ടെലികോം കമ്പനികള്‍ പ്രതിസന്ധിയില്‍; നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് സുനില്‍ മിത്തല്‍
സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ടെലികോം കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നും സുനില്‍മിത്തല്‍
രാജ്യത്ത് ടെലികോം മേഖല തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും അതില്‍ നിന്ന് കരകയറാന്‍ താരിഫ് വര്‍ധന വേണ്ടി വരുമെന്നും ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍. ഈ നിലയില്‍ പോകുകയാണെങ്കില്‍ ടെലികോം കമ്പനികള്‍ രാജ്യത്ത് നിലനില്‍ക്കണമെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വലിയ പിന്തുണ ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാലാം പാദത്തില്‍ 7023 കോടി രൂപയുടെ നഷ്ടക്കണക്ക് വൊഡഫോണ്‍ ഐഡിയ പുറത്തു വിട്ടതിനു പിന്നാലെയാണ് എയര്‍ടെല്‍ മേധാവിയുടെ പ്രതികരണം.
രാജ്യത്ത് 5ജി സേവനങ്ങള്‍ നല്ല നിലയില്‍ ലഭ്യമാക്കണമെങ്കില്‍ സാമ്പത്തികമായി മെച്ചപ്പെട്ട ടെലികോം കമ്പനികള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു. പരസ്പരം ഇല്ലാതാക്കിക്കൊണ്ട് ടെലികോം കമ്പനികള്‍ക്ക് നിലനില്‍പ്പില്ലെന്നും പഴയ നിരക്കിലേക്ക് തിരിച്ചു പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ സംശയമില്ല എന്നാല്‍ വര്‍ധന ഏകപക്ഷീയമായി നടപ്പാക്കാനാവില്ലെന്നും സുനില്‍ മിത്തല്‍ പറയുന്നു.