ബെമല്‍ ഓഹരി വില്‍പ്പന തടയാന്‍ നീക്കം ശക്തം

Update: 2020-02-12 10:45 GMT

കൊച്ചിന്‍ റിഫൈനറി ഉള്‍പ്പെടുന്ന ബിപിസിഎല്‍ കമ്പനിയുടെ

സ്വകാര്യവല്‍ക്കരണത്തിനെതിരായ തൊഴിലാളി സമരം നൂറു ദിവസം പിന്നിട്ടു

നില്‍ക്കവേ പാലക്കാട്ടെ കഞ്ചിക്കോട്ട് നിര്‍മ്മാണ യൂണിറ്റുള്ള കേന്ദ്ര

പൊതുമേഖലാ സ്ഥാപനമായ ബെമല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവും

പ്രതിരോധിക്കാന്‍ ട്രേഡ് യൂണിയനുകള്‍ രംഗത്ത്.

തുടര്‍ച്ചയായി

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് എര്‍ത്ത്മൂവേഴ്‌സ് ലിമിറ്റഡ്

സ്വകാര്യവല്‍ക്കരിക്കുന്നത് കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നാണ് ആരോപണം.

15ന് സംയുക്ത സമരസമിതി കഞ്ചിക്കോട് യോഗം ചേര്‍ന്ന് പ്രതിഷേധ പരിപാടികള്‍

ആസൂത്രണം ചെയ്യും. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്ന പൊതുമേഖലാ

സ്ഥാപനങ്ങളുടെ നിയന്ത്രണം വിദേശ നിയന്ത്രിത കുത്തകകളിലേക്ക്

എത്തിച്ചേരുമെന്ന ആശങ്കയാണ് സിഐടിയു പങ്കുവയ്ക്കുന്നത്.

സര്‍ക്കാരിന്റെ

കൈവശമുള്ള 54.3 ശതമാനം ബെമല്‍ ഓഹരിയില്‍ 26 ശതമാനം ആദ്യ ഘട്ടത്തില്‍

വില്‍ക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. 2016ല്‍ തുടങ്ങിയ വച്ച

സ്വകാര്യവത്ക്കരണ നീക്കം പ്രതിഷേധങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.

രാജ്യത്തെ വിവിധ മേഖലകളില്‍ സ്വന്തമായുള്ള സ്ഥലത്തിന്റെ വിലയും

യന്ത്രങ്ങളുടെ വിലയും ഉള്‍പ്പെടെ 50,000 കോടി രൂപയ്ക്കു മുകളില്‍

ആസ്തിയുള്ള ബെമലിന്റെ  ഓഹരി കഴിഞ്ഞ തവണ വില്‍പനയ്ക്ക് ശ്രമിച്ചപ്പോള്‍ 

മൂല്യം വെറും 500 കോടി എന്ന് നിശ്ചയിച്ചത് വന്‍ വിവാദങ്ങള്‍ക്കിടയാക്കി.

വീണ്ടും കമ്പനിയുടെ മൂല്യം കണക്കാക്കുന്നതിനുള്ള നീക്കം കേന്ദ്രം

തുടങ്ങിയെന്നാണ് സൂചന.

1964ല്‍ ആറര കോടി

മുതല്‍ മുടക്കില്‍ ആരംഭിച്ച സ്ഥാപനമാണിത്.ലോകത്തിലെ വമ്പന്‍ കമ്പനികളുമായി

മത്സരിച്ച് രാജ്യസുരക്ഷാ വാഹനങ്ങള്‍, റെയില്‍വേ കോച്ചുകള്‍, മെട്രോ

കോച്ചുകള്‍ എന്നിവ ഇവിടെ നിര്‍മ്മിക്കുന്നു. കഞ്ചിക്കോടിന് പുറമേ ബെംഗളൂരു,

മൈസൂര്‍, കോളാര്‍ ഖനി എന്നിവിടങ്ങളിലായി നാല് നിര്‍മ്മാണ യൂണിറ്റാണ്

ബെമലിനുള്ളത്.ഡല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നീ

മെട്രോ പദ്ധതികള്‍ക്കായി കോച്ച് നിര്‍മിക്കുന്നുണ്ട് ബെമല്‍.

ഖനന

മേഖലയിലെ വാഹനങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ ഏക പൊതുമേഖലാ

സ്ഥാപനവുമാണിത്.മറ്റ് കമ്പനികള്‍ 11 കോടി രൂപ വരെ ഒരു മെട്രോ കോച്ചിന്

ഈടാക്കുമ്പോള്‍ 8 കോടി രൂപയ്ക്ക് മികച്ച നിലവാരത്തില്‍ കോച്ച് നിര്‍മിച്ചു

നല്‍കുന്നു  ബെമല്‍. ബിഎസ്ഇയില്‍ ബെമല്‍ ഓഹരി വില ഇന്നലെ 969.60 രൂപയിലാണ്

ക്ലോസ് ചെയ്തത്. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ കമ്പനിയുടെ ഏകീകൃത

വരുമാനം 699.15 കോടി രൂപയായി കുറഞ്ഞിരുന്നു. മുന്‍വര്‍ഷം ഇതേ കലയളവില്‍

926.05 കോടി രൂപയായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News