84 ശതമാനം ജീവനക്കാരും ഓഫീസുകളിലേക്ക് മടങ്ങാന്‍ തയ്യാറെന്ന് സര്‍വേ

ഓഗസ്റ്റ് മാസത്തില്‍ 1000 ജീവനക്കാര്‍ക്കിടയിലാണ് ഡിലോയ്റ്റ് ഓണ്‍ലൈന്‍ സര്‍വേ നടത്തിയത്

Update: 2021-09-22 07:06 GMT

വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 84 ശതമാനം ജീവനക്കാരും ഓഫീസുകളിലേക്ക് മടങ്ങാന്‍ തയ്യാറായതായി സര്‍വേ. ഡിലോയ്റ്റിന്റെ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഓഗസ്റ്റ് മാസത്തില്‍ 1000 ജീവനക്കാര്‍ക്കിടയിലാണ് ഡിലോയ്റ്റ് ഓണ്‍ലൈന്‍ സര്‍വേ നടത്തിയത്. ജീവനക്കാരില്‍ 84 ശതമാനം പേരും ഓഫീസുകളിലെത്തി ജോലി ചെയ്യുന്നത് സുരക്ഷിതമാണെന്നാണ് കരുന്നത്. 60 ശതമാനത്തോളം പേര്‍ ഇവന്റുകളില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നും സര്‍വേ പറയുന്നു.

കൂടാതെ, സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവും സാമ്പത്തിക പുനരുജ്ജീവനവും ഇന്ത്യയിലെ മൊത്തത്തിലുള്ള ഉപഭോക്തൃ ഉത്കണ്ഠ 34 ശതമാനത്തോളം കുറച്ചതായും സര്‍വേ പറയുന്നു. അതേസമയം, യുഎസ്, ഓസ്‌ട്രേലിയ, യുകെ എന്നിവിടങ്ങളില്‍ ഇത് ഉയരുകയാണ്. ഇന്ത്യയില്‍ വാക്‌സിനേഷന്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതിനാല്‍ ഇന്ത്യക്കാര്‍ പതുക്കെ ഓഫീസുകളിലേക്ക് മടങ്ങുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, പൊതുഗതാഗതം ഉപയോഗിക്കുന്നതില്‍ മിക്കവര്‍ക്കും ആശങ്കയുണ്ട്. ജൂലൈയില്‍ 73 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 70 ശതമാനം പേര്‍ പൊതുഗതാഗതത്തിന്റെ ഉപയോഗം പരിമിതപ്പെടുത്താന്‍ പദ്ധതിയിടുന്നതായി സര്‍വേ കണ്ടെത്തി.
എന്നിരുന്നാലും, ശാരീരിക ക്ഷേമത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു, 76 ശതമാനം പേര്‍ അവരുടെ ശാരീരിക ക്ഷേമത്തെക്കുറിച്ച് ആശങ്കാകുലരാണെന്നും 79 ശതമാനം പേര്‍ അവരുടെ കുടുംബത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണെന്നും സര്‍വേ പറയുന്നു. കൂടാതെ, 59 ശതമാനം ഉപഭോക്താക്കള്‍ക്കും വിമാനയാത്ര സുരക്ഷിതമാണെന്നാണ് കരുതുന്നത്. നിരവധി രാജ്യങ്ങള്‍ ഇന്ത്യയ്ക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിനാല്‍ അന്താരാഷ്ട്ര വിനോദയാത്രകളും സജീവമാകുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം ഇന്ത്യക്കാരും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വിനോദത്തിനായി അന്താരാഷ്ട്ര യാത്രകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.



Tags:    

Similar News