ആപ്പിളിനെ കടത്തിവെട്ടി സൗദി അരാംകോ; ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി
വിപണി മൂല്യം 2.42 ട്രില്യണ്‍ ഡോളർ കടന്നു
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന ആപ്പിളിന്റെ സ്ഥാനത്തെ തട്ടിത്തെറിപ്പിച്ച് സൗദി അറേബ്യന്‍ നാഷണല്‍ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കമ്പനി (സൗദി അരാംകോ- Saudi Aramco) ഒന്നാമതെത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ അരാംകോയുടെ മൂല്യം മെയ് 11 ബുധനാഴ്ചയിലെ വിപണി അടിസ്ഥാനത്തില്‍ 2.42 ട്രില്യണ്‍ ഡോളറാണ്.
ഉയര്‍ന്ന എണ്ണവിലയും ഡിമാന്‍ഡ് വര്‍ധനയുമാണ് സൗദി അരാംകോയ്ക്ക് പിന്തുണയായത്. 2020 ല്‍ 49.0 ബില്യണ്‍ ഡോളര്‍ ആയിരുന്ന അരാംകോയുടെ വരുമാനം 2021 ല്‍ 110 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
ഒന്നാം സ്ഥാനം ഒഴിഞ്ഞുകൊടുത്തെങ്കിലും മൂല്യത്തില്‍ തൊട്ടുപിന്നാലെയുണ്ട് ആപ്പിള്‍. 2.37 ട്രില്യണ്‍ ഡോളറാണ് ആപ്പിളിന്റെ വിപണി മൂല്യം. ഓഹരിവിലയിലെ ചാഞ്ചാട്ടമാണ് ആപ്പിളിന്റെ ഇപ്പോളത്തെ മൂല്യത്തിലും പ്രതിഫലിച്ചത്.
സിലിക്കണ്‍ ഷോര്‍ട്ടേജുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങളും കോവിഡ് പ്രതിസന്ധിയും ഉല്‍പ്പന്നത്തിന്റെ ലഭ്യതക്കുറവിനു കാരണമായതായും ഇത് കമ്പനിയുടെ വിപണിമൂല്യത്തിന് തിരിച്ചടിയായതായുമാണ് ആപ്പിളിന്റെ വിശദീകരണം. എണ്ണവില ഇത്തരത്തില്‍ കുതിപ്പ് തുടര്‍ന്നാല്‍ അരാംകോ തന്നെ ലോക കമ്പനികളിലെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനിയായി തുടര്‍ന്നേക്കാം.