വെന്റിലേറ്ററുമായി നെസ്റ്റ് ഗ്രൂപ്പ്, പിപിഇ കിറ്റുണ്ടാക്കി കിറ്റക്‌സ്, N95 മാസ്‌കുമായി എയ്‌റോഫില്‍: കേരളം സുസജ്ജമാകുന്നു
പ്രതിസന്ധിഘട്ടത്തില്‍ ഇത്രത്തോളം നിശ്ചയാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഈ കമ്പനികളുള്ളപ്പോള്‍ കേരളം എങ്ങനെയാണ് പിന്നിലാകുന്നത്. കേരളത്തില്‍ ഇനി വെന്റിലേറ്ററിനും പിപിഇ കിറ്റിനും മാസ്‌കിനുമൊന്നും ലഭ്യതക്കുറവ് ഉണ്ടാകാന്‍ വഴിയില്ല. കാരണം വിവിധ മേഖലകളില്‍ മുന്‍നിരയിലുള്ള സ്ഥാപനങ്ങളാണ് അടിയന്തര ഘട്ടത്തില്‍ ഏറെ ആവശ്യമുള്ള ഇവയുണ്ടാക്കാന്‍ രാവും പകലുമായി പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഈ ദൗത്യം കിറ്റക്‌സും നെസ്റ്റ് ഗ്രൂപ്പും ഏറ്റെടുക്കുന്നത്.
ദിവസം 35,000 പിപിഇ കിറ്റ്
കിറ്റക്‌സ് ഗാര്‍മന്റ്‌സ് ലിമിറ്റഡിന്റെ കിഴക്കമ്പലത്തുള്ള യൂണിറ്റില്‍ ഇപ്പോള്‍ കുഞ്ഞുടുപ്പുകള്‍ക്ക് പകരം ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പിപിഇ കിറ്റുകളാണ് ഉണ്ടാക്കുന്നത്. 8000ത്തോളം ജീവനക്കാരെ ക്വാറന്റൈനില്‍ താമസിപ്പിച്ച് ദിവസവും ഇവിടെ ഉണ്ടാക്കുന്നത് 35,000 പിപിഇ കിറ്റുകള്‍. ഇത് 50,000 ആക്കി ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. ഇതോടെ മാസം 15 ലക്ഷം കിറ്റുകള്‍ ലഭ്യമാക്കാനാകും.
''ലോകത്ത് പിപിഇ കിറ്റുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഞങ്ങള്‍ ഇവയുടെ ഉല്‍പ്പാദനം ആരംഭിച്ചത്. ഇപ്പോള്‍ പലയിടത്തുനിന്നും ഡിമാന്റ് വരുന്നുണ്ട്. ഗുജറാത്ത്, കല്‍ക്കട്ട, വെസ്റ്റ് ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ നിന്നുമൊക്കെ. കേരളത്തിലെ ആവശ്യം കഴിഞ്ഞ് അധികമുള്ളത് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ നല്‍കും.'' കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സാബു ജേക്കബ് പറയുന്നു.
കിറ്റക്‌സ് ബ്രാന്‍ഡ് നാമത്തില്‍ തന്നെ പോകുന്ന പൂര്‍ണ്ണമായും സ്റ്റെറിലൈല്‌സ് ചെയ്ത ഓരോ പിപിഇ കിറ്റിലും ആറ് ഉല്‍പ്പന്നങ്ങളാണുള്ളത്. ഗൗണ്‍, ഷൂ കവര്‍, 3 ലെയര്‍ മാസ്‌ക്, ഗ്ലൗസ്, ഗൂഗിള്‍സ്, ഫേസ് ഷീല്‍ഡ് എന്നിവയാണവ.
കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. 8000 പേര്‍ പുറത്തേക്ക് പോകാതെ ഇവിടെത്തന്നെ താമസിച്ചാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ഇവര്‍ ഒന്നിച്ചല്ല. പല ബ്ലോക്കുകളിലായി 40 സോണുകളായി തിരിച്ചാണ് പ്രവര്‍ത്തനം. നേരത്തെതന്നെ ഇവിടെ മാസ്‌കും സാനിറ്റൈസറിന്റെ ഉപയോഗവുമൊക്കെ ഇവിടെ നിര്‍ബന്ധമാണ്. ഇപ്പോള്‍ ടെമ്പറേച്ചര്‍ ടെസ്റ്റിംഗും ആരംഭിച്ചിട്ടുണ്ട്. സാമൂഹിക അകലം കൃത്യമായി പാലിക്കുന്നു.
കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് വെന്റിലേറ്ററുമായി നെസ്റ്റ്
വികസിത രാജ്യങ്ങളില്‍ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാതെ നിരവധി ജീവനുകള്‍ ദിനംപ്രതി പൊലിഞ്ഞുവീഴുന്നു. കേരളത്തില്‍ അത്തരത്തിലൊരു സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കമായാണ് കേരള സര്‍ക്കാര്‍ വ്യവസായികളോട് സ്വന്തമായി വെന്റിലേറ്റര്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടത്. ഈ ദൗത്യം ധൈര്യത്തോടെ നെസ്റ്റ് ഗ്രൂപ്പ് ഏറ്റെടുത്തു.
10 ദിവസങ്ങള്‍ കൊണ്ടാണ് രാജ്യാന്തരനിലവാരത്തിലുള്ള വെന്റിലേറ്ററിന്റെ പ്രോട്ടോടൈപ്പ് ഇവര്‍ വിജയകരമായി വികസിപ്പിച്ചെടുത്തത്. നെസ്റ്റ് ഗ്രൂപ്പിനെ സംബന്ധിച്ചടത്തോളം നിര്‍ണ്ണായകമായ ഒരു ചുവടുവെപ്പാണ് ഇതെന്ന് മാനേജിംഗ് ഡയറക്റ്ററും വൈസ് ചെയര്‍മാനുമായ എന്‍.ജഹാംഗീര്‍ പറയുന്നു.
''സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. സാധാരണ വെന്റിലേറ്ററിന് പകരമുള്ള ഒരു കുറുക്കുവഴി എന്നതിന് പകരം ശരിയായ വെന്റിലേറ്ററിന്റെ ചെറിയ പതിപ്പാണ് ഉദ്ദേശിക്കുന്നത്. ജീവന്‍രക്ഷാ ഉപകരണമായതുകൊണ്ടുതന്നെ അത് ഏറ്റവും മികച്ച നിലവാരത്തിലായിരിക്കും നിര്‍മ്മിക്കുന്നത്. വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘം ഞങ്ങള്‍ തയാറാക്കിയ വെന്റിലേറ്ററിന്റെ പ്രോട്ടോടൈപ്പ് പരിശോധിച്ചിരുന്നു. അവരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പുതിയ മോഡലിന്റെ നിര്‍മാണം. ഇപ്പോള്‍ സര്‍ട്ടിഫിക്കേഷന്‍ നേടാനുള്ള ശ്രമത്തിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പിന്തുണയുള്ളതുകൊണ്ട് കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷ.'' നെസ്റ്റ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും എക്‌സിക്യൂട്ടിവ് ഡയറക്റ്ററുമായ അല്‍ത്താഫ് ജഹാംഗീര്‍ പറയുന്നു.
നെസ്റ്റ് ഗ്രൂപ്പിന്റെ കൊച്ചി പ്രത്യേക സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് & ഡെവലപ്‌മെന്റ് വിഭാഗം ഇതിനായി അഹോരാത്രം പ്രയത്‌നത്തിലാണ്. സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ അടക്കം വികസിപ്പിച്ചെടുക്കേണ്ടതുകൊണ്ട് 110 പേരുള്ള ടീം ആണ് ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ളത്. അനുമതികള്‍ കിട്ടിയാല്‍ ഉടന്‍ തന്നെ സ്വന്തം പ്ലാന്റില്‍ വ്യാവസായികമായ ഉല്‍പ്പാദനം ആരംഭിക്കും.
