ടാറ്റ, റിലയന്‍സ്, ഹ്യുണ്ടായി.. തമിഴ്‌നാട്ടില്‍ നിക്ഷേപപ്പെരുമഴ; ₹5 ലക്ഷം കോടി കടന്ന് ആദ്യദിന വാഗ്ദാനം

പ്രമുഖ വിയറ്റ്‌നാം വൈദ്യുത വാഹന കമ്പനിയും തമിഴ്‌നാട്ടിലേക്ക്

Update:2024-01-08 11:27 IST

Image : Canva and tngim2024.com

വെള്ളപ്പൊക്കം, പേമാരി, ചുഴലിക്കാറ്റ്.. അടുത്തിടെ തമിഴ്‌നാടിനെ വിറപ്പിച്ച് കടന്നുപോയത് നിരവധി പ്രകൃതിക്ഷോഭങ്ങളാണ്. ഇന്ത്യയിലെ തന്നെ മുന്‍നിര വ്യാവസായിക സംസ്ഥാനമായ തമിഴ്‌നാടിന്റെ ശോഭ ഇതോടെ കെടുമെന്ന വിലയിരുത്തലുകളാണ് പിന്നാലെ കൊടുങ്കാറ്റായി ആഞ്ഞടിച്ചത്.

എന്നാല്‍, ഇപ്പോഴിതാ നിക്ഷേപസംഗമത്തില്‍ വന്‍തോതില്‍ പുത്തന്‍ വാഗ്ദാനങ്ങള്‍ സ്വന്തമാക്കി വിമര്‍ശനങ്ങളുടെ മുനയൊടിക്കുകയാണ് തമിഴ്‌നാട്. ജനുവരി 7ന് ആരംഭിച്ച തമിഴ്‌നാട് ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ്-2024ന്റെ (TNGIM-2024) ആദ്യദിനത്തില്‍ തന്നെ 5 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് തമിഴ്‌നാട് കീശയിലാക്കിയത്.
വാഹനം, ഹരിതോര്‍ജം, ഇലക്ട്രോണിക്‌സ്: കോടിക്കിലുക്കവുമായി കമ്പനികള്‍
100ലധികം ധാരണാപത്രങ്ങളിലൂടെ 5.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍ സംഗമത്തിന്റെ ആദ്യദിനത്തില്‍ തന്നെ ലഭിച്ചെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയത്. 2015ലെ നിക്ഷേപസംഗമത്തിന്റെ ആദ്യദിനത്തില്‍ ലഭിച്ച 2.42 ലക്ഷം കോടി രൂപ, 2019ലെ സംഗമത്തിന്റെ ഒന്നാംദിനത്തില്‍ ലഭിച്ച 3.43 ലക്ഷം കോടി രൂപ എന്നീ റെക്കോഡുകള്‍ ഇക്കുറി പഴങ്കഥയായി. മൊത്തം 20,000ലധികം തൊഴിലവസരങ്ങളാണ് ഇത്തവണത്തെ നിക്ഷേപവാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ സൃഷ്ടിക്കപ്പെടുക.
ടാറ്റാ, റിലയന്‍സ്, ഹ്യുണ്ടായ്... പ്രമുഖരുടെ പട്ടിക നീളുന്നു
ഓട്ടോമൊബൈല്‍ (വാഹന നിര്‍മ്മാണം), ഇലക്ട്രോണിക്‌സ്, റിന്യൂവബിള്‍ എനര്‍ജി (പുനരുപയോഗ ഊര്‍ജം) തുടങ്ങിയ മേഖലകളിലായാണ് ഇക്കുറി നിക്ഷേപക സംഗമത്തില്‍ തമിഴ്‌നാട് നിക്ഷേപ വാഗ്ദാനങ്ങള്‍ സ്വന്തമാക്കിയത്.
ടാറ്റയുടെ ₹67,000 കോടി
ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാറ്റാ പവര്‍ 55,000 കോടി രൂപ നിക്ഷേപിച്ച് 10 ഗിഗാവാട്ടിന്റെ റിന്യൂവബിള്‍ എനര്‍ജി പദ്ധതി സ്ഥാപിക്കും. ഇതില്‍ സോളാറിന് പുറമേ വിന്‍ഡ് എനര്‍ജി പദ്ധതിയുമുണ്ടാകും. ഇവയുള്‍പ്പെടെ മൊത്തം 67,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ടാറ്റാ ഗ്രൂപ്പ് കമ്പനികള്‍ മുന്നോട്ടുവച്ചിട്ടുള്ളത്.
റിലയന്‍സ് ജിയേയുടെ ₹35,000 കോടി
ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഗ്രൂപ്പിന് കീഴിലെ ജിയോയും കാനഡയുടെ ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയും ചേര്‍ന്ന് ചെന്നൈയില്‍ ഡേറ്റാ സെന്റര്‍ സ്ഥാപിക്കും. 35,000 കോടി രൂപയാണ് പ്രതീക്ഷിത നിക്ഷേപം.
₹12,000 കോടിയുടെ പദ്ധതിയുമായി ജെ.എസ്.ഡബ്ല്യു
റിന്യൂവബിള്‍ എനര്‍ജി രംഗത്ത് 12,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് സംഗമത്തില്‍ ജെ.എസ്.ഡബ്ല്യു എനര്‍ജി വ്യക്തമാക്കി. ഇതുസംബന്ധിച്ച കരാറും ഒപ്പുവച്ചു.

₹6,000 കോടിയുമായി ഹ്യുണ്ടായ്
തമിഴ്‌നാട്ടില്‍ കഴിഞ്ഞവര്‍ഷം 20,000 കോടി രൂപയുടെ നിക്ഷേപമിറക്കിയ പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഇക്കുറി 6,180 കോടി രൂപയുടെ കൂടി നിക്ഷേപം വാഗ്ദാനം ചെയ്തു.
തമിഴ്‌നാട്ടില്‍ ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ഹബ്ബ് സ്ഥാപിക്കാനായി ഐ.ഐ.ടി മദ്രാസുമായും ഹ്യുണ്ടായ് കൈകോര്‍ക്കും.
വിന്‍ഫാസ്റ്റും വരുന്നൂ
പ്രമുഖ വിയറ്റ്‌നാം വൈദ്യുത വാഹന കമ്പനിയായ വിന്‍ഫാസ്റ്റ് ഓട്ടോ (VinFast Auto) 16,000 കോടി രൂപയുടെ ഇ.വി നിര്‍മ്മാണ പ്ലാന്റ് തൂത്തുക്കുടിയില്‍ സ്ഥാപിക്കുമെന്ന വാഗ്ദാനം നിക്ഷേപക സംഗമത്തില്‍ നല്‍കിക്കഴിഞ്ഞു. ഏറെക്കാലമായി കമ്പനി ഇന്ത്യയിലേക്ക് പ്രവേശനത്തിനായി ഒരുങ്ങി നില്‍ക്കുകയാണ്.
മറ്റ് പ്രമുഖ നിക്ഷേപ വാഗ്ദാനങ്ങള്‍
വിവിധ പദ്ധതികളിലായി ടി.വി.എസ് ഗ്രൂപ്പ് 5,000 കോടി രൂപ നിക്ഷേപിക്കും. ഫസ്റ്റ് സോളാര്‍ കമ്പനി കാഞ്ചീപുരത്ത്  സോളാര്‍ പ്ലാന്റ് സ്ഥാപിക്കും. 2,500 കോടി രൂപയുടെ പദ്ധതിയാണിത്.
ആപ്പിളിന് വേണ്ടി ഐഫോണ്‍ നിര്‍മ്മിക്കുന്ന തായ്‌വാന്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ പെഗാട്രോണ്‍ തമിഴ്‌നാട്ടില്‍ 1,000 കോടി നിക്ഷേപിച്ച് പുതിയ പ്ലാന്റ് സ്ഥാപിക്കും. ചെങ്കല്‍പ്പട്ടില്‍ 515 കോടി രൂപയുടെ പ്ലാന്റാണ് ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെ വാഗ്ദാനം. 177 കോടി രൂപയുടെ ഡിസൈന്‍ സെന്ററാണ് ചെന്നൈയില്‍ പ്രമുഖ ചിപ്പ്‌നിര്‍മ്മാതാക്കളായ ക്വോല്‍കോം സ്ഥാപിക്കുക.
Tags:    

Similar News