പെട്രോള്‍ പമ്പ് ലൈസന്‍സ് ഇനി ചെറുകിടക്കാര്‍ക്കും

Update: 2019-10-24 07:24 GMT

ഇന്ധനങ്ങളുടെ ചില്ലറ വില്‍പ്പന രംഗത്ത് കടുത്ത മത്സരത്തിന് വഴിതുറന്നുകൊണ്ട്, എണ്ണക്കമ്പനികള്‍ അല്ലാത്തവര്‍ക്കും രാജ്യത്ത് പെട്രോള്‍ പമ്പുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. എണ്ണ ചില്ലറ വ്യാപാര മേഖല തുറന്നിടുന്നതിലൂടെ നിക്ഷേപവും മത്സരവും വര്‍ധിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ഇതുവരെ ഒരു കമ്പനിക്ക് ഇന്ധന ചില്ലറ വില്‍പ്പന ലൈസന്‍സ് ലഭിക്കുന്നതിന് ഹൈഡ്രോ കാര്‍ബണ്‍ പര്യവേക്ഷണം, ഉത്പാദനം, ശുദ്ധീകരണം, പൈപ്പ്‌ലൈനുകള്‍, ദ്രവീകൃത പ്രകൃതിവാതക ടെര്‍മിനലുകള്‍ എന്നിവ ഉള്‍പ്പെടുന്ന ബിസിനസില്‍ 2,000 കോടി രൂപ നിക്ഷേപിക്കേണ്ടതുണ്ടായിരുന്നു. 250 കോടി വാര്‍ഷിക വിറ്റുവരവുള്ള ഏതു കമ്പനിക്കും ലൈസന്‍സ് നല്‍കാമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ഈ നയം മാറ്റത്തിന് സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി (സിസിഇഎ)  നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

അഞ്ച് ശതമാനം ഔട്ട്ലെറ്റുകള്‍ ഗ്രാമ പ്രദേശങ്ങളില്‍ ആയിരിക്കണമെന്ന വ്യവസ്ഥയോടെയാകും ലൈസന്‍സ് നല്‍കുക. പെട്രോള്‍, ഡീസല്‍, എല്‍.എന്‍.ജി, സി.എന്‍.ജി തുടങ്ങിയ ഇന്ധനങ്ങള്‍ വില്‍ക്കാം. പൊതുമേഖലാ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയ്ക്ക് നിലവില്‍ രാജ്യത്ത് 65,000 പെട്രോള്‍ പമ്പുകളുണ്ട്. റിലയന്‍സ്, നയാര എനര്‍ജി(എസ്സാര്‍), റോയല്‍ ഡച്ച് തുടങ്ങിയ സ്വകാര്യ കമ്പനികളുടെ പമ്പുകളുമുള്ളതില്‍ 1,400 എണ്ണം സ്വന്തമായുള്ള റിലയന്‍സാണു മുന്നിലുള്ളത്.

ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ ഇന്ധന വിപണനത്തിനായി അദാനിയുമായി സഖ്യമുണ്ടാക്കിക്കഴിഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി സൗദി അരാംകോയും. വാഹന ഇന്ധനത്തിനും ഇലക്ട്രിക് ചാര്‍ജിംഗിനുമായി ഒരു പുതിയ സംരംഭം ബിപിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും ചേര്‍ന്നും പ്രഖ്യാപിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News