ഇന്ത്യയുടെ സ്‌പോര്‍ട്‌സ് നിര്‍മാണ ഹബ്ബായി കേരളം മാറുമോ? ചെറുകിട നിര്‍മാണ മേഖലയില്‍ ആവേശത്തിന്റെ കായിക വസന്തം
സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ മെയ്ക്ക് ഇന്‍ കേരള മോഡല്‍
സ്‌പോര്‍ട്‌സിനോടുള്ള മലയാളിയുടെ ഇഷ്ടവും പാഷനും പുതിയ ബിസിനസ് മേഖല കൂടി തുറന്നു നല്‍കുകയാണ് സംരംഭകര്‍ക്ക്. കളി ഉപകരണങ്ങളുടെ നിര്‍മാണ ഹബ്ബായി മാറാന്‍ സാധിക്കുന്ന രീതിയില്‍ കേരളം മാറിക്കൊണ്ടിരിക്കുകയാണ്. ചെറുകിട യൂണിറ്റുകള്‍ വഴി നൂറുകണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്‌പോര്‍ട്‌സ് വ്യവസായത്തിന് സാധിക്കുന്നു. ഐ.പി.എല്‍ മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വരെയുള്ള വന്‍കിട ലീഗുകളുടെ വരവും സ്‌പോര്‍ട്‌സ് ഇന്‍ഡസ്ട്രിക്ക് കരുത്തായി മാറുകയാണ്.
ഫുട്ബോള്‍ വളര്‍ന്നു, വ്യവസായവും
കേരളത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ബോക്സര്‍ എന്ന പേരില്‍ ബ്രാന്‍ഡ് ഫുട്ബോളുകള്‍ നിര്‍മിക്കുന്നൊരു കമ്പനിയുണ്ടായിരുന്നു. കോടികള്‍ നിക്ഷേപവുമായെത്തിയ കമ്പനി പിന്നീട് അടച്ചുപൂട്ടി. ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ.എം വിജയന്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു ഈ സംരംഭത്തിന് പിന്നില്‍. ഇപ്പോള്‍ മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് ഫുട്ബോള്‍ നിര്‍മിക്കുന്ന ഒരുപാട് ഇടത്തരം സംരംഭങ്ങളുണ്ട്.
ഈ കമ്പനികള്‍ നിര്‍മിക്കുന്ന ഫുട്ബോളുകള്‍ കൂടുതലായും കേരള മാര്‍ക്കറ്റിലാണ് വിറ്റഴിയുന്നത്. വന്‍കിട ബ്രാന്‍ഡുകളുമായി മല്‍സരിക്കാനുള്ള ശേഷി ഇല്ലെങ്കിലും പ്രാദേശിക വിപണിയില്‍ ഇത്തരം ഫുട്ബോളുകള്‍ക്ക് ഡിമാന്‍ഡുണ്ട്. കുറഞ്ഞ വിലയ്ക്ക് വില്പന നടത്തി വിപണി കണ്ടെത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ചെറുകിട വ്യവസായങ്ങളുടെ പട്ടികയിലാണ് ഇത്തരം നിര്‍മാണ യൂണിറ്റുകള്‍ വരുന്നത്.
കേരളത്തിന് പുറത്തു നിന്ന് നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുവരണമെന്നതാണ് പ്രധാന വെല്ലുവിളി. ലെതര്‍, പശ, നൂല്‍ എന്നിവ ഏജന്‍സികള്‍ വഴി എത്തിക്കുകയാണ് പതിവ്. കേരളത്തില്‍ ഫുട്ബോള്‍ ജ്വരം മുമ്പെങ്ങുമില്ലാത്ത വിധം പടര്‍ന്നു പിടിച്ചതോടെ ഇത്തരം ബിസിനസ് സംരംഭങ്ങളുടെ രാശിയും തെളിഞ്ഞു. 600 രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫുട്ബോളുകളാണ് കേരളത്തില്‍ കൂടുതലായി വിറ്റഴിക്കുന്നതെന്ന് ഇത്തരത്തില്‍ യൂണിറ്റ് നടത്തുന്ന മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
ജേഴ്സി നിര്‍മാണം തകൃതി
കേരളത്തിന്റെ സ്പോര്‍ട്സ് നിര്‍മാണ രംഗത്ത് ഏറ്റവും സാധ്യതയുള്ള മേഖലയാണ് ജേഴ്സി പ്രിന്റിംഗ്. ചെറുതും വലുതുമായി നൂറിലേറെ കമ്പനികളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കേരളത്തില്‍ നിന്ന് ജേഴ്സികള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. മുമ്പ് അയല്‍രാജ്യമായ ബംഗ്ലാദേശും ഇന്ത്യയിലെ തന്നെ ഉത്തര്‍പ്രദേശും തമിഴ്നാടുമൊക്കെയായിരുന്നു ജേഴ്സി നിര്‍മാണത്തില്‍ മുന്നില്‍. കാലം മാറിയപ്പോള്‍ കേരള കമ്പനികളും ഒപ്പത്തിനൊപ്പം മുന്നേറുന്നു.
