യുണീകോണുകളില്‍ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം; മുന്നില്‍ ബൈജൂസും സ്വിഗ്ഗിയും

ഇന്ത്യക്കാര്‍ വിദേശത്ത് ആരംഭിച്ചത് 70 യുണീകോണുകള്‍

Update:2023-04-20 12:57 IST

ലോകത്ത് ഏറ്റവുമധികം യുണീകോണുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം. ഹുറൂണ്‍ ഇന്ത്യ പുറത്തുവിട്ട ഗ്ലോബല്‍ യുണീകോണ്‍ ഇന്‍ഡക്‌സ്-2023 പ്രകാരം 68 യുണീകോണുകളാണ് ഇന്ത്യയിലുള്ളത്. 666 യൂണീകോണുകളുമായി അമേരിക്കയാണ് ഒന്നാമത്. 316 എണ്ണവുമായി ചൈനയാണ് രണ്ടാംസ്ഥാനത്ത്. ബ്രിട്ടന്‍ (49) നാലാമതും ജന്‍മ്മനി (36) അഞ്ചാമതുമാണ്.

എന്താണ് യുണീകോണ്‍?
100 ഡോളറിലധികം (8,200 കോടി രൂപ) നിക്ഷേപക മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് യുണീകോണുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്.
ബൈജൂസ്, സ്വിഗ്ഗി, ഡ്രീം11
ലോകത്തെ ഏറ്റവും വലിയ 10 യുണീകോണുകളില്‍ ഇന്ത്യയില്‍ നിന്നുള്ളവയില്ല. എന്നാല്‍, മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച എഡ്‌ടെക് കമ്പനിയായ ബൈജൂസ് 2,200 കോടി ഡോളര്‍ (1.80 ലക്ഷം കോടി രൂപ) മൂല്യവുമായി 14-ാം സ്ഥാനത്തുണ്ട്. 800 കോടി ഡോളര്‍ (65,500 കോടി രൂപ) വീതം മൂല്യവുമായി ഓണ്‍ലൈന്‍ ഭക്ഷണവിതരണ സ്ഥാപനമായ സ്വിഗ്ഗി, സ്‌പോര്‍ട്‌സ് ആപ്ലിക്കേഷനായ ഡ്രീം11 എന്നിവ 84-ാം സ്ഥാനം നേടി. 750 കോടി ഡോളര്‍ (61,500 കോടി രൂപ) വീതം മൂല്യവുമായി ഒല, ഫിന്‍ടെക് കമ്പനി റേസര്‍പേ എന്നിവ 94-ാം സ്ഥാനത്തുമുണ്ട്.
ഇന്ത്യയിലെ യുണീകോണുകളില്‍ 47 എണ്ണവും കൊവിഡാനന്തരം ഉയര്‍ന്നുവന്നവയാണ്. ഇതില്‍ 14 എണ്ണവും പിറന്നത് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ. ഇന്ത്യക്കാര്‍ നയിക്കുന്ന 70 യുണീകോണുകള്‍ വിദേശത്തുണ്ടെന്നും ഹുറൂണ്‍ പറയുന്നു. ഇതില്‍ 64 എണ്ണവും അമേരിക്കയിലാണ്. രണ്ടെണ്ണം യു.കെയില്‍. ജര്‍മ്മനി, സിംഗപ്പൂര്‍, ഇന്‍ഡോനേഷ്യ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ഒന്നുവീതവുമുണ്ട്.
വിദേശത്ത് ഏറ്റവുമധികം യുണീകോണുകള്‍ സൃഷ്ടിച്ചിട്ടുള്ളതും ഇന്ത്യക്കാരാണ്. 32 എണ്ണവുമായി ചൈനക്കാരാണ് രണ്ടാമത്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഇന്‍സ്റ്റാകാര്‍ട്ടാണ് വിദേശത്തെ ഇന്ത്യന്‍ യുണീകോണുകളില്‍ മുന്നില്‍. 1,300 കോടി ഡോളറാണ് കമ്പനിയുടെ മൂല്യം (1.06 ലക്ഷം കോടി രൂപ).
ഇന്ത്യയുടെ ഗസല്‍!
ലോകത്ത് ഗസല്‍ (Gazelle) കമ്പനികളുടെ എണ്ണത്തിലും ഇന്ത്യയ്ക്കുള്ളത് മൂന്നാംസ്ഥാനമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയും ചൈനയും തന്നെയാണ് ഇക്കാര്യത്തിലും മുന്നില്‍. 2000ന് ശേഷം ആരംഭിച്ചതും 50 കോടി ഡോളറിലേറെ (4,100 കോടി രൂപ) നിക്ഷേപക മൂല്യമുള്ളതും എന്നാല്‍ ഇതുവരെ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാത്തതുമായ കമ്പനികളെയാണ് ഗസല്‍ എന്ന് വിളിക്കുന്നത്. മൂന്നുവര്‍ഷത്തിനകം ഇവയും യുണീകോണുകളായി മാറുമെന്നാണ് പൊതുവിലയിരുത്തലുകള്‍.
Tags:    

Similar News