പറക്കാന്‍ ചെലവേറും; വിമാന ഇന്ധന വില ആദ്യമായി 1 ലക്ഷം കടന്നു

വിമാന ഇന്ധനം ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയാണെന്ന് ഇന്‍ഡിഗോ

Update:2022-03-17 11:30 IST

വിമാന ഇന്ധന വില (aviation turbine fuel) ആദ്യമായി ഒരു ലക്ഷം രൂപ കടന്നു. ബുധനാഴ്ച, ഓയില്‍ കമ്പനികള്‍ കിലോ ലിറ്ററിന് ഒറ്റയടിക്ക് 18 ശതമാനം വിലവര്‍ധനവാണ് നടപ്പാക്കിയത്. ഈ വര്‍ഷം ഇത് ആറാമത്തെ തവണയാണ് വിമാന ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

നിലവില്‍ ഡല്‍ഹിയില്‍ ഒരു കിലോ ലിറ്റര്‍ വിമാന ഇന്ധനത്തിന് 1,10666.29 രൂപയാണ് വില. 2022 ജനുവരിക്ക് ശേഷം മാത്രം 26000ല്‍ അധികം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഫെബ്രുവരിയിലായിരുന്നു ഇതിന് മുമ്പത്തെ വില വര്‍ധനവ്. തുടര്‍ച്ചയായ 120ആം ദിസവസും പെട്രോള്‍ -ഡീസല്‍ വില മാറ്റമില്ലാതെ തുടരുമ്പോള്‍ വിമാന ഇന്ധന വില കുത്തന ഉയരുകയാണ്.
2008ല്‍ ജെറ്റ് ഇന്ധന വില 71,028.26ല്‍ എത്തിയപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്ഓയില്‍ വില ബാരലിന് 147 യുഎസ് ഡോളറായിരുന്നു. നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 97.44 യുഎസ് ഡോളറാണ് വില. വിമാനക്കമ്പനികളുടെ ആകെ ചെലവിന്റെ 45 ശതമാനത്തിലധികം ഇന്ധനത്തിന്‌ വേണ്ടിയാണ് നീക്കിവെക്കുന്നത്.
വിമാന ഇന്ധനം ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയാണെന്ന് ഇന്‍ഡിഗോ സിഇഒ റോണോജോയ് ദത്ത അറിയിച്ചു. രണ്ടാഴ്ച്ച കാലത്തെ അന്താരാഷ്ട്ര തലത്തിലെ ശരാശരി വിലയെ അടിസ്ഥാനമാക്കി എല്ലാ മാസവും 1, 16 തീയതികളിലാണ് ജെറ്റ് ഇന്ധന വില പരിഷ്‌കരിക്കുന്നത്.


Tags:    

Similar News