റഷ്യ-യുക്രെയ്ന്‍ യുദ്ധം നമ്മുടെ അടുക്കളകളിലും അലയടിക്കും, പാചക എണ്ണ വില കുതിക്കും

ഇന്ത്യയിലേക്കുള്ള 3.5 ലക്ഷം ടണ്‍ പാചക എണ്ണയാണ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്

Update: 2022-03-01 06:30 GMT

റഷ്യ- യുക്രെയ്ന്‍ (Russia-Ukraine) സംഘര്‍ഷം ആഗോളജനതയെ ബാധിക്കുമെന്നത് ആര്‍ക്കും തന്നെ സംശയമില്ലാത്ത കാര്യമാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് കരകയറി വരുന്നതിനിടെ ഉടലെടുത്ത ഈ യുദ്ധം ഏതൊക്കെ രീതിയില്‍ തങ്ങളെ ബാധിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യത്തും വിലക്കയറ്റമുണ്ടാകുമെന്ന് ഏവരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും പാചക എണ്ണയുടെ വില കുതിച്ചുയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലേക്ക് കയറ്റി അയക്കാനിരുന്ന 3.5 ലക്ഷം ടണ്‍ പാചക എണ്ണ വിവിധ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ ഇവയുടെ വില വരും നാളുകളില്‍ കുതിച്ചുയരും.

ആഗോളതലത്തില്‍ ആവശ്യമായ സൂര്യകാന്തി എണ്ണയുടെ 80 ശതമാനവും റഷ്യ, യുക്രെയ്ന്‍ എന്നീ രാജ്യങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. ഇരുരാജ്യങ്ങളിലെയും സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇവയുടെ കയറ്റുമതി തടസപ്പെട്ടതിനാല്‍ ആഗോള വിപണിയില്‍ സൂര്യകാന്തി എണ്ണയുടെ ക്ഷാമവും രൂക്ഷമാകും. ഇത് വലവര്‍ധനവിന് കാരണമാകും. നിലവിലെ ഉപഭോഗത്തിന്റെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഉക്രെയ്നില്‍ നിന്നും റഷ്യയില്‍ നിന്നും ഏകദേശം 5.5 ലക്ഷം ടണ്‍ സൂര്യകാന്തി എണ്ണ ലഭ്യമാക്കുന്നതിനായി കരാറെടുത്തതായി ഇന്റര്‍നാഷണല്‍ സണ്‍ഫ്‌ലവര്‍ ഓയില്‍ പ്രസിഡന്റ് സന്ദീപ് ബജോറിയയെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 1.8 ലക്ഷം ടണ്‍ ഇറക്കുമതി ചെയ്‌തെങ്കിലും ബാക്കി കയറ്റുമതിയുടെ കാര്യം അനിശ്ചിതത്വത്തിലാണ്.
കണക്കുകള്‍ പ്രകാരം, ഒക്ടോബര്‍ വരെ ഇന്ത്യ 1.89 ദശലക്ഷം ടണ്‍ അസംസ്‌കൃത എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 74 ശതമാനവും യുക്രെയ്‌നില്‍നിന്നും 12 ശതമാനം റഷ്യയില്‍നിന്നുമാണ്.


Tags:    

Similar News