12 ലക്ഷം കോടി വോണില്‍ (ദക്ഷിണ കൊറിയന്‍ കറന്‍സി/86,000 കോടി രൂപ) നിന്ന് 64,000 വോണ്‍ (3,900 കോടി രൂപ) ആയാണ് ലാഭം ഇടിഞ്ഞത്. കഴിഞ്ഞ 14 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ലാഭമാണിത്. വരുമാനം 18 ശതമാനം ഇടിഞ്ഞ് 63.7 ലക്ഷം കോടി വോണും (3.88 ലക്ഷം കോടി രൂപ) ആയിട്ടുണ്ട്. ആഗോള സാമ്പത്തിക ഞെരുക്കം, പണപ്പെരുപ്പം എന്നിവമൂലം ചിപ്പുകള്‍ക്ക് (സെമികണ്ടക്ടറുകള്‍) ഡിമാന്‍ഡ് ഇടിഞ്ഞതാണ് സാംസംഗിന്റെ ലാഭത്തെയും വരുമാനത്തെയും ബാധിച്ചത്.
സാംസംഗിന്റെ വരുമാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ചിപ്പ് ഡിവിഷന്‍ ജനുവരി-മാര്‍ച്ചില്‍ രേഖപ്പെടുത്തിയത് 4.58 ലക്ഷം കോടി വോണിന്റെ (28,000 കോടി രൂപ) നഷ്ടമാണ്. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഡിവിഷന്‍ രേഖപ്പെടുത്തിയിരുന്നത് 8.45 ലക്ഷം കോടി വോണ്‍ (52,000 കോടി രൂപ) ലാഭം ആയിരുന്നു.