സുന്ദരമായ ഈ ദ്വീപ് രാജ്യത്തേക്കും ഇനി ഇന്ത്യക്കാര്‍ക്ക് വൈകാതെ നേരെ പറന്നിറങ്ങാം, വീസ ഓണ്‍ അറൈവല്‍ പരിഗണനയില്‍
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം
ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ദ്വീപ് രാജ്യമായ തായ്‌വാനിലേക്കും വൈകാതെ നേരെ പറന്നിറങ്ങാം. ടൂറിസത്തിന്റെ ഭാഗമായി രാജ്യത്തേക്ക് കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി വീസ-ഓണ്‍-അറൈവല്‍ സംവിധാനം പരിഗണനയില്ലെന്ന് തായ്‌വാന്‍ വിദേശകാര്യമന്ത്രി ചുങ് ക്വാങ് പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് നീക്കം.
മാത്രമല്ല പഠനത്തിനായി നിരവധി വിദ്യാര്‍ത്ഥികളും ഇവിടെയെത്തുന്നുണ്ട്. കണക്കുകള്‍ പ്രകാരം 3,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് രാജ്യത്ത് പഠിക്കുന്നത്. ടൂറിസം, ബിസിനസ്, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഒരു പോലെ പ്രയോജനമാകാന്‍ വീസ-ഓണ്‍-അറൈവല്‍ സംവിധാനത്തിന് സാധിക്കും.
വൈവിധ്യമായ സംസ്‌കാരവും തിരക്കേറിയ നഗരങ്ങളും
സംസ്‌കാരികമായ വൈവിധ്യവും ഭൂസവിശേഷതകളും തിരക്കേറിയ നഗരങ്ങളുമൊക്കെയായി വ്യത്യസ്ത അനുഭവം നല്‍കുന്ന ഇടമാണ് ദ്വീപ് രാഷ്ട്രമായ തായ്‌വാന്‍. തലസ്ഥാനമായ തായ്‌പെയ്, ടറോകോ നാഷണല്‍ പാര്‍ക്ക്, സണ്‍മൂണ്‍ തടാകം, അലീഷന്‍ മലനിരകള്‍, കെന്റിംഗ് നാഷണല്‍ പാര്‍ക്ക് എന്നിങ്ങനെ സഞ്ചാരികള്‍ കണ്ടിരിക്കേണ്ട നിരവധി ആകര്‍ഷണങ്ങള്‍ തായ്‌വാനിലുണ്ട്.
നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ തായ്‌വാന്‍ സന്ദര്‍ശിക്കണമെങ്കില്‍ മുന്‍കൂട്ടി വീസ നേടണം. ഇത് സമയമെടുക്കുന്നതും ബുദ്ധിമുട്ടേറിയതുമായ പ്രക്രിയയാണ്. വീസ-ഓണ്‍-അറൈവല്‍ നടപ്പാക്കുന്നതോടെ ആയാസരഹിതമായി യാത്രകള്‍ നടത്താം. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് മറ്റ് പല രാജ്യങ്ങളും വീസ-ഓണ്‍-അറൈവല്‍, വീസ ഫ്രീ എന്‍ട്രി സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ഈ രാജ്യങ്ങളുടെ പട്ടികയിലേക്കാണ് തായ്‌വാന്‍ കൂടിയെത്തുന്നത്.