ജെ.എല്‍.ആര്‍ വില്‍പ്പന ഉയര്‍ന്നു; 3,200 കോടി രൂപയുടെ അറ്റാദായവുമായി ടാറ്റ മോട്ടോഴ്സ്

പ്രവര്‍ത്തന വരുമാനം 42% വര്‍ധിച്ച് 1.01 ലക്ഷം കോടി രൂപയായി

Update: 2023-07-25 12:20 GMT

2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 3,202.3 കോടി രൂപയുടെ സംയോജിത അറ്റാദായവുമായി ടാറ്റ മോട്ടോഴ്സ്. കമ്പനിയുടെ പാസഞ്ചര്‍ വാഹന ബിസിനസിന്റെ മെച്ചപ്പെട്ട വളര്‍ച്ചയും ആഡംബര കാര്‍ യൂണിറ്റായ ജാഗ്വാര്‍ ലാന്‍ഡ് റോവറിലെ (JLR) ശക്തമായ വില്‍പ്പനയും ടാറ്റ മോട്ടോഴ്സിന്റെ അറ്റാദായ വളര്‍ച്ചയ്ക്ക് കാരണമായി.

മെച്ചപ്പെടുന്നു

മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 5,006.60 കോടി രൂപയുടെ അറ്റനഷ്ടവും 71,934.66 കോടി രൂപയുടെ വരുമാനവുമായിരുന്നു കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. അവലോകന പാദത്തില്‍ പ്രവര്‍ത്തന വരുമാനം 42% വര്‍ധിച്ച് 1.01 ലക്ഷം കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 71,227.76 കോടി രൂപയായിരുന്നു. പലിശ, നികുതി തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (EBITDA) 177% വര്‍ധിച്ച് 14,700 കോടി രൂപയായി.

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വളര്‍ച്ച

ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ നിന്നുള്ള വരുമാനം 57% വര്‍ധിച്ച് 72,500 കോടി രൂപയായി. പാസഞ്ചര്‍ വാഹന (പിവി) ബിസിനസ്സില്‍ 11.1% വരുമാന വളര്‍ച്ചയുണ്ടായി. അവലോകന പാദത്തില്‍ കമ്പനിയുടെ ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ മൊത്ത വില്‍പ്പന യഥാക്രമം 10,324, 82,929 വാഹനങ്ങളാണ്. മൊത്തം 93,253 യൂണിറ്റുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30% വര്‍ധന. ടാറ്റ മോട്ടോഴ്സിന്റെ ഓഹരി ബിഎസ്ഇയില്‍ 1.62 ശതമാനം ഉയര്‍ന്ന് 639.45 രൂപയായി ക്ലോസ് ചെയ്തു.

Tags:    

Similar News