മുളകാണ് താരം; സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ 41% കുതിപ്പ്
ഏറ്റവും വലിയ വിപണി ചൈനയും അമേരിക്കയും
ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി (Spices Export) നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-മേയില്‍ മുന്‍വര്‍ഷത്തെ സമാനകാലത്തെ 4,746.85 കോടി രൂപയില്‍ നിന്ന് 41 ശതമാനം മുന്നേറി 6,702.52 കോടി രൂപയിലെത്തി. ഡോളറില്‍ നിരക്കില്‍ വര്‍ദ്ധന 32 ശതമാനമാണെന്ന് സ്‌പൈസസ് ബോര്‍ഡിന്റെ (Spices Board) റിപ്പോര്‍ട്ട് വ്യക്തമാക്കി. 61.86 കോടി ഡോളറില്‍ നിന്ന് 81.53 കോടി ഡോളറായാണ് വര്‍ദ്ധന.
2022-23ല്‍ ₹31,761 കോടി
ഉത്പന്നങ്ങളുടെ വിലയിടിവും ആഗോളതലത്തിലെ സാമ്പത്തിക ഞെരുക്കവും ഉള്‍പ്പെടെ തിരിച്ചടികളുണ്ടായെങ്കിലും അവയെല്ലാം തരണംചെയ്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷവും (2022-23) മികച്ച കയറ്റുമതി നേട്ടം കൈവരിക്കാനായെന്ന് സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ പറഞ്ഞു.
2021-22ലെ 30,324.32 കോടി രൂപയില്‍ നിന്ന് 4.74 ശതമാനം വര്‍ദ്ധനയുമായി 31,761.38 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് കഴിഞ്ഞവര്‍ഷം നേടിയത്.
മുളകിനാണ് ഏറെ പ്രിയം
കയറ്റുമതി വരുമാനത്തില്‍ 33 ശതമാനം വര്‍ദ്ധനയുമായി മുളകാണ് കഴിഞ്ഞവര്‍ഷം ഏറ്റവും മികച്ച നേട്ടം കുറിച്ചത്.
ജീരകം (13 ശതമാനം), സുഗന്ധവ്യഞ്ജന എണ്ണ (സ്‌പൈസ് ഓയില്‍, 13 ശതമാനം), പുതിയ ഉത്പന്നങ്ങള്‍ (11 ശതമാനം), മഞ്ഞള്‍ (5 ശതമാനം), കറി പൗഡര്‍ (4 ശതമാനം), ചെറിയ ഏലം (3 ശതമാനം). കുരുമുളക് (2 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഉത്പന്നങ്ങള്‍. ഇന്ത്യയുടെ മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനവും ഈ ഉത്പന്നങ്ങളില്‍ നിന്നാണ്.
വലിയ വിപണി ചൈന
ഇന്ത്യയുടെ മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ 20 ശതമാനവും ചൈനയിലേക്കാണ്. 14 ശതമാനവുമായി രണ്ടാംസ്ഥാനത്ത് അമേരിക്കയുണ്ട്.
ബംഗ്ലാദേശ് (7 ശതമാനം), യു.എ.ഇ (6 ശതമാനം), തായ്‌ലന്‍ഡ് (5 ശതമാനം), ഇന്‍ഡോനേഷ്യ (4 ശതമാനം), മലേഷ്യ (4 ശതമാനം), യു.കെ (3 ശതമാനം), ശ്രീലങ്ക (3 ശതമാനം), ജര്‍മ്മനി (2 ശതമാനം), നെതര്‍ലന്‍ഡ്‌സ് (2 ശതമാനം), നേപ്പാള്‍ (2 ശതമാനം), സൗദി അറേബ്യ (2 ശതമാനം) എന്നിവയാണ് മറ്റ് മുഖ്യ വിപണികള്‍. മൊത്തം കയറ്റുമതിയില്‍ 70 ശതമാനവും ഈ രാജ്യങ്ങളിലേക്കാണ്.