എണ്ണവിലയിലെ തകര്‍ച്ച നമ്മള്‍ കാണുന്നതിനുമപ്പുറം

Update: 2020-03-26 10:25 GMT

എണ്ണ ഉല്‍പ്പാദക കേന്ദ്രങ്ങളില്‍ ക്രൂഡോയ്ല്‍ വില ബാരലിന് എട്ടുഡോളര്‍ വരെ എത്തിയിട്ടുണ്ടെന്ന് രാജ്യാന്തര റിപ്പോര്‍ട്ടുകള്‍. ആഗോളവിപണികളില്‍ എണ്ണ വില ബാരലിന് 25 ഡോളറിനടുത്താണെങ്കിലും എണ്ണപ്പാടങ്ങളില്‍ ഇത് ബാരലിന് 15 ഡോളര്‍ മുതല്‍ എട്ട് ഡോളര്‍ വരെയുള്ള നിരക്കിലാണെന്ന് രാജ്യാന്തര കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എണ്ണപ്പാടങ്ങളില്‍ ഇനിയും വില കുറയുമെന്ന് തന്നെയാണ് ആഗോളതലത്തിലെ ട്രേഡിംഗ് ഹൗസുകളിലെ പ്രതിനിധികള്‍ പറയുന്നത്. കൊറോണ ഭീതിയെ തുടര്‍ന്ന് ലോകത്തെമ്പാടും ഇന്ധന ഉപഭോഗം കുത്തനെ കുറഞ്ഞിരിക്കുകയാണ്. എണ്ണ വില വിപണിയില്‍ പരിധി വിട്ട് കുറയുമ്പോള്‍ എണ്ണ ഉല്‍പ്പാദനം നിയന്ത്രിച്ച് വില പിടിച്ചുനിര്‍ത്താന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ശ്രമിക്കാറുണ്ട്. പക്ഷേ ഒപെക് രാജ്യങ്ങളിലെ അഭിപ്രായ ഭിന്നതകളും എണ്ണ വില വര്‍ധിക്കുമ്പോള്‍ നേട്ടമുണ്ടാക്കുന്ന അമേരിക്കയിലെ ഷെയ്ല്‍ ഗ്യാസ് നിര്‍മാതാക്കളെ തകര്‍ക്കാനുള്ള ഗൂഢതന്ത്രങ്ങളും ഒത്തുചേര്‍ന്നതുകൊണ്ട് എണ്ണ ഉല്‍പ്പാദനം ലോകത്ത് വന്‍തോതില്‍ നടക്കുകയാണ്.

ഉപഭോഗത്തില്‍ വന്‍ ഇടിവ് സംഭവിച്ചെങ്കിലും ഉല്‍പ്പാദനം കുറയാത്തതുമൂലം ആഗോളവിപണികളില്‍ എണ്ണ വില ഇടിയാന്‍ തുടങ്ങി. എണ്ണ ഉല്‍പ്പാദിപ്പിച്ചാല്‍ അതിന്റെ സംഭരണവും ഏറെ ചെലവുള്ള കാര്യമാണ്. അതുകൊണ്ടാണ് ഉല്‍പ്പാദന കേന്ദ്രങ്ങള്‍ പരമാവധി വില താഴ്ത്തി വില്‍ക്കാന്‍ ശ്രമിക്കുന്നത്.

നിലവില്‍ എണ്ണവിലയില്‍ രാജ്യാന്തര വിപണിയില്‍ 60 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. എന്നാല്‍ അതിനേക്കാള്‍ അപ്പുറം വില താഴ്ച സംഭവിച്ചിട്ടുണ്ടെന്നും ലോകം അറിയുന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും കമോഡിറ്റി വിദഗ്ധര്‍ പറയുന്നു. പല പ്രമുഖ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും എത്രയും വേഗം ചരക്ക് വിറ്റ് പണമാക്കാന്‍ ലോക വിപണിയിലെ സൂചിക വിലയേക്കാള്‍ വലിയ ഡിസ്‌കൗണ്ട് നല്‍കുകയാണ്. അതിനിടെ ലോക രാജ്യങ്ങളുടെ തന്ത്രപ്രധാനമായ എണ്ണ സംഭരണ കേന്ദ്രങ്ങളും നിറഞ്ഞ അവസ്ഥയിലാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News