നഷ്ടം വര്‍ധിച്ചു, സ്‌പൈസ് ജെറ്റ് സിഎഫ്ഒ രാജിവച്ചു
729 കോടി രൂപയുടെ നഷ്ടമാണ് എയര്‍ലൈന്‍ ജൂണ്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്
ഇന്ത്യന്‍ എയര്‍ലൈനായ സ്‌പൈസ് ജെറ്റിന്റെ (SpiceJet) നഷ്ടം വര്‍ധിച്ചതിന് പിന്നാലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സഞ്ജീവ് തനേജ (Sanjeev Taneja) രാജിവച്ചു. അദ്ദേഹത്തിന്റെ രാജി ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ 789 കോടി രൂപയുടെ നഷ്ടമാണ് ബഡ്ജറ്റ് എയര്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 729 കോടി രൂപയുടെ നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 485 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. അതേസമയം പുതിയ സിഎഫ്ഒയെ സെപ്റ്റംബറില്‍ തന്നെ നിയമിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ 200 മില്യണ്‍ ഡോളര്‍ വരെ ഫണ്ട് സ്വരൂപിക്കാനുള്ള നീക്കവും സ്‌പൈസ് ജെറ്റ് നടത്തുന്നുണ്ട്. എന്നിരുന്നാലും എയര്‍ലൈനിലുള്ള വായ്പ സംബന്ധിച്ച് നിരവധി ബാങ്കുകള്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.
എയര്‍ലൈനിന്റെ നഷ്ടം വര്‍ധിച്ചതോടെ കമ്പനിയിലെ ജീവനക്കാരുടെ വേതനവും മുടങ്ങിക്കിടക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം മാസവും ജീവനക്കാരുടെ ശമ്പളം വൈകിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് ഇടിവിലേക്ക് വീണ് സ്‌പൈസ് ജെറ്റ് ഓഹരി രാവിലെ 10.00ന് ആറ് ശതമാനം നഷ്ടത്തോടെ 43.45 രൂപ എന്ന നിലയിലാണ് ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel