മൂന്നാം പാദത്തില്‍ കുതിപ്പുമായി ടാറ്റ മോട്ടോഴ്‌സ്
ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ അറ്റദായം 67 ശതമാനം ഉയര്‍ന്ന് 2,906 കോടിയായി
2020 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ വന്‍മുന്നേറ്റവുമായി ഇന്ത്യയിലെ വാഹന രംഗത്തെ വമ്പന്മാരായ ടാറ്റ മോട്ടോഴ്‌സ്. അറ്റദായം 67 ശതമാനം ഉയര്‍ന്ന് 2,906.45 കോടി രൂപയിലെത്തി. വരുമാനം 5.5 ശതമാനം ഉയര്‍ന്ന് 75,653.8 കോടി രൂപയായി.
കമ്പനി 2,362.1 കോടി രൂപയുടെ അറ്റാദായവും 80,833.3 കോടി രൂപ വരുമാനവും നേടുമെന്നായിരുന്നു വിദഗ്ധരുടെ പ്രതീക്ഷ.
'2021 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാം പാദത്തില്‍ വാഹന വ്യവസായം ശക്തമായ വില്‍പ്പനയ്ക്ക് സാക്ഷ്യം വഹിച്ചു' ടാറ്റാ മോട്ടോഴ്സിന്റെ സിഇഒയും എംഡിയുമായ ഗുണ്ടര്‍ ബട്ട്ഷെക് പറഞ്ഞു.
കമ്പനിയുടെ ഏറ്റവും വലിയ അനുബന്ധ സ്ഥാപനമായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 439 ദശലക്ഷം പൗണ്ട് സ്റ്റേര്‍ലിംഗ് ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇത് 121 ദശലക്ഷം പൗണ്ട് സ്റ്റേര്‍ലിംഗ് ആയിരുന്നു. ഇത് ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ റെക്കോര്‍ഡാണ്.
'ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സിഇഒയെന്ന നിലയില്‍ ഈ ആദ്യ പാദത്തിലെ മെച്ചപ്പെട്ട സാമ്പത്തിക പ്രകടനം എന്നെ പ്രോത്സാഹിപ്പിക്കുന്നു. ഈ പ്രകടനം ജീവനക്കാരുടെ സമഗ്ര പരിശ്രമത്തിന്റെ ബഹുമതിയാണ്,'' ജെഎല്‍ആറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തിയറി ബൊല്ലോറ പറഞ്ഞു.
ടാറ്റാ മോട്ടോഴ്സ് മൂന്നാം പാദത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഓപ്പറേറ്റിംഗ് മാര്‍ജിന്‍ 540 ബേസിസ് പോയിന്റ് വര്‍ധിച്ച് 14.8 ശതമാനമായി. ഇന്ത്യന്‍ ബിസിനസ്സ് ഓപ്പറേറ്റിംഗ് മാര്‍ജിന്‍ 570 ബേസിസ് പോയിന്റുകള്‍ വര്‍ധിച്ച് 6.8 ശതമാനമായി ഉയര്‍ത്തി. ജെഎല്‍ആറിന്റെ മാര്‍ജിന്‍ 560 ബിപിഎസ് ഉയര്‍ന്ന് 15.8 ശതമാനമായി.