സ്പെക്ട്രം ലേലത്തിന് ഇന്ന് തുടക്കം
എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നീ വമ്പന്മാർ ലേലത്തിൽ പങ്കെടുക്കും. വാങ്ങിയ സ്പെക്ട്രത്തിന്റെ സാധുത 20 വർഷത്തേക്ക്
നാലുവർഷത്തിനുള്ളിൽ ആദ്യമായി, നാലാം തലമുറ (4 ജി) മൊബൈൽ നെറ്റ്‌വർക്കുകൾക്കായി, ഇന്ത്യയുടെ ടെലികോം സ്പെക്ട്രം ലേലം മാർച്ച് ഒന്നിന് ആരംഭിക്കും.
2020-21 സാമ്പത്തികവർഷാവസാനത്തോടെ 3.92 ലക്ഷം കോടി രൂപയുടെ റിസർവ് വിലക്ക് 2,251 മെഗാഹെർട്സ് സ്പെക്ട്രം ലേലം ചെയ്യാൻ കേന്ദ്ര മന്ത്രിസഭ ഡിസംബർ 16 ന് അംഗീകാരം നൽകിയിരുന്നു.
700 മെഗാഹെർട്‌സ്, 800 മെഗാഹെർട്‌സ്, 900 മെഗാഹെർട്‌സ്, 1,800 മെഗാഹെർട്‌സ്, 2,100 മെഗാഹെർട്‌സ്, 2,300 മെഗാഹെർട്‌സ്, 2,500 മെഗാഹെർട്‌സ് എന്നീ ഏഴ് ബാൻഡുകളിലായിട്ടാണ് സർക്കാർ സ്‌പെക്ട്രം വാഗ്ദാനം ചെയ്യുന്നത്. എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നീ മൂന്ന് വലിയ ടെലികോം കമ്പനികൾ ലേലത്തിൽ പങ്കെടുക്കും. 20 വർഷത്തേക്കാണ് വാങ്ങിയ സ്പെക്ട്രത്തിന്റെ സാധുത.
10,000 കോടി രൂപയുടെ എണസ്റ്റ് മണി ഡെപ്പോസിറ്റ് (ഇഎംഡി) നടത്തിയ റിലയൻസ് ജിയോ ആണ് ലേലത്തിൽ ഏറ്റവും ഉയർന്ന യോഗ്യതാ പോയിന്റുകൾ നേടിയത്. ഭാരതി എയർടെല്ലും ( 3000 കോടി) വോഡഫോൺ ഐഡിയയും (475 കോടി) ആണ് പിന്നിൽ.
ലേലം വിളിക്കുന്നവർക്ക് 1,800, 2,100, 2,300, 2,500 മെഗാഹെർട്സ് ബാൻഡുകൾക്ക് അന്തിമ ബിഡിന്റെ 50 ശതമാനം മുൻകൂർ നൽകാനുള്ള ഓപ്ഷൻ ഉണ്ട്. ബാക്കി തുക തുല്യമായ 16 തവണകളായി 7.3 ശതമാനം പലിശ നിരക്കിൽ രണ്ടു വർഷം കൊണ്ട് നൽകാം. ഇത് രണ്ട് വർഷത്തെ മൊറട്ടോറിയത്തിന് ശേഷം അടച്ചാൽ മതി. 700, 800, 900 മെഗാഹെർട്സ് ബാൻഡുകൾ, അന്തിമ ബിഡിന്റെ 25 ശതമാനമാണ് മുൻകൂർ നൽകേണ്ടത്.
ലേലത്തിലൂടെ നേടിയ സ്പെക്ട്രത്തിന്റെ ഉപയോഗ ചാർജായി വയർലൈൻ സേവനങ്ങൾ ഒഴികെയുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂവിന്റെ (എജിആർ) മൂന്ന് ശതമാനം കമ്പനികൾ നൽകേണ്ടതാണ്.
ബിഡ്ഡുകൾ സമർപ്പിക്കാൻ കഴിയുന്ന ബ്ലോക്ക് വലുപ്പം, ലേലം പൂർത്തിയാക്കിയ ശേഷം ഓരോ കമ്പനിക്കും കൈവശം വയ്ക്കാവുന്ന പരമാവധി സ്പെക്ട്രം, സേവനങ്ങൾ നൽകുന്നതിനുള്ള ബാധ്യതകൾ, പേയ്‌മെന്റ് രീതികൾ എന്നിവ സംബന്ധിച്ച നിബന്ധനകൾ ലേലത്തിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ടതുണ്ട്.
ലേലത്തിൽ നേടിയ പ്രത്യേക സ്പെക്ട്രം ബാൻഡുകളിൽ 'ഫ്രീക്വൻസി അസൈൻമെന്റ്'തീയതി മുതൽ ഒരു വർഷത്തിനുശേഷം ടെലികോം സേവന ദാതാക്കൾക്ക് സ്പെക്ട്രം പങ്കിടാൻ സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.
ഉയർന്ന വിലയുള്ള അഞ്ചാം തലമുറ (5 ജി) എയർവേവ് ലേലത്തിന് ഉണ്ടാവില്ല.
ഭാരതിയും ജിയോയും 2021 മാർച്ചിൽ നടക്കാനിരിക്കുന്ന ലേലത്തിൽ തങ്ങളുടെ കാലഹരണപ്പെടുന്ന സ്പെക്ട്രം പുതുക്കാൻ ശ്രമിക്കുമെന്നും 5 ജി സേവനങ്ങൾക്ക് ഉപയോഗിക്കാവുന്ന സബ് -1 ജിഗാഹെർട്സ് ബാൻഡിൽ സ്പെക്ട്രം സ്വന്തമാക്കാൻ ശ്രമിക്കുമെന്നും ഫിച്ച് റേറ്റിംഗ്‌സ് നേരത്തെ പ്രവചിച്ചിരുന്നു.
2021 സാമ്പത്തികവർഷം സ്‌പെക്ട്രം നിക്ഷേപത്തിനായി ഭാരതി 500 മില്യൺ ഡോളറും 2022 ൽ ഒരു ബില്യൺ ഡോളറും നീക്കിവെക്കുമെന്ന് കരുതുന്നു. 2022 ന് മുമ്പ് കമ്പനി 5 ജി സേവനങ്ങൾ ആരംഭിക്കാൻ സാധ്യതയില്ല," ഫിച്ച് പറഞ്ഞു.