ഡീസല്‍ വില കുറഞ്ഞതോടെ ലോറി വാടകയില്‍ സ്ഥിരത

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ആശ്വാസമായി

Update: 2021-04-03 10:42 GMT

കേരളമടക്കമുള്ള നാലു സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഡീസല്‍, പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില നേരിയ തോതില്‍ കുറഞ്ഞതോടെ ലോറി വാടക പ്രധാന റൂട്ടുകളില്‍ ഏതാണ്ട് സ്ഥിരത കൈവരിച്ചു. ചരക്കുനീക്കത്തില്‍ വന്ന വര്‍ദ്ധനയും വാടക ഏറ്റിറക്കങ്ങളില്ലാതെ തുടരുന്നതിന് സഹായിച്ച ഘടകമാണെന്ന് ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് (ഐഎഫ്ടിആര്‍ടി) ചൂണ്ടിക്കാട്ടുന്നു.

ഡീസല്‍ വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വന്ന ഒരു രൂപയുടെ കുറവും കൂടി കണക്കിലെടുക്കുമ്പോള്‍ മാര്‍ച്ച് മാസത്തില്‍ വാടക ഏറെക്കുറെ സ്ഥിരമായിരുന്നു. ഡെല്‍ഹി - ഗുവഹാത്തി, ഡെല്‍ഹി- കൊല്‍ക്കത്ത, ഡെല്‍ഹി - ചെന്നൈ - ഡെല്‍ഹി തുടങ്ങിയ പ്രധാന റൂട്ടുകളിലെല്ലാം ലോറി വാടക സ്ഥരിമായിരുന്നു. എന്നാല്‍ ചില റൂട്ടുകളില്‍ വാടക മൂന്നു ശതമാനം വര്‍ദ്ധനയും മറ്റു ചിലതില്‍ 1.5 ശതമാനം ഇടിവും രേഖപ്പെടുത്തിയിരുന്നു.

ഫാക്ടറി വളപ്പില്‍ നിന്ന് ലഭ്യമായ ചരക്കുകളില്‍ 8 - 10 ശതമാനം വര്‍ദ്ധനയും, കയറ്റുമതി - ഇറക്കുമതി സ്ഥലങ്ങളില്‍ നിന്നുളള ചരക്കു ലഭ്യതയില്‍ 50-55 ശതമാനം വര്‍ദ്ധനയും മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തി. എപിഎംസി വിപണികളിലേക്കുള്ള പഴം - പച്ചക്കറി വരവും സ്ഥിരത നിലനിര്‍ത്തി. ഡീസല്‍ വിലയിലുണ്ടായ വര്‍ദ്ധനയെ തുടര്‍ന്ന് 2020 ഒക്ടോബര്‍ മുതല്‍ ലോറി വാടക 25 - 30 ശതമാനം വരെ വര്‍ദ്ധിച്ചിരുന്നു. മാര്‍ച്ച് മാസത്തില്‍ വലിയ ലോറികളുടെ വില്‍പ്പനയിലുണ്ടായ വളര്‍ച്ചയും ചരക്കുനീക്കം ഉയര്‍ന്ന നിലയില്‍ തുടരുമെന്ന പ്രതീക്ഷകളെ പിന്തുണയ്ക്കുന്നു.
.


Tags:    

Similar News