ഇനി ശ്രദ്ധ പ്രീമിയം ബ്രാന്‍ഡുകളില്‍; ഹണീബി, ഗ്രീന്‍ലേബല്‍ ഉള്‍പ്പടെ യുണൈറ്റഡ് സ്പിരിറ്റ്‌സ് വിറ്റത് 32 ബ്രാന്‍ഡുകള്‍

ജോണി വാക്കര്‍, ബ്ലാക്ക് & വൈറ്റ്, ബ്ലാക്ക് ഡോഗ് ഉള്‍പ്പടെയുള്ള പ്രീമിയം ബ്രാന്‍ഡുകളുടെ വില്‍പ്പന കുത്തനെ ഉയര്‍ന്നു

Update: 2022-05-30 12:45 GMT

രാജ്യത്തെ പ്രമുഖ മദ്യ നിര്‍മാണക്കമ്പനി യുണൈറ്റഡ് സ്പിരിറ്റ്‌സ് (United Spirits Limited) പ്രീമിയം ബ്രാന്‍ഡുകളിലേക്ക് മാറുന്നു. 2013ല്‍ ആണ് വിവാദ സംരംഭകന്‍ വിജയ് മല്യയില്‍ നിന്ന് യുണൈറ്റഡ് സ്പരിറ്റ്‌സിനെയും ഐപിഎല്‍ ടീമായ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിനെയും ബ്രിട്ടീഷ് കമ്പനി ഡിയാജിയോ ഏറ്റെടുക്കുന്നത്. പ്രീമിയം ബ്രാന്‍ഡുകളിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ഹെയ്‌വാര്‍ഡ്‌സ്, ഓള്‍ഡ് ടവെന്‍, ഗ്രീന്‍ ലേബല്‍, വൈറ്റ്-മിസ്ചീഫ്, ഹണിബീ, റോമനോവ് ഉള്‍പ്പടെയുള്ള 32 ബ്രാന്‍ഡുകളാണ് കമ്പനി ഇന്‍ബ്രൂ ഹോള്‍ഡിംഗ്‌സിന് വില്‍ക്കുന്നത്.

820 കോടി രൂപയ്ക്കാണ് സിംഗപ്പൂര്‍ കമ്പനി ഇന്‍ബ്രൂ ഹോള്‍ഡിംഗ്‌സ് ഈ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നത്. കൂടാതെ ബാഗ്‌പൈപ്പര്‍, ബ്ലൂ റിബാന്‍ഡ് അടക്കം 12 ബ്രാന്‍ഡുകള്‍ 5 വര്‍ഷത്തേക്ക് ഉല്‍പ്പാദിപ്പിക്കാനുള്ള അവകാശവും ഇന്‍ബ്രൂ നേടി. അതേ സമയം മക്‌ഡൊവെല്‍സ്, ഡയറക്ടേഴ്‌സ് സ്‌പെഷ്യല്‍ എന്നീ ബ്രാന്‍ഡുകള്‍ യുണൈറ്റഡ് സ്പിരിറ്റ് നിലനിര്‍ത്തി.

2021-22 സാമ്പത്തിക വര്‍ഷത്തെ കണക്ക് അനുസരിച്ച് യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ആകെ വില്‍പ്പനയുടെ 72.5 ശതമാനവും ഉയര്‍ന്ന വിലയുള്ള prestige & above വിഭാഗത്തിലാണ്. 23.6 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗം മദ്യ വില്‍പ്പനയില്‍ ഉണ്ടായത്. അതേ സമയം കമ്പനി പറയുന്നത് പ്രീമിയം സെഗ്മെന്റില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായ വളര്‍ച്ച പ്രസ്റ്റീജ് വിഭാഗത്തെക്കാള്‍ മുകളിലാണെന്നാണ്. ജോണി വാക്കര്‍, ബ്ലാക്ക് & വൈറ്റ്, ബ്ലാക്ക് ഡോഗ് ഉള്‍പ്പടെയുള്ള പ്രീമിയം ബ്രാന്‍ഡുകളുടെ വില്‍പ്പന രണ്ടക്ക വളര്‍ച്ചയാണ് നേടിയത്.

2021-22ല്‍ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ആകെ വില്‍പ്പനയുടെ 26.2 ശതമാനം ആയിരുന്നു ഇന്‍ബ്രൂവിന് വിറ്റ ബ്രാന്‍ഡുകളുടെ വിഹിതം. ഇക്കാലയളവില്‍ 31,061 കോടി രൂപയുടെ വരുമാനം നേടിയ കമ്പനിയുടെ അറ്റാദായം 828 കോടി ആയിരുന്നു. ഇന്ന് 6.02 ശതമാനം ഉയര്‍ന്ന് 824.60 രൂപയിലാണ് യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News