ക്രിപ്‌റ്റോ ആപ്പുകളുടെ ഡൗണ്‍ലോഡിംഗ്, ഇന്ത്യക്കാര്‍ മൂന്നാമത്

126.9 ദശലക്ഷം ഡൗണ്‍ലോഡുകളുമായി ഒന്നാം സ്ഥാനത്ത് യുഎസ് ആണ്

Update:2022-11-19 15:38 IST

എഫ്ടിഎക്‌സിന്റെ (FTX) തകര്‍ച്ചയോടെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുടെ (Crypto Exchange) പ്രവര്‍ത്തന രീതി വലിയ ചര്‍ച്ചയാവുകയാണ്. ഈ പശ്ചാത്തലത്തിലാണ് ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് (BIS) ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആപ്ലിക്കേഷനുകളുടെ ഡൗണ്‍ലോഡ് സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. 2015-22 കാലയളവില്‍ ഏറ്റവും കൂടുതല്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമതാണ്. ഇക്കാലയളവില്‍ 31.7 ദശലക്ഷം ഡൗണ്‍ലോഡുകളാണ് ഇന്ത്യയില്‍ ഉണ്ടായത്.

126.9 ദശലക്ഷം ഡൗണ്‍ലോഡുകളുമായി യുഎസ്എ ആണ് ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള തുര്‍ക്കിയില്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് 44.2 ദശലക്ഷം തവണയാണ്. ക്രിപ്‌റ്റോ ആപ്പുകളുടെ ഉപയോഗത്തില്‍ തുര്‍ക്കി, ഇന്ത്യ എന്നീ രാജ്യങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ് യുഎസ്. ബ്രിട്ടണ്‍ (23.5 ദശലക്ഷം), ബ്രസീല്‍, ദക്ഷിണ കൊറിയ (15.3), റഷ്യ (15.2), ഇന്ത്യോനേഷ്യ (14.8), ജര്‍മനി (10.9), ഫ്രാന്‍സ് (10.8) എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നില്‍ 4 മുതല്‍ പത്തുവരെയുളള സ്ഥാനങ്ങളില്‍.

ഈ ഡൗണ്‍ലോഡുകളില്‍ ഭൂരിഭാഗവും ബിറ്റ്‌കോയിന്റെ വില 20,000 ഡോളറിന് മുകളില്‍ നിന്ന് സമയത്ത് നടന്നതാണെന്നാണ് ബിഐഎസ് പറയുന്നത്. നിലവില്‍ 17,000 ഡോളറിന് താഴെയാണ് ബിറ്റ്‌കോയിന്റെ വില. കഴിഞ്ഞ ആറുമാസത്തിനിടെ 45.22 ശതമാനം ഇടിവാണ് ബിറ്റ്‌കോയിന്റെ മൂല്യത്തിലുണ്ടായത്.

Tags:    

Similar News