2022ല്‍ ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് നടന്നപ്പോള്‍ കേരളത്തില്‍ നിന്ന് പതിനായിരക്കണക്കിന് ജേഴ്സികളാണ് ലോക മാര്‍ക്കറ്റിലേക്ക് കയറ്റിയയച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്, സൂപ്പര്‍ ലീഗ് കേരള തുടങ്ങി സ്പോര്‍ട്സ് ലീഗുകള്‍ ആരംഭിച്ചത് ജേഴ്സി വില്പന രംഗത്തിനും ഉണര്‍വായിട്ടുണ്ട്. ഇതിനൊപ്പം പ്രാദേശിക സ്പോര്‍ട്സ് ലീഗുകള്‍ വ്യാപകമായതും വില്പന കുതിച്ചുയരാന്‍ കാരണമായി.
100 രൂപ മുതല്‍ 1,500 രൂപ വരെയുള്ള ജേഴ്സികളാണ് കേരളത്തില്‍ കൂടുതലായി നിര്‍മിക്കുന്നത്. കൂടിയ വിലയുടെ ജേഴ്സികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കുകയാണ്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും കേരളത്തില്‍ നിന്നും ജേഴ്സി കയറ്റുമതി ചെയ്യുന്നുണ്ട്. കേരളത്തിലെ വിപണിയില്‍ 200-500 വിലയിലുള്ള ജേഴ്സികളാണ് കൂടുതലായി വിറ്റഴിക്കപ്പെടുന്നതെന്ന് കൊച്ചി കലൂരിലെ മൈതാന്‍ സ്പോര്‍ട്സ് ഉടമ മുഹമ്മദ് ഇര്‍ഷാദ് പറയുന്നു.
മുമ്പ് തിരുപ്പൂരില്‍ നിന്നും മറ്റുമായിരുന്നു ജേഴ്സികള്‍ കേരളത്തിലെ സ്പോര്‍ട്സ് ഷോപ്പുകള്‍ വില്പനയ്ക്കായി എത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പല ഷോപ്പുകള്‍ക്കും സ്വന്തമായി നിര്‍മാണ യൂണിറ്റുകളുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മല്‍സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ കൊച്ചിയില്‍ 6,000 മുതല്‍ 10,000 ജേഴ്സികളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ വില്‍ക്കുന്നത്.
ഇത്തരം ജേഴ്സികളിലേറെയും കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിര്‍മിക്കുന്നതാണ്. അടുത്തിടെ അവസാനിച്ച സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ടീമുകളുടെ ജേഴ്സിക്കും വലിയ ഡിമാന്‍ഡ് ഉണ്ടായിരുന്നുവെന്ന് വിവിധ നിര്‍മാതാക്കള്‍ പറയുന്നു. സംസ്ഥാനത്ത് ചെറുതും വലുതുമായ നിരവധി ഫുട്ബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകളാണ് ഓരോ ആഴ്ചയും നടക്കുന്നത്. ഇത്തരം ടൂര്‍ണമെന്റുകളും ഈ മേഖലയ്ക്ക് വലിയ സംഭാവന നല്കുന്നുണ്ട്.
ബാറ്റ് വിപ്ലവം
അന്താരാഷ്ട്ര താരങ്ങള്‍ കളിക്കുന്ന ക്രിക്കറ്റ് ബാറ്റുകളുടെ നിര്‍മാണം കേരളത്തില്‍ അത്ര വ്യാപകല്ല. ഇത്തരം ബാറ്റുകള്‍ നിര്‍മിക്കുന്നത് ഏറെയും കശ്മീര്‍ താഴ്വരയിലും ജലന്തറിലും മീററ്റിലുമൊക്കെയാണ്. എന്നാല്‍, കേരളത്തില്‍ തരംഗമായി മാറുന്ന ടെന്നീസ് ബോള്‍ ക്രിക്കറ്റിനായി ബാറ്റുകള്‍ ഉണ്ടാക്കുന്ന നിരവധി ചെറിയ യൂണിറ്റുകള്‍ തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലുണ്ട്.
ലെതര്‍ പന്തില്‍ കളിക്കുന്ന ക്രിക്കറ്റ് ബാറ്റുകള്‍ നിര്‍മിക്കുന്നത് കാശ്മീരി വില്ലോയിലാണ്. ഈ മരവും തടിയും കശ്മീരില്‍ മാത്രമാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം ബാറ്റുകളുടെ നിര്‍മാണത്തിന് വലിയ സാധ്യത കേരളത്തിലില്ല. എന്നാല്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് വ്യാപകമായതോടെ ഇത്തരം ബാറ്റുകളുടെ നിര്‍മാണവും തകൃതിയാണ് കേരളത്തില്‍.
മുമ്പ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരം ബാറ്റുകള്‍ കൊണ്ടുവരികയായിരുന്നു പതിവ്. 500 മുതല്‍ 2,000 രൂപ വരെയുള്ള ഇത്തരം ബാറ്റുകള്‍ നിര്‍മിക്കുന്ന 50ഓളം ചെറുകിട യൂണിറ്റുകള്‍ കേരളത്തിലുണ്ട്. ഇത്തരം ബാറ്റുകള്‍ക്ക് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയാണ് ആയുസ്. അതുകൊണ്ട് തന്നെ വിപണി വലുതാണ്.