വീട് പണിയുന്നവരുടെ ശ്രദ്ധയ്ക്ക്! ടൈല്‍സ് വില ഇനിയും കൂടും, കാരണങ്ങള്‍ ഇതാണ്
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ബ്രാന്‍ഡഡ് ടൈലുകളുടെ വിലയില്‍ 12-15 % വര്‍ധന
2021-22 മൂന്നാം പാദത്തില്‍ ടൈല്‍സിന്റെ വില വാര്‍ഷിക അടിസ്ഥാനത്തില്‍ 12-15 % വില വര്‍ധന ഉണ്ടായി. 2022 ജനുവരി -മാര്‍ച്ച് കാലയളവില്‍ ടൈല്‍സ് വില 5 - 7 % വീണ്ടും വര്‍ധിക്കുമെന്ന് ഐ സി ആര്‍ എ റേറ്റിംഗ്സ് കരുതുന്നു.വര്‍ധിച്ച് വരുന്ന ഊര്‍ജ്ജ ചെലവുകള്‍, ചരക്ക് കൂലി, കണ്ടെയ്നര്‍ ദൗര്‍ലബ്യം കാരണം സെറാമിക് ടൈല്‍സ് വ്യവസായത്തിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 2 ശതമാനം വരെ കുറവുണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് ഐ സി ആര്‍ എ റേറ്റിംഗ്സ് കരുതുന്നു. ടൈല്‍സ് നിര്‍മ്മാണത്തില്‍ പ്രധാന ചെലവ് പൈപ്ഡ് പ്രകൃതി വാതകത്തിനാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനമായ ഗുജറാത്ത് പൈപ്‌സ് പൈപ്ഡ് പ്രകൃതി വാതകത്തിന്റെ വില 129 % വര്‍ധിപ്പിച്ചു. 2020 ഡിസംബറില്‍ സാധാരണ ക്യുബിക്ക് മീറ്ററിന് 27 രൂപയായിരുന്നത് ഇപ്പോള്‍ 63 രൂപയായി ഉയര്‍ന്നു. ഇനിയും 8 രൂപ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടൈല്‍സ് കയറ്റുമതിയില്‍ കഴിഞ്ഞ 4 വര്‍ഷത്തെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 27 ശതമാനമാണ്. മൊത്തം ഉല്‍പ്പാദനത്തിന്റെ 40 % കയറ്റുമതി ചെയ്യുന്നു
കജാരിയാ സെറാമിക്‌സ്
വ്യാവസായിക മാന്ദ്യത്തിലും ടൈല്‍സ് ബിസിനസില്‍ കജാരിയ സെറാമിക്‌സിന് 2021 -22 മൂന്നാം പാദത്തില്‍ 26.8 % വര്‍ധനവ്. മൊത്ത ലാഭത്തില്‍ (നികുതിക്ക് മുന്‍പേ)1.3 % വര്‍ധിച്ച് 160 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 4.5 ശതമാനം കുറഞ്ഞ് 17.2 ശതമാനമായി. വര്‍ധിച്ച ഇന്ധന വിലയും, അസംസ്‌കൃത വസ്തുക്കളുടെ വിലയും പ്രവര്‍ത്തന പ്രവര്‍ത്തന ലാഭത്തില്‍ ഇടിവുണ്ടാകാന്‍ കാരണം.വര്‍ധിച്ച ചെലവുകള്‍ , കോവിഡ് വ്യാപനം തുടങ്ങിയ വെല്ലുവിളികള്‍ ടൈല്‍സ് വ്യവസായം നേരിടുമ്പോഴും ദീര്‍ഘ കാല അടിസ്ഥനത്തില്‍ കജാരിയാ സെറാമിക്‌സിന്റെ വരുമാനവും ബിസിനസ് വളര്‍ച്ചയും മെച്ചപ്പെടുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസ്സ് കരുതുന്നു. കജാരിയാ സെറാമിക്‌സ് ഓഹരിയുടെ വില 3.65 % ഉയര്‍ന്ന് 1318.40 രൂപയില്‍ എത്തി. ജിയോജിത് ഈ ഓഹരിക്ക് 'accumulate' റേറ്റിംഗ് നല്‍കിയിട്ടുണ്ട്- ലക്ഷ്യ വില 1400 (12 മാസം).
കജാരിയാ സെറാമിക്‌സ്, സെറ സാനിറ്ററി വെയര്‍, സൊമാനി സെറാമിക്‌സ്, ഓറിയന്റ് ബെല്‍, നിറ്റ് കോ തുടങ്ങിയ കമ്പനികളാണ് ടൈല്‍സ് നിര്‍മാണത്തില്‍ പ്രമുഖര്‍