രാജ്യത്ത് പഞ്ചസാരയുടെ വില വര്‍ധിച്ചേക്കും, കാരണമിതാണ്

സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം

Update: 2021-08-26 08:12 GMT

രാജ്യത്തെ കരിമ്പ് കര്‍ഷകര്‍ക്ക് മില്ലുകള്‍ നല്‍കേണ്ട കരിമ്പിന്റെ ന്യായവും ലാഭകരവുമായ വില (എഫ്ആര്‍പി) കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ക്വിന്റലിന് അഞ്ച് രൂപയാണ് വില വര്‍ധിപ്പിച്ചത്. ഇതോടെ കര്‍ഷകര്‍ക്ക് ക്വിന്റലിന് 290 രൂപ എന്ന നിരക്കില്‍ എഫ്ആര്‍പി ലഭിക്കും. സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് കരിമ്പിന്റെ എഫ്ആര്‍പി വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. 2020-21 സീസണില്‍ ഇത് 285 രൂപയായിരുന്നു. കരിമ്പ് കര്‍ഷകരുടെ താല്‍പ്പര്യം കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ നടപടി. അഞ്ച് കോടി കരിമ്പ് കര്‍ഷകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും പഞ്ചസാര മില്ലുകളില്‍ ജോലി ചെയ്യുന്ന അഞ്ച് ലക്ഷം തൊഴിലാളികള്‍ക്കും അനുബന്ധന പ്രവര്‍ത്തനങ്ങള്‍ക്കും ഈ വില വര്‍ധനവ് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, കരിമ്പ് വില വര്‍ധനവ് രാജ്യത്തെ പഞ്ചസാരയുടെ വില ഉയരാന്‍ കാരണമായേക്കും. 2021-22 സീസണില്‍ കരിമ്പിന്റെ ഉല്‍പ്പാദനച്ചെലവ് ക്വിന്റലിന് 155 രൂപയാണ്. 10 ശതമാനം റിക്കവറി നിരക്കില്‍ ഉല്‍പ്പാദനച്ചെലവിനേക്കാള്‍ 87.1 ശതമാനം കൂടുതലാണ് പുതുക്കിയ എഫ്ആര്‍പി നിരക്ക്. ഇതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ വിലയേക്കാള്‍ 50 ശതമാനം അധിക വരുമാനം ലഭിക്കും.
2020-21 സീസണില്‍ 91,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 2976 ലക്ഷം ടണ്‍ കരിമ്പ് പഞ്ചസാര മില്ലുകള്‍ വാങ്ങിയിരുന്നു. ഇത് എക്കാലത്തെയും ഉയര്‍ന്ന തോതാണ്. ഇനിയുള്ള 2021-22 പഞ്ചസാര സീസണില്‍ കരിമ്പിന്റെ ഉല്‍പ്പാദനത്തില്‍ പ്രതീക്ഷിച്ച വര്‍ധനയുണ്ടാകുകയാണെങ്കില്‍, പഞ്ചസാര മില്ലുകള്‍ ഏകദേശം 3,088 ലക്ഷം ടണ്‍ കരിമ്പ് വാങ്ങാന്‍ സാധ്യതയുണ്ട്.




Tags:    

Similar News