ഫാക്ടറികളിലെ തൊഴിലവസരങ്ങള്‍ കൂടുതല്‍ തമിഴ്‌നാട്ടില്‍; വ്യവസായത്തില്‍ മുന്നില്‍ ഈ സംസ്ഥാനങ്ങള്‍

ഉല്‍പ്പാദന വ്യവസായത്തെ പിടിച്ചു നിര്‍ത്തുന്നത് അഞ്ചു സംസ്ഥാനങ്ങള്‍

Update:2024-10-01 16:52 IST

രാജ്യത്ത് ഉല്‍പാദനമേഖലയിലെ ഫാക്ടറികളില്‍ കൂടുതല്‍ തൊഴില്‍ നല്‍കുന്ന സംസ്ഥാനങ്ങളില്‍ തമിഴ്‌നാട്  ഒന്നാം സ്ഥാനത്ത്.  തമിഴ്‌നാടിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളത്. ഉല്‍പ്പാദന രംഗത്തെ കണക്കുകള്‍ സംബന്ധിച്ച് 2022-23 വര്‍ഷത്തെ അടിസ്ഥാനമാക്കി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് തയ്യാറാക്കിയ വ്യവസായ വാര്‍ഷിക സര്‍വെയിലാണ് ഇക്കാര്യങ്ങളുള്ളത്. ഉല്‍പ്പാദന മേഖലയിലെ വ്യവസായങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 7.5 ശതമാനം വളര്‍ച്ചയുണ്ടായതായി സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. 1.84 കോടി തൊഴിലാളികളാണ് വിവിധ വ്യവസായ യൂണിറ്റുകളില്‍ ഉള്ളത്. മുന്‍ വര്‍ഷം ഇത് 1.72 കോടി ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വര്‍ധന സര്‍വ്വകാല റെക്കോര്‍ഡാണ്. മാനേജര്‍മാര്‍ മുതല്‍ സാധാരണ തൊഴിലാളികള്‍ വരെയുള്ളവരുടെ കണക്കാണിത്. കോവിഡിന്റെ ആഘാതത്തെ വ്യവസായങ്ങള്‍ അതിജീവിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ കണക്കുകളില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ തൊഴിലാളികള്‍ ഭക്ഷ്യമേഖലയില്‍

ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ മേഖലയാണ്. ടെക്‌സറ്റൈല്‍, മെറ്റല്‍, മോട്ടോര്‍ വെഹിക്കിള്‍, അപ്പാരല്‍സ്, ട്രെയിലര്‍ എന്നിവയുമായി ബന്ധപ്പെട്ട ഫാക്ടറികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. രാജ്യത്തെ മൊത്തം ഫാക്ടറികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 2.53 ലക്ഷം ഫാക്ടറികളാണുള്ളത്. 2021-22 വര്‍ഷത്തില്‍ ഇത് 2.49 ലക്ഷം ആയിരുന്നു. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതും 10 ല്‍ അധികം തൊഴിലാളികളുള്ളതുമായി ഫാക്ടറികളും വൈദ്യുതി ഇല്ലാതെ 20 ല്‍ അധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഫാക്ടറികളുമാണ് സര്‍വെയില്‍ ഉള്‍പ്പെടുന്നത്.

ഉല്‍പ്പാദനം കൂടുതല്‍ ഇരുമ്പ് വ്യവസായത്തില്‍

കൂടുതല്‍ ഉല്‍പ്പാദനം നടന്ന മേഖലയില്‍ മുന്നിലുള്ളത് ഇരുമ്പ് വ്യവസായമാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയും മികച്ചു നിന്നു. ഈ വ്യവസായങ്ങളില്‍ നിന്നുള്ള ഉല്‍പാദനം മൊത്തം ഉല്‍പാദനത്തിന്റെ 58 ശതമാനമാണ്. ഉല്‍പ്പാദന മൂല്യത്തില്‍ ഒന്നാം സ്ഥാനം മഹാരാഷ്ട്രക്കാണ്. ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. രാജ്യത്തെ മൊത്തം ഉല്‍പ്പാദന മൂല്യത്തിന്റെ 54 ശതമാനം ഈ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണ്.

ഫാക്ടറികളുടെ ശരാശരി ലാഭം വര്‍ധിച്ചു

ഫാക്ടറികളുടെ ലാഭം  കഴിഞ്ഞ വര്‍ഷം നേരിയ(2.7 ശതമാനം) വർധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 9,76 ലക്ഷം കോടി രൂപയാണ് കമ്പനികളുടെ ലാഭം. ഉല്‍പ്പാദന വ്യവസായത്തിലെ മൊത്തം മൂലധനത്തില്‍ 77 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 5.85 ലക്ഷം കോടി രൂപയാണ് മൊത്തം സ്ഥിര മൂലധനം. മുന്‍ വര്‍ഷം ഇത് 3.3 ലക്ഷം കോടി രൂപയായിരുന്നു. അസംസ്‌കൃത വസ്തുക്കള്‍, ഇന്ധനം തുടങ്ങിയവയുടെ ലഭ്യതക്കുറവ് കഴിഞ്ഞ വര്‍ഷം ഫാക്ടറികളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നതായും ഇത് മൂലം ഡിമാന്റിന് അനുസരിച്ചുള്ള ഉല്‍പ്പാദനം നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Tags:    

Similar News