ടെസ്ലയടക്കം മൂന്നു കമ്പനികള്‍ ട്രില്യണ്‍ ഡോളര്‍ ക്ലബിന് പുറത്ത്
മൂന്നു കമ്പനികള്‍ക്കു കൂടി ഈ വര്‍ഷം ഇതുവരെ വിപണിയില്‍ നഷ്ടമായത് 2.05 ലക്ഷം കോടി ഡോളര്‍
ട്വിറ്റര്‍ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ട്രില്യണ്‍ ഡോളര്‍ ക്ലബിന് പുറത്തായി. മാത്രമല്ല, ഇ കൊമേഴ്‌സ് വമ്പനായ ആമസോണ്‍, ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ എന്നിവയും ഈ വര്‍ഷം ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ നിന്ന് പുറത്തായിട്ടുണ്ട്. മൂന്നു കമ്പനികള്‍ക്കും കൂടി ഈ വര്‍ഷം ഇതുവരെ നഷ്ടമായത് 2.05 ലക്ഷം കോടി ഡോളറാണ്.
യുഎസ് ഓഹരി സൂചികയില്‍ വന്‍കിട ടെക്‌നോളജി കമ്പനികള്‍ക്കെല്ലാം തിരിച്ചടി നേരിട്ട വര്‍ഷമാണിത്. ടെക് കമ്പനികള്‍ക്ക് 29.6 ശതമാനം മൂല്യമാണ് ഈ വര്‍ഷം ഇതുവരെ നഷ്ടമായത്.
ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏഴ് കമ്പനികളിലാണ് മൂന്നെണ്ണം പുറത്തു പോയത്. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പ്ള്‍ താരതമ്യേന മികച്ച പ്രകടനം നടത്തി. ഈ വര്‍ഷം 17.2 ശതമാനം മൂല്യമിടിവാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ വിപണി മൂല്യം 2.4 ലക്ഷം കോടി ഡോളറാണ്.
ക്രൂഡ് ഓയ്ല്‍ വില വര്‍ധന സൗദി ആരാംകോയ്ക്ക് തുണയായി. ഈ വര്‍ഷം മൂല്യം വര്‍ധിച്ച ഏക ട്രില്യണ്‍ ഡോളര്‍ കമ്പനിയായി ആരാംകോ മാറി. 4.3 ശതമാനം വര്‍ധനയാണ് ഉണ്ടായത്. 1.97 ലക്ഷം കോടി ഡോളറാണ് ഇപ്പോഴത്തെ വിപണി മൂല്യം.
ഒരു സമയത്ത് 2 ലക്ഷം കോടി രൂപ വിപണി മൂല്യമുണ്ടായിരുന്ന മൈക്രോസോഫ്റ്റിന്റെ മൂല്യം ഈ വര്‍ഷം 27.8 ശതമാനം ഇടിഞ്ഞു. 1.8 ലക്ഷം കോടി ഡോളറാണ് ഇപ്പോഴത്തെ വിപണി മൂല്യം.
ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിനും തിരിച്ചടി നേരിട്ടു. മൂല്യത്തില്‍ 32.2 ശതമാനം ഇടിവാണുണ്ടായത്. 1.27 ലക്ഷം കോടി ഡോളറാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം.
ടെസ്‌ല, ഫേസ്ബുക്ക്, മെറ്റ എന്നിവയ്ക്ക് ഒറ്റ വര്‍ഷം കൊണ്ട് പകുതിയിലേറെ വിപണി മൂല്യമാണ് നഷ്ടമായത്. ടെസ്‌ലയുടെ മൂല്യത്തില്‍ 54 ശതമാനം ഇടിവുണ്ടായപ്പോള്‍ മെറ്റയുടേത് 67 ശതമാനമായി.
കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവുണ്ടായത് അവയുടെ ഉടമകളുടെ ആസ്തിമൂല്യത്തെയും ബാധിച്ചു. ഇലോണ്‍ മസ്‌ക്, മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ജെഫ് ബെസോസ് എന്നിവര്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടിരിക്കുന്നത്. മൂന്നു പേര്‍ക്കും കൂടി നഷ്ടമായത് 246.9 ശതകോടി ഡോളറാണ്. ഇലോണ്‍ മസ്‌കിന് മാത്രം 89.7 ശതകോടി ഡോളറിന്റെ നഷ്ടം. എന്നാല്‍ 181 ശതകോടി ഡോളര്‍ ആസ്തിയുള്ള ഇലോണ്‍ മസ്‌ക് തന്നെയാണ് ഇപ്പോഴും ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍.