ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നില്‍ ടി.സി.എസ്; റിലയന്‍സ് ഇന്‍ഡസ്ട്രീസും, ഇന്‍ഫോസിസും പിന്നാലെ

പട്ടികയിലെ 50 കമ്പനികളുടേയും മൊത്തം മൂല്യം 8.3 ലക്ഷം കോടി രൂപ

Update:2023-06-02 17:13 IST

Image: dhanamfile/canva

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഒന്നാമതെത്തി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS). പ്രമുഖ ആഗോള ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സിയായ ഇന്റര്‍ബ്രാന്‍ഡിന്റെ കണക്കനുസരിച്ച് 1.09 ലക്ഷം കോടി രൂപയുടെ ബ്രാന്‍ഡ് മൂല്യവുമായാണ് 2023 ലെ ഏറ്റവും മൂല്യമേറിയ 50 ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ടി.സി.എസ് ഒന്നാമതെത്തിയത്.

മറ്റ് കമ്പനികള്‍

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് 65,320 കോടി രൂപയുടെ ബ്രാന്‍ഡ് മൂല്യവുമായി രണ്ടാം സ്ഥാനത്തുള്ളത്. അദ്ദേഹത്തിന്റെ തന്നെ ടെലികോം, ഡിജിറ്റല്‍ കമ്പനിയായ ജിയോയും 49,027 കോടിയുടെ ബ്രാന്‍ഡ് മൂല്യവുമായി അഞ്ചാം സ്ഥാനത്തുണ്ട്. 53,323 കോടി രൂപയുടെ ബ്രാന്‍ഡ് മൂല്യവുമായി ഐ.ടി കമ്പനിയായ ഇന്‍ഫോസിസ് മൂന്നാം സ്ഥാനത്താണ്. എച്ച്.ഡി.എഫ്.സിയാണ് നാലാം സഥാനത്ത്. എയര്‍ടെല്‍, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍.ഐ.സി), മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ എന്നിവയാണ് പട്ടികയിലെ മറ്റ് ബ്രാന്‍ഡുകള്‍.

മൊത്തം മൂല്യം

പട്ടികയിലെ 50 കമ്പനികളുടേയും മൊത്തം മൂല്യം നോക്കിയാല്‍ ഇത് 8.3 ലക്ഷം കോടി രൂപ (100 ബില്യണ്‍ യുഎസ് ഡോളര്‍) വരുമെന്ന് ഇന്റര്‍ബ്രാന്‍ഡിന്റെ കണക്കകള്‍ പറയുന്നു. മികച്ച പത്ത് ബ്രാന്‍ഡുകളുടെ മൊത്തം ബ്രാന്‍ഡ് മൂല്യം മാത്രം 4.9 ലക്ഷം കോടി രൂപവരും. ശേഷിക്കുന്ന 40 ബ്രാന്‍ഡുകളുടെ സംയുക്ത മൂല്യം 3.3 ലക്ഷം കോടി രൂപയും.

കഴിഞ്ഞ പത്ത് വര്‍ഷമായി അതിവേഗം വളരുന്ന മേഖലകള്‍ പരിശോധിച്ചാല്‍ വേഗത്തില്‍ വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കള്‍ (എഫ്.എം.സി.ജി) 25 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. പിന്നാലെ ഭവന നിര്‍മ്മാണവും അടിസ്ഥാന സൗകര്യ വികസനവും 17 ശതമാനവും, സാങ്കേതികവിദ്യ 14 ശതമാനവും സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി.

Tags:    

Similar News