എസ്ബിഐയുടെ അറ്റാദായത്തില്‍ ഇടിവ്
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവിന്റെ പലിശേതര വരുമാനം കുത്തനെ ഇടിഞ്ഞു
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ജൂണ്‍ പാദത്തിലെ അറ്റാദായത്തില്‍ ഇടിവ്. അറ്റാദായം 6.7 ശതമാനം കുറഞ്ഞ് 6,068 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6,504 കോടി രൂപയായിരുന്നു പൊതുമേഖലാ വായ്പാദാതാവിന്റെ അറ്റാദായം. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ ബാങ്കിന്റെ പലിശേതര വരുമാനവും കുത്തനെ ഇടിഞ്ഞു.
ഏപ്രില്‍-ജൂണ്‍ കാലയളവില്‍ എസ്ബിഐയുടെ അറ്റപലിശ വരുമാനം മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 13 ശതമാനം വര്‍ധിച്ച് 31,196 കോടി രൂപയായി. എന്നാല്‍ അതേ കാലയളവിലെ മറ്റ് പലിശ ഇതര വരുമാനം 80 ശതമാനം കുറഞ്ഞ് 2,312 കോടി രൂപയായി. ബാങ്കുകളുടെ ലാഭക്ഷമതയുടെ അളവുകോലായ അറ്റ പലിശ മാര്‍ജിന്‍ 8 ബേസിസ് പോയ്ന്റ് വര്‍ധിച്ച് 3.23 ശതമാനയി. എന്നാല്‍ മാര്‍ച്ച് പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ബേസിസ് പോയ്ന്റ് കുറവാണിത്.
ജൂണ്‍ പാദത്തിലെ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 3.91 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി 1 ശതമാനമായി കുറഞ്ഞു. കോര്‍പ്പറേറ്റ് ലോണ്‍ ബുക്ക് 11 ശതമാനം വളര്‍ന്നു. എസ്എംഇ വിഭാഗത്തില്‍ 10 ശതമാനവും അഗ്രി വിഭാഗത്തില്‍ 9.82 ശതമാനം വര്‍ധനവുമാണ് രേഖപ്പെടുത്തിയത്. നിക്ഷേപം മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 8.73 ശതമാനം ഉയര്‍ന്നു, എന്നാല്‍ മാര്‍ച്ച് പാദത്തേക്കാള്‍ 0.14 ശതമാനം കുറഞ്ഞ് 40.45 ട്രില്യണ്‍ രൂപയായി.