ജീവനക്കാർക്ക് മോശം ഭക്ഷണം, താമസം: ഫോക്സ്കോണിന് വിലക്കേർപ്പെടുത്തി ആപ്പിൾ

പുഴുവരിച്ച ഭക്ഷണം, പ്രതിഷേധം, അടച്ചുപൂട്ടല്‍: ഇന്ത്യയിലെ ആദ്യത്തെ ഐഫോണ്‍ ഫാക്ടറിയില്‍ എന്താണ് സംഭവിക്കുന്നത്

Update:2021-12-31 13:25 IST

പുഴുവരിച്ച ഭക്ഷണം, മോശം താമസ സൗകര്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജീവനക്കാര്‍ പ്രതിഷേധത്തിലായതോടെ, ഇന്ത്യയിലെ ആദ്യത്തെ ഐഫോണ്‍ നിര്‍മാണ ഫാക്ടറിക്ക് താല്‍ക്കാലിക പൂട്ടിട്ട് ആപ്പിള്‍. ഐഫോണ്‍, ഷവോമി ഫോണുകള്‍ നിര്‍മിക്കുന്ന ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് സംഭവം.

ഫോക്‌സ്‌കോണില്‍ ജോലി ചെയ്യുന്ന 250 ഓളം സ്ത്രീകള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും 150 പേര്‍ ആശുപത്രിയിലാവുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഫാക്ടറിയെ 'നിരീക്ഷണ'ത്തിലാക്കിയിരിക്കുകയാണ് ആപ്പിള്‍. സംഭവത്തില്‍ മാപ്പുപറഞ്ഞ് ഫോക്‌സ്‌കോണ്‍ രംഗത്തെത്തി.
ഡിസംബര്‍ 17നാണ് പ്ലാന്റില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടങ്ങിയത്. പ്ലാന്റിലെ മാനേജ്‌മെന്റിലും സേവനങ്ങളും ഉടനെ മാറ്റങ്ങള്‍ വരുത്തുമെന്ന് മാപ്പു പറഞ്ഞതിനു പിന്നാലെ ഫോക്‌സ്‌കോണ്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
മുറിയില്‍ തിക്കിത്തിരക്കിയാണ് ജീവനക്കാര്‍ കിടന്നുറങ്ങുന്നതെന്ന് ഒരു സ്ത്രീ തൊഴിലാളിയെ ഉദ്ധരിച്ച് കൊണ്ട് റോയിറ്റേര്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഒരു മുറിയില്‍ ആറു മുതല്‍ 30 വരെ പേരാണ് കഴിയുന്നത്. ചില മുറികളിലെ അറ്റാച്ച്ഡ് ടോയ്‌ലറ്റുകളില്‍ വെള്ളം വരെ ലഭിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭക്ഷണം വിളമ്പുന്നതും വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും ജീവനക്കാര്‍ പരാതിപ്പെട്ടു. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഫാക്ടറിയില്‍ എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഇത് ശരിവെക്കുന്നു. അടുക്കളയില്‍ എലികളുണ്ടെന്നും മോശം ഡ്രൈനേജ് സംവിധാനമാണ് ഉള്ളതെന്നും പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചിടുകയും ചെയ്തു.
ഹോസ്റ്റലിലെ ജീവിതസാഹചര്യം കാരണം എന്നും പലരെയും അസുഖം ബാധിക്കുമെന്ന് ഒരു ജീവനക്കാരി പറഞ്ഞു. അലര്‍ജി മുതല്‍ നെഞ്ച് വേദന, ഭക്ഷ്യ വിഷബാധ തുടങ്ങി പല പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. 250 ഓളം സ്ത്രീകള്‍ക്ക് ഒറ്റയടിക്ക് വിഷബാധയേറ്റതോടെയാണ് എല്ലാവരും പ്രതിഷേധത്തിലേക്ക് ഇറങ്ങിയത്. നേരത്തെ, ഇത് രണ്ടോ മൂന്നോ പേര്‍ക്ക് മാത്രമായിരുന്നു ബാധിച്ചിരുന്നത്. എല്ലാം വൈകാതെ ശരിയാവുമെന്ന പ്രതീക്ഷയിലാണ് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞതെന്നും ജീവനക്കാര്‍ പറയുന്നു.
18 മുതല്‍ 22 വരെ വയസ്സുള്ള സ്ത്രീകളാണ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന കൂടുതല്‍ പേരും. ഡിസംബര്‍ 15നാണ് കൂട്ടത്തോടെ ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.


Tags:    

Similar News