കുറഞ്ഞ നിരക്കില്‍ N95 മാസ്‌കുമായി എയ്‌റോഫില്‍
എയര്‍ ഫില്‍റ്ററുകള്‍ നിര്‍മിച്ചുകൊണ്ടിരുന്ന സ്ഥാപനം ഇന്ന് N95 മാസ്‌കുകളുണ്ടാക്കി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നു. കളമശേരി മേക്കര്‍ വില്ലേജിന്റെ പിന്തുണയോടെയാണ് ഇവര്‍ മാസ്‌കുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കൊറോണക്കാലത്ത് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അനുകരണീയ മാതൃകയാകുകയാണ് എയ്‌റോഫില്‍ ഫില്‍ട്ടേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.
ഇവരുടെ കൊച്ചി പ്രത്യേക സാമ്പത്തികമേഖലയിലും കൊല്ലത്തുമുള്ള പ്ലാന്റുകളില്‍ N95 മാസ്‌കുകളും 3 പ്ലൈ സര്‍ജിക്കല്‍ മാസ്‌കുകളും ഉണ്ടാക്കുന്നു. തുടക്കത്തില്‍ ദിവസം 5000 മാസ്‌കുകളാണ് ഉണ്ടാക്കുന്നതെങ്കിലും പതിയെ ഉല്‍പ്പാദനശേഷി ദിവസം 25,000-30,000 എണ്ണത്തിലാക്കുകയാണ് ലക്ഷ്യമെന്ന് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സന്തോഷ് കുമാര്‍ പി.ഡി പറയുന്നു.
നേരത്തെ തന്നെ മാസ്‌കുകള്‍ ഉണ്ടാക്കുന്നതിനുള്ള ടെക്‌നോളജി ഉണ്ടായിരുന്നെങ്കിലും ഇതുവരെ ആ മേഖലയിലേക്ക് കടന്നിട്ടുണ്ടായിരുന്നില്ല. കൊറോണ വൈറസ് വ്യാപനമുണ്ടാകുകയും N95 മാസ്‌കുകള്‍ക്ക് ക്ഷാമം നേരിടുകയും ചെയ്തപ്പോള്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. ''കേരളത്തില്‍ മാസ്‌കുകള്‍ക്ക് ക്ഷാമമുണ്ടാകാത്ത രീതിയില്‍ കുറഞ്ഞ നിരക്കില്‍ അത് ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതില്‍ ലാഭത്തെക്കുറിച്ച് ചിന്തിക്കുന്നേയില്ല.'' സന്തോഷ് കുമാര്‍ പറയുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലുമാണ് ഇപ്പോള്‍ നല്‍കുന്നത്. കൂടുതലുണ്ടെങ്കില്‍ മാത്രമേ പുറത്ത് വില്‍ക്കുകയുള്ളു. എയ്‌റോഫില്ലിന്റെ ദുബായിലും ജര്‍മ്മനിയിലുമുള്ള പ്ലാന്റുകളിലും മാസ്‌കുകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലേക്കുള്ള മാസ്‌കുകള്‍ ആ യൂണിറ്റുകളില് നിന്നാണ് പോകുന്നത്.
എയ്‌റോഫില്ലിന്റെ മാതൃകമ്പനിയായ ഫില്‍ട്രോവിന്‍ ഇന്‍ഡസ്ട്രീസാണ് ആവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ നല്‍കുന്നത്. എയര്‍ ഫില്‍ട്ടറുകള്‍ നിര്‍മിച്ചുകൊണ്ട് 2005ല്‍ ചെന്നൈയിലാണ് സ്ഥാപനത്തിന്റെ തുടക്കം. കേരളത്തില്‍ ആദ്യമായി എയര്‍ ഫില്‍ട്ടര്‍ ഉണ്ടാക്കിയ സ്ഥാപനം തങ്ങളുടേതാണെന്ന് സന്തോഷ് കുമാര്‍ പറയുന്നു. ഇന്ന് ഈ സ്ഥാപനത്തിന് ഇന്ത്യയിലും രാജ്യാന്തരതലത്തിലുമായി 11 മാനുഫാക്ചറിംഗ് യൂണിറ്റുകളാണുള്ളത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline